ബഡ്സ് - ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള സംരക്ഷണ കേന്ദ്രം
ഭിന്നശേഷി സൗഹൃദ തദ്ദേശ ഭരണം
ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങള്‍ക്ക് വഴികാട്ടിയാവുന്നത് വികലാംഗരുടെ അവകാശങ്ങള്‍ നിയമവും (പിഡബ്ല്യുഡി നിയമവും) വികലാംഗര്‍ക്കായുള്ള കേരള സംസ്ഥാന നയവുമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ തുടങ്ങിയവ വഴിയായി നിരവധി സാമൂഹ്യ സുരക്ഷാ അവകാശങ്ങളാണ് കേരള സര്‍ക്കാര്‍ ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ സംഘടനകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യാധിഷ്ഠിത സംഘടനകളുമായി കൂടിയാലോചനകള്‍ നടത്തി, ഭിന്നശേഷിയുള്ളവരുടെ മുന്‍ഗണനകള്‍ അവരുടെ അവകാശാധിഷ്ഠിത പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അഭിസംബോധന ചെയ്യാന്‍ ഭിന്നശേഷി സൗഹൃദ പ്രാദേശിക ഭരണം ശ്രമിക്കുന്നു. ഇതിനായി പ്രത്യേക ഗ്രാമസഭകള്‍ നടത്തുന്നുണ്ട്. വികലാംഗ സ്കോളര്‍ഷിപ്പുകളും സ്റ്റൈപ്പന്‍ഡുകളും പെന്‍ഷനുകളും മറ്റ് പ്രത്യേക സഹായങ്ങളും ഉള്‍പ്പെടുന്ന പ്രതിരോധ, സംരക്ഷണ, പുനരധിവാസ സേവനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നു. ഭിന്നശേഷിക്കാര്‍ക്കായി, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അനുബന്ധ സഹായങ്ങളും വീട്ടുപകരണങ്ങളും നല്‍കുന്നു, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി ബഡ്സ് സ്പെഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു, കൂടാതെ അവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് പൊതു സ്ഥലങ്ങളില്‍ അവരെ കൂടി ഉള്‍ക്കൊള്ളുന്ന വിധമുള്ള അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നു. കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോധികര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളുടെ വികസനത്തിനായുള്ള, പ്ലാന്‍ ഫണ്ടിന്‍്റെ അഞ്ചു ശതമാനത്തില്‍ നിന്നാണ് വികലാംഗര്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നത്. .
നേട്ടങ്ങള്‍ - അവലോകനം
ഭിന്നശേഷി സൗഹൃദ പ്രാദേശിക ഭരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സാമൂഹ്യാധിഷ്ഠിത സംഘടനകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ബഡ്സ്, ബഡ്സ് പുനരധിവാസകേന്ദ്രം (ബിആര്‍സി) വൈകല്യങ്ങള്‍ നേരത്തേ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുക, ഉള്‍ച്ചേരുന്ന വിദ്യാഭ്യാസം, ഉപജീവന പ്രോത്സാഹനം, പ്രത്യേക സ്വയം സഹായ സംഘങ്ങള്‍ മുഖേനയുള്ള സാമൂഹിക ഉള്‍ച്ചേരല്‍, ശാക്തീകരണ പരിപാടികള്‍, ഭിന്നശേഷിക്കാരുടെ പ്രത്യേക ഗ്രാമസഭ, പൊതുജനങ്ങളുടെ സാമൂഹിക മുന്നേറ്റത്തിനും പെരുമാറ്റ മാറ്റത്തിനുമുള്ള ഐ.ഇ.സി., തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷി സൗഹൃദ പദവി നേടുന്നതിനായി നിരവധി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി.
സാമൂഹ്യ സംഘടനകള്‍ക്കുള്ളതുള്‍പ്പെടെയുള്ള പരിശീലനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കില നല്‍കുന്നു.
