ജല്‍ ജീവന്‍ മിഷന്‍
2024-ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വ്യക്തിഗത ഫംഗ്ഷണല്‍ ഹൗസ്ഹോള്‍ഡ് ടാപ്പ് കണക്ഷനുകളിലൂടെ (FHTC) സുരക്ഷിതവും മതിയായതുമായ കുടിവെള്ളം നല്‍കാനാണ് ജല്‍ ജീവന്‍ മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തില്‍ ജല്‍ ജീവന്‍ മിഷന്‍റെ വിജയകരമായ നടത്തിപ്പില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) നിര്‍ണായക പങ്ക് വഹിക്കുന്നു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതിക്ക് ഭാഗികമായി ധനസഹായം നല്‍കുന്നുവെന്ന് മാത്രമല്ല സ്ഥാനനിര്‍ണയത്തിനും അവര്‍ മുന്‍കൈയെടുക്കുന്നു. പദ്ധതികള്‍ ആരംഭിക്കുന്നതിനു അവരുടെ അനുമതി ആവശ്യമാണ്. പദ്ധതിക്ക് ഭൂമി ആവശ്യമാണെങ്കില്‍, തദ്ദേശ സ്ഥാപനമാണ് ഭൂമി ലഭ്യമാക്കുന്നത്. പാതകള്‍ മുറിക്കേണ്ടതുണ്ടെങ്കില്‍, ആയതിന്‍റെ മേല്‍നോട്ടം തദ്ദേശ സ്ഥാപനം വഹിക്കേണ്ടതാണ്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അതിന്‍റെ പ്രവര്‍ത്തനവും പരിപാലനവും (O&M) തദ്ദേശ സ്ഥാപനത്തിന്‍റെ ചുമതലയാണ്. സുരക്ഷിതമായ കുടിവെള്ളത്തിന്‍റെ പ്രാധാന്യം, ശുചിത്വ ശീലങ്ങള്‍, സാമൂഹ്യ പങ്കാളിത്തത്തിന്‍റെ അനിവാര്യത തുടങ്ങിയവയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതും തദ്ദേശ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലുകളുടെ ഭാഗമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളില്‍ ജലവിതരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുള്ള ചുമതല അതത് സ്ഥാപനങ്ങള്‍ക്കുള്ളതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ദൈനംദിന അറ്റകുറ്റപ്പണികള്‍ നടത്തുക, സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുക, ബന്ധപ്പെട്ട അധികാരികളുമായുള്ള കൃത്യമായ ഏകോപന പ്രവര്‍ത്തനങ്ങളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സര്‍ക്കാരിനെയും പ്രാദേശീക ജനസമൂഹത്തെയും ബന്ധിപ്പിക്കുന്ന പാലം എന്ന നിലയില്‍, ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍, പരിഹാരങ്ങള്‍ സമൂഹത്തിന്റെ പ്രത്യേക ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട്, ക്രിയാത്മകമായ സാമൂഹ്യ പങ്കാളിത്തം സുഗമമാക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളാണ്.