വയോജന സൗഹൃദ തദ്ദേശ സ്വയംഭരണം
കേരളത്തിലെ ജനസംഖ്യയുടെ 14% ത്തോളം വയോജനങ്ങളായതിനാല്‍ അവരുടെ ക്ഷേമത്തിനായി നിക്ഷേപം നടത്തുന്നത് ഒരു മുന്‍ഗണനാ വിഷയമായി മാറിയിരിക്കുന്നു. വയോജന സൗഹൃദ പ്രാദേശിക ഭരണം എന്നാല്‍ പ്രാദേശിക സര്‍ക്കാരുകളുടെ ഏകോപനത്തിനും നേതൃത്വത്തിനും കീഴില്‍ പ്രായമായവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുടെ (പൊതു-സ്വകാര്യ) സംയോജിത ശ്രമങ്ങളിലൂടെ നടപ്പിലാക്കുന്ന, വയോജനങ്ങളെ കേന്ദ്രീകരിച്ചുള്ള ആസൂത്രണവും ഭരണവുമാണ്. ക്ഷേമത്തില്‍ നിന്ന് അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ഇന്‍ക്ലൂസീവുമായ ക്രമീകരണത്തിലേക്കുള്ള ഒരു മാറ്റമാണ് വയോജന സൗഹൃദ പ്രാദേശിക ഭരണ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വയോജന സൗഹൃദ ആരോഗ്യ സേവനങ്ങള്‍, സാമൂഹിക സുരക്ഷാ ക്രമീകരണങ്ങള്‍, നിയമ സഹായങ്ങള്‍, വയോജനങ്ങള്‍ക്കുള്ള പങ്കാളിത്ത സജ്ജീകരണങ്ങള്‍, വയോജന കേന്ദ്രീകൃത ആസൂത്രണം, വയോജന കേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങള്‍, കുടുംബ ശാക്തീകരണ പരിപാടികള്‍, മൃദു നൈപുണ്യ, ജീവിത നൈപുണ്യ പ്രവര്‍ത്തനങ്ങള്‍, വരുമാനദായക, ഉപജീവന പരിപാടികള്‍, പാലിയേറ്റിവ് സംരക്ഷണം, വയോജന സൗഹൃദ തദ്ദേശ ഭരണത്തിനായുള്ള ഐ ഇ സി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് വയോജന സൗഹൃദ പദവി കൈവരിക്കുന്നതിന് കേരളത്തിലെ പ്രാദേശീക സര്‍ക്കാരുകള്‍ ഉറപ്പാക്കേണ്ട പ്രധാന ഘടകങ്ങള്‍.
മറ്റ് മേഖലാ വിഹിതങ്ങള്‍ക്ക് പുറമെ, വയോജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി അഞ്ച് ശതമാനം നിര്‍ബന്ധിത ഫണ്ട് ഉപയോഗപ്പെടുത്തുന്നതിന് പുറമെ, പകല്‍വീട് (ഡേ കെയര്‍ സെന്‍റര്‍, വയോജന വിഭവ കേന്ദ്രം), വയോജന ക്ലബ്ബുകള്‍, വയോജനങ്ങളുടെ മറ്റ് സ്വയം സഹായ സംഘങ്ങള്‍, വയോജനങ്ങള്‍ക്കായുള്ള പ്രത്യേക ഗ്രാമ സഭകള്‍, പാലിയേറ്റീവ് പരിചരണ ക്രമീകരണങ്ങള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ വയോജന സൗഹൃദ പദവി നേടിയെടുക്കുന്നതിന് നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കി. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, അംഗന്‍വാടികള്‍ വയോജനങ്ങളുടെ ഡേകെയര്‍ സെന്‍ററുകളുമായും പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ കൊല്ലം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്, ഒന്നിലധികം പഞ്ചായത്തുകളുടെയും ഗ്രാമങ്ങളുടെയും വികസനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു സുപ്രധാന പ്രാദേശിക ഭരണ സമിതിയായി പ്രവര്‍ത്തിക്കുന്നു. സുസ്ഥിര വളര്‍ച്ചയ്ക്കും ഉള്‍ച്ചേരുന്ന ഭരണസംവിധാനത്തിനുമായി വേണ്ടി പ്രതിജ്ഞാബദ്ധമായ ഈ പഞ്ചായത്ത്, പ്രദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി വിവിധ വികസന പദ്ധതികള്‍, സാമൂഹ്യക്ഷേമ സംരംഭങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവ ആരംഭിച്ചിട്ടുണ്ട്.
