കേരള ഇൻസ്റ്റിറ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില)
പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും പുതിയ പാതകള്‍ രൂപപ്പെടുത്തുന്നതിലും വഴികാട്ടികളായി പ്രവര്‍ത്തിക്കുന്നതിന്, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മറ്റ് സാമൂഹ്യ അധിഷ്ഠിത പങ്കാളികള്‍ എന്നിവരുടെ കഴിവ് വര്‍ധിപ്പിക്കുന്നതിലും ശക്തമാക്കുന്നതിലും അശ്രാന്തമായ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രാദേശിക ഭരണ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മുന്‍നിര സ്ഥാപനമാണ് കില. കേരളത്തിലെ പ്രാദേശിക ഭരണ ഘടനയുടെ ചട്ടക്കൂട് വ്യാഖ്യാനിക്കുന്നതിനും പകര്ന്നുനല്കുന്നതിനും, പുതിയ മാതൃകകള്‍ സന്ദര്‍ഭോചിതമായി പ്രസക്തമാക്കുന്നതിനും, മികച്ച കീഴ്വഴക്കങ്ങള് പങ്കുവയ്ക്കുന്നതിനും പരിശീലനത്തിലൂടെ മാത്രമല്ല, വിവിധ പരിപാടികളും നയങ്ങളും രൂപകല്പന ചെയ്യുന്നതിന് സഹായിക്കുന്നതിലൂടെയും കില പിന്തുണ നല്കുന്നു.
ഐഎസ്ഒ സര്ട്ടിഫിക്കേഷന്, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം, വയോജന സൗഹൃദ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പാലിയേറ്റീവ് കെയര്‍, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രാദേശിക പ്രവര്‍ത്തന പദ്ധതി (LAPCC), ഡിസാസ്റ്റര്‍ & ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കിംഗ് (DCAT) ടൂള്‍ തുടങ്ങി വിവിധങ്ങളായ സംരംഭങ്ങളില്‍ കില സജീവ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പ്രാദേശിക ഭരണവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ കില സ്വാംശീകരിച്ച വിശാലവും ആഴത്തിലുള്ളതുമായ അനുഭവസമ്പത്ത്, കിലയെ ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു റിസോഴ്സ് ഓര്‍ഗനൈസേഷനാക്കി മാറ്റി.കിലയുടെ നേതൃത്വത്തില്‍, കണ്ണൂര്‍ കേന്ദ്രീകരിച്ചുകൊണ്ട് പൊതുനയവും പ്രാദേശിക ഭരണവും (Public Policy and Governance) എന്ന വിഷയത്തില്‍ ഒരു ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ എക്സലന്‍സ് സ്ഥാപിതമായിട്ടുണ്ട്. .