വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മുന്നേറ്റം (The Big Bang)
കേരള പഞ്ചായത്ത് രാജ് നിയമവും, നഗരപാലികാ നിയമവും 1994-ല്‍ ആണ് നിലവില്‍ വന്നത്. ഗുണഭോക്തൃ കേന്ദ്രീകൃതമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൈമാറ്റം ചെയ്യുക എന്നതായിരുന്നു ഇതിന്‍റെ ആദ്യ ഉദ്ദേശലക്ഷ്യം. തുടര്‍ന്ന് 1996-ല്‍, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വരുമാന സ്രോതസ്സുകളും സാമ്പത്തികവും സ്ഥാപനപരവുമായ നിയന്ത്രണം എന്നിവയും കൈമാറ്റം ചെയ്യുകയുണ്ടായി. സംസ്ഥാന വികസന ഫണ്ടിന്‍റെ മൂന്നിലൊന്ന് ഭാഗത്തോളം തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍റായി നീക്കിവക്കുകയുണ്ടായി. പിന്നീട് വലിയ തോതില്‍ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും കൈമാറ്റം ചെയ്യുകയുണ്ടായി. പ്രാദേശികമായി പങ്കാളിത്ത വികസന പദ്ധതികള്‍ നടപ്പില്‍ വരുത്തി. അതിവിപുലമായ പ്രചരണപരിപാടികളിലൂടെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിലേക്കു ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് കീഴിലുള്ള ഡിജിറ്റല്‍ സംവിധാനം, ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ കൂട്ടിച്ചേര്‍ക്കല്‍, കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ശക്തമായ വനിതാ സാമൂഹ്യ കൂട്ടായ്മ തുടങ്ങിയവ ഈ സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി രൂപം കൊണ്ട സഹായ സംവിധാനങ്ങളാണ്.
വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, പ്രവര്‍ത്തന രീതികളിലെ നിരവധി തിരുത്തലുകളുടെ ഫലമായി പ്രാദേശിക സര്‍ക്കാരുകളുടെ അതിശക്തമായ ഒരു സംഘടനാ ചട്ടക്കൂടാണ് സംസ്ഥാനത്ത് നിലവിലുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും ഉപതെരെഞ്ഞെടുപ്പുകളും യാതൊരു വിധ തടസ്സവുമില്ലാതെ യഥാസമയം നടത്തുന്നതിന് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളെടുത്തു. പുതുതായി തെരെഞ്ഞെടുത്ത ജനപ്രതിനിധികളുടെ ഓരോ ബാച്ചും, തദ്ദേശ ഭരണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്നുവെന്നു കില ഉറപ്പുവരുത്തുന്നു. വകുപ്പിന്‍റെയും, സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിന്‍റെയും ജില്ലാ ആസൂത്രണ കമ്മിറ്റിയുടെയും നിരന്തര ശ്രമത്തിലൂടെ വാര്‍ഷിക പദ്ധതികളും പഞ്ചവത്സര പദ്ധതിയും കൃത്യമായി തയ്യാറാക്കുകയും അവയുടെ നിര്‍വ്വഹണം നിഷ്ഠയോടെ പാലിക്കുന്നുണ്ടെന്നത് ഉറപ്പു വരുത്തുകയും ചെയ്യുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അഴിമതി, സ്വജനപക്ഷപാതം, തെറ്റായ തീരുമാനങ്ങള്‍ എന്നിവക്കെതിരെ സംരക്ഷകരായി നിലകൊള്ളുന്ന CAG, ഓംബുഡ്സ്മാന്‍, തദ്ദേശ സ്വയം ഭരണ ട്രിബുണല്‍ എന്നിവക്കുപുറമെ തദ്ദേശ ഭരണ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്വം (ഓഡിറ്റ്, അക്കൗണ്ട്സ്) സംബന്ധിച്ച കാര്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത് ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്മെന്‍റാണ് (KSAD). തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി നേതൃത്വം നല്‍കുന്നതും സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിന്‍റെ വികേന്ദ്രീകൃതാസൂത്രണ വിഭാഗവും തദ്ദേശ സ്വയം ഭരണ വകുപ്പിന് വേണ്ടിയുള്ള സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പും ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതുമായ സ്റ്റേറ്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി രണ്ടാഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ചേര്‍ന്ന്, ഭരണ നിര്‍വഹണത്തിന് തടസ്സമുണ്ടാക്കുന്ന വിധം പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ടതോ വകുപ്പുകള്‍ തമ്മിലോ നിര്‍വ്വഹണ സംവിധാനങ്ങള്‍ക്കിടയിലോ ഉണ്ടാകുന്നതും എന്നാല്‍ പ്രാദേശികമായി പരിഹരിക്കാന്‍ സാധിക്കാത്തതുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു.
ഹൈപർലിങ്കുകൾ :
- ജനകീയാസൂത്രണം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പദ്ധതി ആസൂത്രണം
- സ്റ്റേറ്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി
- സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്
- ISO സര്‍ട്ടിഫിക്കേഷന്‍
- കാലാവസ്ഥാ പ്രവര്‍ത്തനങ്ങളും ദുരന്തപരിപാലനവും
- സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം