ശിശു സൗഹൃദ
ബാലസൗഹൃദ തദ്ദേശ സ്വയംഭരണം
എസ് ഡി ജി പ്രമേയങ്ങളില്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നേടിയെടുക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണ് ബാലസൗഹൃദ തദ്ദേശ ഭരണം. ബാലസൗഹൃദം എന്നത് ഒരു ആശയം മാത്രമല്ല; കുട്ടികളുടെ ക്ഷേമം, അവരുടെ വികസനം, സംരക്ഷണം തുടങ്ങിയവക്ക് മുന്‍ഗണന നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചുറ്റുപാടുകള്‍, നയങ്ങള്‍, സംവിധാനങ്ങള്‍, പ്രവര്‍ത്തന സമ്പ്രദായങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രതിബദ്ധത കൂടിയാണ്. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, പൊതു ഇടങ്ങള്‍, സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, വ്യക്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിലും പ്രവര്‍ത്തനങ്ങളിലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കുട്ടികളുടെ അവകാശങ്ങള്‍ എപ്പോഴും പരിഗണിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു സമഗ്ര സമീപനമാണിതിനുള്ളത്. എല്ലാ ആലോചനകളുടെയും പ്രവര്‍ത്തനങ്ങളുടെയും മുന്‍നിരയില്‍ത്തന്നെ കുട്ടികളുടെ അവകാശങ്ങള്‍ കണക്കിലെടുക്കുന്നതിനാല്‍, ബാലസൗഹൃദം കൈവരിക്കുന്നത് വഴിയായി നമ്മുടെ മാനസികാവസ്ഥയിലും പെരുമാറ്റത്തിലും അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകുന്നതാണ്. ബാലസൗഹൃദം യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍, നാല് പ്രധാന തത്വങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഒന്നാമതായി, വിവേചനം ഒഴിവാക്കുന്നത് സംബന്ധിച്ചാണ്. ഓരോ കുട്ടിയും, അവരുടെ പശ്ചാത്തലമോ സാഹചര്യങ്ങളോ സ്വഭാവങ്ങളോ പരിഗണിക്കാതെ, അന്തസ്സോടും ബഹുമാനത്തോടും കൂടി പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. രണ്ടാമതായി, കുട്ടികളുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ്. മറ്റുള്ള എന്തിലുമുപരിയായി കുട്ടികളുടെ സമഗ്ര ക്ഷേമം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയങ്ങള്‍ തീരുമാനിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. മൂന്നാമതായി, കുട്ടികളുടെ അതിജീവനവും വികസനവും ഉറപ്പാക്കുന്നത് സംബന്ധിച്ചാണ്. കുട്ടികള്‍ക്ക് അവരുടെ പുരോഗതി ഉറപ്പാക്കുന്നതിനും, കഴിവിന്‍റെ മുഴുവന്‍ സാധ്യതകളിലേക്കും എത്തിച്ചേരുന്നതിനും ആവശ്യമായ പിന്തുണയും വിഭവങ്ങളും അവസരങ്ങളും നല്‍കുക. അവസാനമായി, കുട്ടികളുടെ വീക്ഷണങ്ങളെ മാനിക്കുക എന്നതാണ്. കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളില്‍ സജീവമായി ശ്രദ്ധിക്കുന്നതും അവരെ ഉള്‍പ്പെടുത്തുന്നതും അവരുടെ കാഴ്ചപ്പാടുകളെ വിലമതിക്കുന്നതും അവരുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളില്‍ പങ്കെടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നതും ഉള്‍പ്പെടുന്നു. ഈ തത്ത്വങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും, കുട്ടികള്‍ക്ക് സുരക്ഷിതത്വമുള്ളതും മൂല്യവത്തായതും അഭിവൃദ്ധി പ്രാപിക്കുന്നതിന് സഹായകവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയും.