സാംസ്കാരിക പൈതൃകം ഉള്‍ക്കൊണ്ടുകൊണ്ടും സാമൂഹിക ഐക്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടും, എല്ലാ പൗരന്മാര്‍ക്കും സമാധാനപരവും വികസനമുള്ളതുമായ ഒരു ജീവിതാന്തരീക്ഷത്തിനു രൂപം നല്‍കുന്നതിനും പ്രതീക്ഷാനിര്‍ഭരമായ ഒരു ഭാവിക്കുള്ള അടിത്തറയിടുന്നതിനും ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പരിശ്രമിക്കുന്നു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്‍്റെ മുഖമുദ്രയായ നേട്ടങ്ങളിലൊന്നാണ് ബ്ലോക്കിനുള്ളിലെ വയോജനങ്ങള്‍ക്കായി 'ഇഞ്ചവിള' സര്‍ക്കാര്‍ വൃദ്ധസദനം എന്ന വയോജന കേന്ദ്രം സ്ഥാപിച്ചത്. പ്രാരംഭഘട്ടത്തില്‍ വാടകക്കെടുത്ത കെട്ടിടവുമായി, 1997-ല്‍ പ്രവര്‍ത്തനമാരംഭിച്ച്, 2007 ആയപ്പോഴേക്കും സ്ഥിരമായ ഒരു കെട്ടിടം സ്വന്തമാക്കിയ ഈ സ്ഥാപനത്തില്‍, നിലവില്‍ 84 അന്തേവാസികളാണുള്ളത്. സുസജ്ജമായ അടുക്കള, സുഖപ്രദമായ താമസസ്ഥലങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, വിനോദത്തിനുള്ള സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമായ څഇഞ്ചവിള' വൃദ്ധസദനം അതിലെ താമസക്കാരുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നു. മാതൃകാപരമായ സേവനത്തിന് സാമൂഹീക അംഗീകാരം ലഭിച്ച ഈ സ്ഥാപനത്തിന്, 2022-ല്‍ സാമൂഹ്യനീതി വകുപ്പിന്‍റെ, മികച്ച സേവനത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട് എന്ന വസ്തുത, വയോജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള പരിചരണവും പിന്തുണയും നല്‍കുന്നതിനുള്ള ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രതിജ്ഞാബദ്ധതക്ക് അടിവരയിടുന്നു.
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലാണ് മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആരോഗ്യ-പാലിയേറ്റീവ് ചികിത്സയും വയോജന സൗഹൃദ പ്രവര്‍ത്തനങ്ങളും എന്ന പ്രമേയത്തില്‍, പകല്‍വീടും വയോജന പാര്‍ക്കും ആദ്യമായി സ്ഥാപിച്ചതില്‍ മുള്ളൂര്‍ക്കര ഗ്രാമ പഞ്ചായത്തിന് അഭിമാനിക്കാവുന്നതാണ്. 2019-20 വര്‍ഷത്തേക്ക്, ജില്ലാ പഞ്ചായത്ത് വിഹിതമായി അഞ്ചു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചു കിട്ടുകയും 2021 -22 ല്‍ ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു
വാര്‍ദ്ധക്യത്തിലെ ഏകാന്തത, ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുക മാത്രമല്ല, പ്രായമായവരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു.
പ്രായമായവര്‍ക്ക് ഒത്തുകൂടാനും കൂട്ടുകൂടാനും പങ്കിടാനും ഒരു പ്രത്യേക ഇടം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുതിര്‍ന്നവര്‍ക്ക് രാവിലെ മുതല്‍ ഒത്തുകൂടാനും അവരുടെ ചിന്തകളും ആശങ്കകളും പങ്കുവെക്കാനും അവസരമൊരുക്കുന്ന വയോജന പാര്‍ക്ക്, ഒരു ചെറിയ ലൈബ്രറിയും മനോഹരമായ പാര്‍ക്കും ഉള്‍പ്പെടുന്നതാണ്. കൂടാതെ, അവരുടെ ഫിറ്റ്നസ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഒരു പ്രത്യേക വനിതാ ജിംനേഷ്യം ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. തലമുറകള്‍ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികള്‍ക്കുള്ള കളി ഉപകരണങ്ങളും പാര്‍ക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രായമായവരെ ഊര്‍ജ്ജസ്വലരാക്കുകയും, അവര്‍ക്ക് പങ്കിടാനും സംഭാവന ചെയ്യാനുമുള്ള നിരവധി വിഭവങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയും അതുവഴി ഏകാന്തതയുടെ ഉത്കണ്ഠ ലഘൂകരിക്കുകയും അവരെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലനിര്‍ത്തുകയും ചെയ്യുന്നുവെന്നതില്‍ നിന്നും ഈ പദ്ധതി വളരെ പ്രയോജനകരമായ ഒന്നാണെന്ന് തെളിയുന്നു.