ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (NRLM)
ഭാരത സര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ദീന്‍ദയാല്‍ അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM) എന്നീ പദ്ധതികള്‍ സംയുക്തമായി പങ്കിടുന്ന ഒരു ലക്ഷ്യമാണ് ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുക എന്നത്. രാജ്യത്തെ പ്രധാന മിഷനുകളായി വന്ന മുന്‍ ആന്ധ്രാ പ്രദേശില്‍ നടന്ന SERP യുടെ സ്വയം സഹായ സംഘങ്ങളുടെ സംയോജന പരിപാടികളുടെയും കേരളത്തിലെ കുടുംബശ്രീയുടെയും അനുഭവപാഠങ്ങളില്‍ നിന്നാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ ഘടനയുടെ ഭൂരിഭാഗവും ഉരുത്തിരിഞ്ഞത്. എന്‍ആര്‍എല്‍എം നിലവില്‍ വന്നപ്പോള്‍, 2012-13 ല്‍ കേരള സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യമായി കുടുംബശ്രീയെ നിയമിച്ചു. സംസ്ഥാനം ഇതിനകം തന്നെ സ്വയം സഹായ സംഘങ്ങളുടെ സമ്പൂര്‍ണ വ്യാപനം സാധ്യമാക്കുകയും അവയുടെ ഏകീകരണം കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികള്‍ (CDS) എന്ന പേരില്‍ ഒരു ത്രിതല സാമൂഹ്യ ശൃംഖലാ സംവിധാനത്തിലൂടെ സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഈ മഹത്തായ പരിപാടിയുടെ ഭാരവാഹികള്‍ എന്ന നിലയില്‍, കുടുംബശ്രീ മിഷന് അതിന്റെ പ്രവര്‍ത്തനങ്ങളായ സാമൂഹ്യ ഉള്‍പ്പെടുത്തലുകള്‍, ജീവനോപാധി സംരംഭങ്ങള്‍ വികസിപ്പിക്കുക എന്നിവ വഴിയായി നേടിയെടുത്ത അനുഭവവസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിലൂടെ സുസ്ഥിര ജീവനോ പാധികള്ക്കുള്ള സാധ്യതകളുടെ വികസനം, പ്രത്യേകിച്ച് സ്ത്രീകള്‍ക്കായി, പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നു. സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) ശാക്തീകരണം, ഉപജീവന പ്രവര്‍ത്തനങ്ങള്‍, ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്കും മറ്റ് അര്‍ഹമായ സ്ഥാനങ്ങളിലേക്കുമുള്ള പ്രാപ്യത, കാര്യശേഷി വികസനം, എന്നിവക്കൊപ്പം സ്ത്രീ ശാക്തീകരണ പരിപാടികള്‍ക്ക് പ്രത്യേക ഊന്നല്‍, എന്നിവയാണ് പ്രധാന പ്രവര്ത്തനങ്ങളായിട്ടുള്ളത്. കേരളത്തില്‍ ഈ പരിപാടിയുടെ സവിശേഷതയായി എടുത്തു പറയേണ്ടത്, പ്രാദേശിക സര്‍ക്കാരുകളുമായും അവയുടെ വികസന-ക്ഷേമ സംവിധാനങ്ങളുമായും ഇടപഴകുന്നതിന്റെ വ്യാപ്തിയാണ്. കേരളത്തിലെ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, സുസ്ഥിര ക്ഷേമത്തിനും സമൂഹാധിഷ്ഠിത വികസനത്തിനും സ്വാധീനം ചെലുത്തുന്നതിനായി മറ്റ് സര്‍ക്കാര്‍ പരിപാടികളുമായുള്ള സംയോജന സാധ്യതകള്‍ക്ക് പരമാവധി പ്രോത്സാഹനം നല്കുന്നു.
സൂക്ഷ്മ സംരംഭകത്വ വികസനം, പഞ്ചായത്തുകളും പൊതു സമൂഹവുമായുള്ള സംയോജനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഒരു നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷ നായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്, സ്വയം സഹായ സംഘങ്ങളെയും അവരുടെ ഫെഡറേഷനുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഓരോ സംസ്ഥാനത്തിനും അവക്കനുയോജ്യമായ പ്രവര്‍ത്തന തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്.