കോട്ടയം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന രാമപുരം ഗ്രാമപഞ്ചായത്ത്, കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും മുന്‍ഗണന നല്‍കുന്ന സാഹചര്യങ്ങളെ പരിപോഷിപ്പിക്കുന്ന, ബാലസൗഹൃദ സംരംഭങ്ങളില്‍ സജീവമായ പ്രതിബദ്ധത കാണിക്കുന്നുണ്ട്. അത്തരത്തില്‍ നടപ്പിലാക്കിയ ഒരു സംരംഭമാണ് സ്മാര്‍ട്ട് അങ്കണവാടി, അത് ബാല്യകാല പരിചരണവും വിദ്യാഭ്യാസവും മാത്രമല്ല, അമ്മമാര്‍ക്ക്, അവരുടെ ശാരീരിക സൗഖ്യമുറപ്പാക്കുന്നതിനായി മിനി ജിം പോലുള്ള ആധുനിക സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
കൂടാതെ, ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലറ്റുകള്‍ നല്‍കുന്നതിനും നടപ്പിലാക്കുന്നതിനും ഉള്‍പ്പെടെ സ്കൂള്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പഞ്ചായത്ത് നിക്ഷേപം നടത്തി. കൂടാതെ, സ്കൂള്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും, പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ ശൗചാലയങ്ങള്‍, വിദ്യാര്‍ത്ഥികളുടെ പോഷകാഹാരവും ഹാജര്‍നിലയും മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഉച്ചഭക്ഷണ പദ്ധതി എന്നിവ ഉള്‍പ്പെടെയുള്ള സ്കൂള്‍ സൗകര്യ വികസനത്തിനും പഞ്ചായത്ത് മുന്‍കൈയെടുത്തു. കൂടാതെ, കുട്ടികളെ ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാമപുരം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്തിട്ടുണ്ട്, സദാ ജാഗരൂകരായ ജാഗ്രതാ സമിതി രൂപീകരിച്ചത് ഇതിന് ഉദാഹരണമാണ്. ലഹരിവിമുക്ത പരിതസ്ഥിതി സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള 'വിമുക്തി' പരിപാടി നടപ്പിലാക്കിയത് വഴി, കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സമൂഹം ഉറപ്പുവരുത്തുന്നതിനുമായുള്ള പഞ്ചായത്തിന്‍റെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നു.
ഇതിനു പുറമെ വിനോദത്തിനും വിദ്യാഭ്യാസത്തിനുമായി പഞ്ചായത്ത് നടത്തിയിരിക്കുന്ന ഇടപെടലുകളില്‍ ഒന്നാണ് കിഴക്കിരി സ്കൂള്‍ വളപ്പില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍. ഇവിടെ ജൈവവൈവിധ്യ (biodiversity) പാര്‍ക്ക്, തൂക്കുപാലം, ഗുഹ, ചിത്രശലഭ പാര്‍ക്ക്, അക്വേറിയം തുടങ്ങിയ വിനോദ-വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ പഠനത്തിലും പര്യവേഷണത്തിലും കുട്ടികളെ ആകര്‍ഷിക്കുന്നതും വ്യാപൃതരാക്കുകയും ചെയ്യുന്ന വിധമുള്ള ഇടങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിനുള്ള പഞ്ചായത്തിന്‍റെ സന്നദ്ധതയാണ് പ്രതിഫലിക്കുന്നത്. കൂടാതെ, കുട്ടികളെ ശ്രവിക്കേണ്ടതിന്‍റെയും അവരുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതിന്‍റെയും പ്രാധാന്യം തിരിച്ചറിഞ്ഞ്, അവരുടെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹരിക്കുന്നതിനുമായി, പഞ്ചായത്ത് പ്രത്യേകമായി ഒരു കുട്ടികളുടെ വിഭാഗം (Children’s Division) സ്ഥാപിച്ചു. ഈ സംരംഭം കുട്ടികള്‍ക്ക് അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദി പ്രദാനം ചെയ്യുക മാത്രമല്ല, പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തലമുറയുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രതികരിക്കാനുമുള്ള പഞ്ചായത്തിന്‍റെ പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്യുന്നു. മൊത്തത്തില്‍, രാമപുരം ഗ്രാമ പഞ്ചായത്തിന്‍റെ ബാലസൗഹൃദ ഭരണത്തിന്‍റെ ബഹുമുഖ സമീപനം, അവശ്യ സേവനങ്ങള്‍ നല്‍കല്‍ മുതല്‍ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുക, വിദ്യാഭ്യാസ, വിനോദ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങി, കുട്ടികള്‍ക്ക് അവരുടെ ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുന്നതിനും വിജയിക്കുന്നതിനും കഴിയുന്ന ചുറ്റുപാടുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പഞ്ചായത്തിന്‍റെ സമര്‍പ്പണത്തെ അടിവരയിടുന്നു.
