കുടുംബശ്രീ
കുടുംബശ്രീ - ഒരു ആമുഖം
സംസ്ഥാന സര്‍ക്കാരിന്‍റെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന മിഷന്‍ നടപ്പിലാക്കുന്ന, ദാരിദ്ര്യ നിര്‍മാര്‍ജ്ജന, സ്ത്രീ ശാക്തീകരണ പദ്ധതിയാണ് കുടുംബശ്രീ. കുടുംബശ്രീ എന്നാല്‍ കുടുംബത്തിന്‍റെ ഐശ്വര്യം എന്നാണ് അര്‍ത്ഥമാക്കുന്നത്. കുടുംബശ്രീ എന്നതുകൊണ്ട് കുടുംബശ്രീ സാമൂഹ്യ ശൃംഖല എന്നോ , കുടുംബശ്രീ മിഷന്‍ എന്നോ അല്ലെങ്കില്‍ ഇവ രണ്ടുമെന്നോ ആണ് സാധാരണഗതിയില്‍ ഉദ്ദേശിക്കുന്നത് .
ഏറ്റവും താഴെ തട്ടില്‍ അയല്‍ക്കൂട്ടങ്ങള്‍ (NHGs), വാര്‍ഡ് തലത്തില്‍ ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ (ADS), തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റികള്‍ (CDS) എന്നിങ്ങനെ ഒരു ത്രിതല സംവിധാനമാണ് കുടുംബശ്രീയുടെ വനിതാ സംഘടനാ ശൃംഖലക്കുള്ളത്. 1990കളുടെ തുടക്കത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റി, മലപ്പുറം ജില്ല എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വന്ന സാമൂഹ്യ സംഘടനാ സംവിധാനമാണ് കുടുംബശ്രീ സ്വീകരിച്ചിട്ടുള്ളത്.
2000-2002 കാലഘട്ടത്തില്‍ കുടുംബശ്രീ സംഘടനാ സംവിധാനം മൂന്നു ഘട്ടങ്ങളിലായി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയുണ്ടായി.
2011ല്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം (MoRD), കുടുംബശ്രീ പദ്ധതിയെ നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന് (SRLM) കീഴില്‍ സ്റ്റേറ്റ് റൂറല്‍ ലൈവ്ലി ഹുഡ് മിഷന്‍ (NRLM) ആയി അംഗീകരിച്ചു.
കുടുംബശ്രീ സാമൂഹ്യ ശൃംഖല
കേരളത്തിലെ ഗ്രാമ നഗര പ്രദേശങ്ങള്‍ സമഗ്രമായി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സാമൂഹ്യ ശൃംഖല തന്നെയാണ് കുടുംബശ്രീ. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു വനിതാ ശൃംഖലയാണിതെന്നു നിസ്സംശയം പറയാവുന്നതാണ്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, വനിതാ വികസനം എന്നീ രണ്ടു മുഖ്യ പ്രമേയങ്ങളിലൂന്നിയാണ് ഈ സാമൂഹ്യ സംവിധാനം രൂപം കൊണ്ടതെങ്കിലും ജനകീയ നേതൃത്വ സംവിധാനം, ‘കുടുംബശ്രീ കുടുംബ’ത്തില്‍ നിന്നും ഉടലെടുത്ത പിന്തുണയുമാണ് ഇതിന്‍റെ പ്രധാന സവിശേഷതകള്‍.
