വികേന്ദ്രീകൃത ആസൂത്രണം
പഞ്ചവത്സരപദ്ധതികളേയും വാര്‍ഷിക പദ്ധതികളേയും ഉപയോഗിച്ച് ജനാഭിലാഷങ്ങളെ പദ്ധതികളും പരിപാടികളുമാക്കി മാറ്റിക്കൊണ്ട് പരിമിതമായ വിഭവങ്ങളെ ഉല്പാദനപരവും സാമൂഹ്യപുരോഗതിയ്ക്കുമായി മാറ്റിയെടുത്ത സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വേറിട്ട് നില്‍ക്കുന്നു. വികേന്ദ്രീകൃത ആസൂത്രണത്തിനായി ജനകീയ ആസൂത്രണ പ്രചരണ പരിപാടി 1996 ആഗസ്റ്റ് 17-ാം തീയതി ആരംഭിച്ചപ്പോള്‍ തന്നെ ആസൂത്രണാടിസ്ഥാനത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച ഉത്തേജനം ലഭിച്ചു. ഭരണഘടനയുടെ 73, 74 വകുപ്പുകളില്‍ വരുത്തിയ ഭേദഗതിയുടെ ഫലമായി ആദ്യബാച്ചില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണകൂടങ്ങളില്‍ അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജനകീയാസൂത്രണത്തിലൂടെ താഴെത്തട്ടില്‍ നിന്നാരംഭിക്കുന്ന പങ്കാളിത്തവികസനം എന്ന ആശയത്തിന് കേരളം രൂപംകൊടുത്തു. സമൂഹത്തെ സജീവപങ്കാളിയാക്കിക്കൊണ്ടുള്ള ഈ പ്രവര്‍ത്തനങ്ങള്‍ വികസനകാര്യങ്ങളില്‍ ജനങ്ങളുടെ മുന്‍ഗണനകള്‍ വിലയിരുത്തുകയും അത് പദ്ധതികളായി പരിവര്‍ത്തനം ചെയ്യുന്നുവെന്നതും ഉറപ്പുവരുത്തുന്നു.
ഈ പദ്ധതികള്‍ പ്രാദേശികമായി നടപ്പില്‍ വരുത്തുകയും അവ സൂക്ഷ്മമായ മേല്‍നോട്ടത്തിന് വിധേയമാക്കപ്പെടുകയും ചെയ്യുന്നു. നഗര തദ്ദേശസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഗ്രാമസഭ, വാര്‍ഡ് സഭ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സമൂഹത്തിലെ വിവിധ ഓഹരി ഉടമകള്‍ എന്നിവരെ അംഗങ്ങളാക്കി ആസൂത്രണകമ്മിറ്റികള്‍ ഓരോ മേഖലയ്ക്കും പ്രത്യേകമായി രൂപീകരിക്കപ്പെടുന്നതും അവ പ്രാദേശികാടിസ്ഥാനത്തില്‍ ഈ പ്രവര്‍ത്തനങ്ങളുടെ ആകമാനമുള്ള ഏകോപനവും മേല്‍നോട്ടവും നിര്‍വ്വഹിക്കുന്നുവെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. വികസന സെമിനാറുകളില്‍ സമൂഹത്തിലെ വിവിധ ഓഹരി പങ്കാളികളായ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഒരുമിച്ചിരുത്തി അവസാന തീരുമാനം ഗ്രാമസഭകളെ / വാര്‍ഡ് സഭകളെക്കൊണ്ട് എടുപ്പിച്ച് അവ തദ്ദേശസ്വയംഭരണം കൗണ്‍സിലുകളുടെ അംഗീകാരത്തിന് വിധേയമാക്കുന്നു. പ്ലാന്‍, പദ്ധതി എന്നിവ ഇലക്ട്രോണിക് രൂപത്തില്‍ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തിനയയ്ക്കുന്നു. വികേന്ദ്രീകൃത ആസൂത്രണത്തിന് പ്രത്യേകമായ വിതരണ സംവിധാനമായി പ്രവര്‍ത്തിക്കുകയും നിര്‍ദ്ദിഷ്ട പദ്ധതികളുടെ സാങ്കേതിക വിലയിരുത്തലിനും അംഗീകാരത്തിനും ആവശ്യമായ പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കുന്നതിനും ഇതുമൂലം സാധിക്കുന്നു.