സമൂഹത്തിലെ കുട്ടികളുടെ ക്ഷേമത്തിനും വികസനത്തിനും മുന്‍ഗണന നല്‍കുന്നതിനുള്ള പഞ്ചായത്തിന്‍റെ സജീവമായ ശ്രമങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ബാലസൗഹൃദ സംരംഭങ്ങളുടെ സമ്പന്നമായ ഒരു നിര തന്നെ കോഡൂര്‍ ഗ്രാമപഞ്ചായത്തിന് സ്വന്തമായുണ്ട്. ഇവരുടെ മികച്ച സംരംഭങ്ങളില്‍ ഒന്നായ 'പോഷന്‍മ 2022', ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും അവശ്യ വൈദ്യ പരിശോധന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയിലൂടെ, അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തിനു പഞ്ചായത്തിനുള്ള പ്രതിബദ്ധതക്ക് അടിവരയിടുന്നു.
മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലൂടെയും ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ തന്നെ പരിപോഷണം ഉറപ്പാക്കുന്ന ഒരു അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെയും, അമ്മമാരും കുട്ടികളും തമ്മിലുള്ള നിര്‍ണായക ബന്ധം ശക്തിപ്പെടുത്താനും ആരോഗ്യകരമായ ശിശു വികസനത്തിന് അടിത്തറയിടാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. കൂടാതെ, 'തേന്‍ നെല്ലിക്ക' പോലെയുള്ള സംരംഭങ്ങളിലൂടെ, ഭാരക്കുറവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ പരിഗണന നല്‍കുകയും, അവരുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ശരിയായ പോഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് വഴിയായി കുട്ടികളുടെ പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ സമീപനം ബോധ്യമാക്കുന്നു. ആരോഗ്യ കേന്ദ്രീകൃതമായ ഇടപെടലുകള്‍ക്കൊപ്പം, നേത്രപരിശോധന ക്യാമ്പുകളും സ്വഭാവ വികസനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകളും പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കുട്ടിക്കാലത്തെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും പഞ്ചായത്ത് ഊന്നല്‍ നല്‍കുന്നു. ഈ ശ്രമങ്ങള്‍ ശാരീരിക ക്ഷേമം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ മൊബൈല്‍ ഫോണുകള്‍ പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സ്വാധീനത്തെ അഭിസംബോധന ചെയ്ത് അവരുടെ സമഗ്രമായ വികസനത്തിനും സംഭാവന ചെയ്യുന്നു. കൂടാതെ, കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിക്കുന്നത് വഴിയായി, കുട്ടികള്‍ക്ക് പ്രാദേശിക ഭരണത്തില്‍ സജീവമായി പങ്കെടുക്കുന്നതിനുള്ള ഒരു വേദി ഒരുക്കുകയും, അവരുടെ ആശങ്കകള്‍ പ്രകടിപ്പിക്കാനും തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള പ്രക്രിയകളില്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും അവരെ പ്രാപ്തരാക്കുന്നു. 'ഇത്തിരി നേരം ഒത്തിരി കാര്യം', 'ഞാറും ഞാനും' തുടങ്ങിയ സാമൂഹ്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെ, പരമ്പരകള്‍ക്കിടയിലുള്ള പഠനം പ്രോത്സാഹിപ്പിക്കുകയും കാര്‍ഷീക വിജ്ഞാനം പകര്‍ന്നു നല്‍കുകയും, ഈ നാടിന്‍റെ സാംസ്കാരിക പൈതൃകത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള കുട്ടികളുടെ അവബോധം സമ്പന്നമാക്കുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്ത്, സംഘടിപ്പിച്ചു വരുന്നു. മൊത്തത്തില്‍, കോഡൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ബഹുമുഖ സമീപനം, കുട്ടികള്‍ക്ക് അവരുടെ ജീവിതത്തില്‍ അഭിവൃദ്ധിപ്പെടുന്നതിനും വിജയിക്കുന്നതിനും കഴിയുന്ന ചുറ്റുപാടുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പഞ്ചായത്തിന്‍റെ സമര്‍പ്പണത്തെ അടിവരയിടുന്നു.