ബഡ്സ് (BUDS)- ബൗദ്ധീക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള പരിചരണ കേന്ദ്രം
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിന്നുള്ളതും ബൗദ്ധീകമായ വെല്ലുവിളികള്‍ നേരിടുന്നതുമായ കുട്ടികളെ പ്രത്യേകമായി പരിചരിക്കുന്ന, ചെലവുകളില്ലാത്ത (no-cost) വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ബഡ്സ് സ്കൂളുകള്‍. സംസ്ഥാനത്തുടനീളം ഇത്തരം 62 സ്കൂളുകളുള്ളതിനാല്‍, കുടുംബശ്രീ മിഷന്‍റേയും വിവിധ സാമൂഹ്യ സംഘടനകളുടെയും പിന്തുണയോടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചും തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇവയുടെ മേല്‍നോട്ടത്തിന്‍റേയും നടത്തിപ്പിന്‍റേയും ചുമതല വഹിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളിലുള്‍പ്പെടുത്തിയിട്ടുള്ള, സാമൂഹിക സുരക്ഷ (പ്രമേയം: 7), ജന്‍ഡര്‍ സൗഹൃദ സമൂഹങ്ങള്‍ (പ്രമേയം: 9), ഗുണമേന്മയുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കല്‍ (പ്രമേയം: 3), എന്നീ പ്രമേയങ്ങള്‍ വഴിയായി ബഡ്സ് സ്കൂളുകളുടെ ഭരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നു.
നടത്തറ ഗ്രാമ പഞ്ചായത്തിന്‍റെ സംരംഭമായ ബഡ്സ് പുനരധിവാസ കേന്ദ്രം, കുടുംബശ്രീ സി ഡി എസ് നു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അമ്മമാരുടെ അഭ്യര്‍ത്ഥനകളും ഗ്രാമസഭയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുമാണ് ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നതിന് പിന്നിലെ പ്രചോദനം. പ്രാഥമിക പഠനത്തില്‍, പഞ്ചായത്തിലെ 50-ലധികം കുട്ടികള്‍ക്ക് പ്രത്യേക ആവശ്യങ്ങളുള്ളവരാണെന്നും ഇവരുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഒന്നും തന്നെ പ്രദേശത്തില്ലെന്നും കണ്ടെത്തുകയുണ്ടായി. ഇതേ തുടര്‍ന്ന് പുനരധിവാസത്തിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തറ ഗ്രാമപഞ്ചായത്തില്‍ “സ്പര്‍ശം” എന്ന പേരില്‍ ബഡ്സ് കേന്ദ്രം ആരംഭിച്ചു. സമൂഹത്തിന്‍റെ ഇടപെടലുകളിലൂടെ ഇത്തരം കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനാണ് സ്ഥാപനം മുന്‍ഗണന നല്‍കുന്നത്. മാനസികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അവരുടെ മാനസികവും ബൗദ്ധികവുമായ വികാസത്തെ സഹായിക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ സജ്ജീകരിച്ചു നല്‍കുന്നു. എല്‍ഇഡി നക്ഷത്രനിര്‍മാണവും മെഴുകുതിരി നിര്‍മാണവുമാണ് കേന്ദ്രത്തില്‍ നല്‍കുന്ന പ്രധാന തൊഴില്‍ പരിശീലനങ്ങള്‍.
തികച്ചും ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന നിലയില്‍ അഭിമാനിക്കുന്ന അരീക്കോട് ഗ്രാമപഞ്ചായത്ത്, പഞ്ചായത്തിന്‍റെ അധികാരപരിധിയിലുള്ള ഭിന്നശേഷിക്കാരായ എല്ലാ വ്യക്തികള്‍ക്കും അതിന്‍റെ ഉത്തരവാദിത്വവും കരുതലും ഉറപ്പാക്കുന്നുണ്ട്. 2022-23 വര്‍ഷത്തെ പദ്ധതികളില്‍, വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള അവശ്യ ഉപകരണങ്ങള്‍ വാങ്ങുന്നതിനായിട്ടുള്ള ഗുണഭോക്തൃ പട്ടിക പഞ്ചായത്ത് തയ്യാറാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിന്‍റെ കീഴില്‍ 21 കുട്ടികളുമായി പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്കൂള്‍, പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്തിവരുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള തൊഴില്‍ സ്ഥാപനം തുടങ്ങിയവ, സമഗ്രതയ്ക്കും (ഇന്‍ക്ലൂസിവിറ്റി) ശാക്തീകരണത്തിനുമുള്ള പഞ്ചായത്തിന്‍റെ പ്രതിബദ്ധതയുടെ ഉജ്ജ്വല ഉദാഹരണങ്ങളായി നിലകൊള്ളുന്നു.