തിരികെ സ്കൂളിലേക്ക് (Back to School)
കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2023 ല്‍ സംഘടിപ്പിക്കപ്പെട്ട ‘തിരികെ സ്കൂളിലേക്ക്’ പ്രചാരണ പരിപാടിയിലൂടെ നാല്പതു ലക്ഷത്തിനു മുകളില്‍ സ്ത്രീകളാണ് അവര്‍ പഠിച്ചിരുന്ന സ്കൂളുകളിലേക്ക് തിരിച്ചു പോവുകയും (ഈ സ്കൂളുകള്‍ അവര്‍ക്കായി ആഴ്ചാവസാനം തുറന്നു കൊടുത്തിരുന്നു) അവിടെ വച്ച് സാമൂഹ്യ തത്വങ്ങള്‍, മൈക്രോ ഫിനാന്‍സ് , ഉപജീവനം, പങ്കാളിത്ത ഭരണം, സമത, തുടങ്ങി വിവിധ വിഷയങ്ങളില്‍ സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള വിദഗ്ധരുമായി, കൂടുതലും അവരുടെ സമപ്രായക്കാര്‍, നടന്ന ചര്‍ച്ചയിലൂടെ ഒരു പുനര്‍ പഠനം നടത്തുകയുമുണ്ടായി
മൈക്രോഫിനാന്‍സും ഉപജീവനവും
2.23 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍, ബാങ്കുകളുമായി ബന്ധപ്പെടുത്തികൊണ്ട്, നിലവില്‍ 8948 കോടി രൂപയുടെ ലോണ്‍ എടുത്ത് വിവിധ വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ്. കുടുംബശ്രീ കൂടക്കീഴില്‍ ഒരു ലക്ഷത്തിനു മേല്‍ സൂക്ഷ്മ സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കുടുംബശ്രീ മിഷന്‍റെ സഹായത്തോടുകൂടി, കുടുംബശ്രീ അംഗങ്ങള്‍ ഏറ്റെടുത്തിട്ടുള്ള ചില സൂക്ഷ്മ സംരഭങ്ങളാണ്, കുടുംബശ്രീ പാചക ഗ്രൂപ്പുകള്‍ ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കഫേ കുടുംബശ്രീകള്‍, ജനകീയ ഹോട്ടലുകള്‍ എന്നറിയപ്പെടുന്ന ഹോട്ടല്‍ ഗ്രൂപ്പുകള്‍, പോഷക മിശ്രിതമായ ന്യൂട്രിമിക്സ് വിതരണം, ഹരിത കര്‍മ്മ സേന, നിര്‍മാണ തൊഴിലാളി ഗ്രൂപ്പുകള്‍, വനിതാ കര്‍ഷകരുടെ ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകള്‍, ഫെസിലിറ്റി മാനേജര്‍മാര്‍, ഡിജിറ്റല്‍ സര്‍വ്വേ സംരംഭകര്‍, ഭവന നിര്‍മാണ ഗ്രൂപ്പുകള്‍, വെല്‍നെസ്സ് ജിം, യോഗ സംരംഭകര്‍, വസ്ത്ര നിര്‍മാണ ഗ്രൂപ്പുകള്‍, ഓഡിറ്റ് & അക്കൗണ്ട് ഗ്രൂപ്പുകള്‍, സാമൂഹ്യ പരിശീലകര്‍, സൂക്ഷ്മ സംരംഭക വിദഗ്ദര്‍ തുടങ്ങിയവ.
ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ് (ONDC)
മേല്‍സൂചിപ്പിച്ച ഗ്രൂപ്പുകളുടെ ഉത്പന്നങ്ങളുടെ വില്‍പ്പനക്കായി അതിശക്തമായ വിപണന സംവിധാനമാണ് ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്സ് (ONDC) വഴിയായി കുടുംബശ്രീ ഏറ്റെടുത്തിരിക്കുന്നത്. ഇതുവഴിയായി നൂറ്റിനാല്പത്തില്‍പരം ഉത്പന്നങ്ങളാണ് കുടുംബശ്രീ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് വനിതാ സംരംഭകരുടെ വിപണന ശേഷി പരമാവധി വര്‍ധിപ്പിക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
എന്‍ ആര്‍ ഒ (NRO )
NRLM നു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ (NRO), തല്പരരായ സംസ്ഥാനങ്ങളില്‍, ഉപജീവനം, പഞ്ചായത്ത്- പൊതുസമൂഹം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളെ പിന്തുണക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ ഇവര്‍ പതിനാറിനുമേല്‍ സംസ്ഥാനങ്ങളുമായി ഉഭയ സമ്മത പത്രം (MoU) ഒപ്പു വച്ചിട്ടുണ്ട്. കുടുംബശ്രീയില്‍ നിന്നുള്ള പരിചയ സമ്പന്നരായ റിസോഴ്സ് പേഴ്സണ്‍മാര്‍ അതിവിദൂരമായ ജില്ലകളിലും ഗ്രാമങ്ങളിലും കടന്നുചെന്ന് , അവിടുത്തെ പ്രാദേശിക ഭാഷയും സംസ്കാരവും പഠിച്ച്, സാമൂഹ്യ ശാക്തീകരണത്തിനും വികസനത്തിനുമായി ഒരു പ്രാദേശിക ശൈലി വികസിപ്പിക്കുന്നതിന് സഹായിച്ചു വരുന്നു. നിലവില്‍ സഹായം നല്‍കിവരുന്ന സംസ്ഥാനങ്ങള്‍ക്കു സ്വന്തമായി ഇത്തരത്തിലുള്ള ശാക്തീകരണ പരിപാടികള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നതിന് സഹായം നല്‍കുന്ന ഒരു സ്ഥാപനമെന്ന നിലയിലേക്ക് NRO ഇപ്പോള്‍ പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നു.