കുട്ടികള്‍ക്കിടയില്‍ സമഗ്ര വികസനം, പോഷകാഹാരം, പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് വഴിയായി, ബാല സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കുള്ള ശക്തമായ പ്രതിബദ്ധതയാണ് കോലഴി ഗ്രാമ പഞ്ചായത്ത് പ്രകടിപ്പിക്കുന്നത്. ന്യൂട്രിഗാര്‍ഡന്‍, പോഷന്‍ മാ എന്നിവയുള്‍പ്പെടെയുള്ള പോഷകാഹാരം, ജൈവ വേലി സംരംഭങ്ങള്‍, പ്രാദേശിക രുചികള്‍, ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍, പോഷകാഹാര വൈവിധ്യം എന്നിവയുടെ പ്രോത്സാഹനത്തിന് മുന്‍ഗണന നല്‍കുന്നതോടൊപ്പം കുട്ടികള്‍ക്ക് പോഷകഗുണ സമ്പന്നമായ ഭക്ഷണത്തിന്‍റെയും വീട്ടുവൈദ്യത്തിന്‍റെയും ലഭ്യതയും ഉറപ്പാക്കുന്നു. കൂടാതെ, പ്രകൃതിയുമായി ബന്ധപ്പെട്ട നാടോടിക്കഥകള്‍, പ്രാദേശിക ചരിത്രം, നാടന്‍ കലകളും പാട്ടുകളും തുടങ്ങിയവയിലുള്ള പ്രത്യേക പരിശീലനങ്ങള്‍ കുട്ടികളുടെ സാംസ്കാരിക പൈതൃകത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ധാരണയെ സമ്പുഷ്ടമാക്കുന്നതോടൊപ്പം, അവരുടെ അഭിമാനബോധവും, മുന്‍തലമുറകളുമായുള്ള / വേരുകളുമായുള്ള ബന്ധവും വളര്‍ത്തുന്നു. ഒരു നാടന്‍ കലാസംഘം രൂപീകരിച്ചത് വഴിയായി കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും സാംസ്കാരിക വ്യക്തിത്വം ആഘോഷിക്കുന്നതിനുമുള്ള വേദി ഒരുക്കുന്നു. കൂടാതെ, പ്രഭാതഭക്ഷണ വിതരണം, സ്കോളര്‍ഷിപ്പ് പദ്ധതികള്‍, ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള സ്പോണ്‍സര്‍ഷിപ്പ് തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ വിദ്യാഭ്യാസത്തിലേക്കുള്ള വഴി തുറക്കുന്നതോടൊപ്പം ആവശ്യമുള്ളവര്‍ക്ക് പിന്തുണയും ഉറപ്പാക്കുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ ഒരുക്കിയ കുട്ടികളുടെ മൂല, വായനോത്സവങ്ങള്‍, മത്സരങ്ങള്‍, പ്രതിഭാ സംഗമങ്ങള്‍ തുടങ്ങിയ സംരംഭങ്ങളിലൂടെ സാക്ഷരതയും വായനാശീലവും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രകടമാണ്.
കൂടാതെ, മറ്റ് ലൈബ്രറി ടീമുകളുമായുള്ള സഹകരണവും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതുമെല്ലാം വായനയിലും പഠനത്തിലും മുഴുകാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു. നൈപുണ്യ വികസനം, വരുമാനദായക സംരംഭങ്ങള്‍, തുടങ്ങിയവയില്‍ കേന്ദ്രീകരിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയും, പി ടി എ , അമ്മമാരുടെ പി ടി എ , എഎല്‍എം എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിലൂടെ മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെയും സ്കൂളുകളിലേക്കും അങ്കണവാടികളിലേക്കും കൂടി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദഗ്ധ അഭിപ്രായങ്ങളും പിന്തുണയും നല്‍കുന്ന ഗൈഡന്‍സ് സെന്‍ററുകള്‍ സമഗ്ര വികസനവും ക്ഷേമവും സുഗമമാക്കുന്നു. കളികള്‍, കലകള്‍, പ്രഭാഷണ പാടവം, ചിത്രരചന തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും, അതുവഴിയായി അവരില്‍ കുട്ടികളില്‍ സര്‍ഗ്ഗാത്മകതയും ആത്മാവിഷ്കാരവും വളര്‍ത്തുന്നതിനും വഴിയൊരുങ്ങുന്നു. കൂടാതെ, പ്രചരണപരിപാടികള്‍, തെരുവ് നാടകങ്ങള്‍, മാരത്തോണുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ, മദ്യം മയക്കുമരുന്ന് എന്നിവയോടുള്ള ആസക്തി പോലുള്ള സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍, കുട്ടികള്‍ക്ക് വളരാന്‍ ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനുള്ള പഞ്ചായത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
സമൂഹത്തിലെ കുട്ടികളുടെ ക്ഷേമം, അവകാശങ്ങള്‍, സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് ശിശുസൗഹൃദ സംരംഭങ്ങളില്‍ അവരുടെ ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നു. അംഗന്‍വാടികള്‍ക്കായി പ്രത്യേക കെട്ടിടങ്ങള്‍ ഒരുക്കുന്നത് കുട്ടിക്കാലത്തെ പരിചരണത്തിനും വിദ്യാഭ്യാസത്തിനും സുരക്ഷിതവും അനുകൂലവുമായ അന്തരീക്ഷം ഉറപ്പാക്കുന്നു.
മാത്രമല്ല, കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള പരിശീലനം, വിദ്യാര്‍ത്ഥികളെ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവും അവബോധവും നല്‍കി ശാക്തീകരിക്കുന്നു. അതേസമയം ശിശു സംരക്ഷണ സമിതിയുടെ രൂപീകരണവും പ്രവര്‍ത്തനവും പീഡനം, ചൂഷണം എന്നിവയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പഞ്ചായത്തിന്‍റെ പ്രതിബദ്ധതക്ക് അടിവരയിടുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ 100% യുഡിഐഡി (ഡഉകഉ) രജിസ്ട്രേഷന്‍, വൈകല്യങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള സംവിധാനങ്ങളും, കൗണ്‍സിലിംഗ് സേവനവും, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവരുടെ വികസനത്തിനും ക്ഷേമത്തിനും ആവശ്യമായ പിന്തുണയും വിഭവങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഭിന്നശേഷിക്കാരായവരെ കൂടി പൊതു സമൂഹത്തിലേക്ക് ഉള്‍ക്കൊള്ളുന്നതിനുള്ള പഞ്ചായത്തിന്‍റെ ശ്രമങ്ങള്‍ പ്രകടമാണ്. പ്രത്യേക ഗ്രാമസഭകളും ബാലസഭകളും സംഘടിപ്പിക്കുന്നതിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ആശങ്കകള്‍ അറിയിക്കാനും തീരുമാനങ്ങളെടുക്കല്‍ പ്രക്രിയകളില്‍ പങ്കെടുക്കാനും വേദിയൊരുക്കുന്നു.
കൂടാതെ, സൈക്ലിംഗ്, നീന്തല്‍, നൃത്താഭ്യാസനം, കലാ കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ശാരീരികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്ന അത്യാവശ്യമായ ജീവിത നിപുണതകള്‍ നേടുന്നതിന് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള ആരോഗ്യ, നൈപുണ്യ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. അടിയന്തര പ്രതികരണം, പ്രഥമശുശ്രൂഷ എന്നിവയിലുള്ള പരിശീലന സെഷനുകള്‍ പ്രതിസന്ധി സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള അറിവും വൈദഗ്ധ്യവും നല്‍കി കുട്ടികളെ സജ്ജരാക്കുന്നു. ലിംഗവിശകലനം, ലിംഗ ബജറ്റ് തയ്യാറാക്കല്‍, കേരള വനിതാ കമ്മീഷന്‍ പോലുള്ള സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലിംഗസമത്വത്തോട് പഞ്ചായത്തിന്‍റെ പ്രതിബദ്ധത വ്യക്തമാകുന്നതാണ്. ഹെല്‍ത്തി ആന്‍ഡ് ഹാപ്പിയസ്റ്റ് സ്കൂള്‍ പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് വഴിയായി, കുട്ടികളില്‍ ചെറുപ്പം മുതലേ ലിംഗസമത്വത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചുമുള്ള അവബോധം വളര്‍ത്താന്‍ ലക്ഷ്യമിടുന്നു. ഇതിനു പുറമെ, ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും ബോധവല്‍ക്കരണ പരിപാടികളിലൂടെയും സമൂഹവുമായുള്ള പഞ്ചായത്തിന്റെ ഇടപഴകല്‍ ലിംഗസമത്വവും ബാല സൗഹൃദ ഭരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്രമായ സമീപനം പ്രകടമാക്കുന്നു. മൊത്തത്തില്‍, മാടക്കത്തറ ഗ്രാമ പഞ്ചായത്തിന്‍റെ ബഹുമുഖ സമീപനം, കുട്ടികള്‍ക്ക് വളരാനും അവരുടെ പൂര്‍ണ്ണ ശേഷി കൈവരിക്കാനും സഹായിക്കും വിധത്തിലുള്ള സുരക്ഷിതവും, ഉള്‍ച്ചേരുന്നതും, ശാക്തീകരിക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള സമര്‍പ്പണത്തെ അടിവരയിടുന്നു.
കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്തായ വളപട്ടണം, ബാലസൗഹൃദ സമൂഹമായി മാറുന്നതിലേക്ക് കാര്യമായ മുന്നേറ്റം നടത്തി. 2,412 കുട്ടികളടക്കം 8,230 ജനസംഖ്യയുള്ള പഞ്ചായത്ത്, കുട്ടികളുടെ ആവശ്യങ്ങളും ക്ഷേമവും നിറവേറ്റുന്നതിനായി വിവിധ സംരംഭങ്ങളും പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രം, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഐസിഡിഎസ് പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ വായനശാല, ക്രിയേറ്റീവ് ഹോം, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയ സംരംഭങ്ങള്‍ നടപ്പിലാക്കിയതിലൂടെ, ബാലസൗഹൃദ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ പഞ്ചായത്തിനുള്ള താല്പര്യം വ്യക്തമാണ്. ഈ സൗകര്യങ്ങള്‍, പ്രദേശവാസികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, വിനോദം, സാംസ്കാരിക സമൃദ്ധി എന്നിവയ്ക്കുള്ള വഴികള്‍ തുറന്നു നല്‍കുന്നു. ഒരു പങ്കാളിത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ വായനശാല, 400 ഓളം കുട്ടികളുമായി നേരിട്ട് ഇടപഴകുന്നതോടൊപ്പം അവര്‍ക്ക് വായനയിലും പഠനത്തിലുമുള്ള ഇഷ്ടം വളര്‍ത്തുന്നു. കൂടാതെ, ലിറ്റില്‍ ലൈബ്രേറിയന്‍സ്, ചില്‍ഡ്രന്‍സ് ഫോറം തുടങ്ങിയ നൂതന പദ്ധതികള്‍, നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും സാമൂഹ്യ വികസനത്തില്‍ സജീവമായി പങ്കെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു. മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍, കുട്ടികളുമായും പൊതുസമൂഹവുമായും ഇടപഴകുന്നത് തുടരുന്നതിന് വളപട്ടണം ഗ്രാമപഞ്ചായത്ത്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി.
ഓണ്‍ലൈന്‍, ഓഫ്ലൈന്‍ പരിപാടികള്‍, ഇടപെടലുകള്‍, ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ബോധവല്‍ക്കരണ സംരംഭങ്ങള്‍ എന്നിവ വഴിയായി പരിമിതികള്‍ക്കിടയിലും കുട്ടികള്‍ പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും, കാര്യവിവരങ്ങളറിയുന്നുണ്ടെന്നും, ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും ഉറപ്പാക്കി. പിവികെ കടമ്പേരി പുരസ്കാരം, ജിവി ബുക്സ് അവാര്‍ഡ്, ഐഎഫ്എല്‍എയുടെ വേള്‍ഡ് റിപ്പോര്‍ട്ടിലും ഗ്രന്ഥശാലകളുടെ ലോക ഭൂപടത്തിലും ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ബഹുമതികളോടെ പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍, ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നൂതനവും ഉള്‍ക്കൊള്ളുന്നതുമായ സമീപനങ്ങളിലൂടെ, പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മുന്‍ഗണന നല്‍കാനുള്ള വളപട്ടണത്തിന്‍റെ പ്രതിബദ്ധതക്ക് അടിവരയിടുന്നതാണ് ഈ നേട്ടങ്ങള്‍.