വിവരവിനിമയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കംപ്യൂട്ടര്‍ ആപ്ലിക്കേഷനുകളിലൂടെ തദ്ദേശസ്വയംഭരണ രംഗത്തെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടു കൂടി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പ്രധാനപ്പെട്ട ഒരു ദൗത്യമാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (IKM). കേരളത്തിലെ 1200 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളേയും കംപ്യൂട്ടര്‍വത്ക്കരിക്കുന്നതിനും നെറ്റ്വര്‍ക്ക് ശൃംഖലയ്ക്കു കീഴില്‍ കൊണ്ടുവരുന്നതിനും വിഭാവന ചെയ്യുന്ന ഈ പദ്ധതി രാജ്യത്തെ ഏറ്റവും വലുതും സമഗ്രവുമായ പ്രാദേശിക ഭരണകൂട കംപ്യൂട്ടറൈസേഷന്‍ പദ്ധതിയാണ്. ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ആദ്യത്തെ സംസ്ഥാനങ്ങളില്‍ ഒന്ന് എന്നതു കണക്കിലെടുത്തുകൊണ്ടാണ് ദേശീയ അര്‍ബന്‍ ഡിജിറ്റല്‍ മിഷന്‍ അവരുടെ ഡിജിറ്റല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ കേരളത്തെ തെരഞ്ഞെടുത്തത്. സംസ്ഥാന നഗര ഡിജിറ്റല്‍ മിഷന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഡിജിറ്റൈസേഷന്‍ സംബന്ധിച്ച് പ്രാദേശിക ഭരണം നേരിടുന്ന എല്ലാ പ്രശ്നങ്ങളും അതിന്‍റെ പൂര്‍ണ്ണ വ്യാപ്തിയോടെ മിഷന്‍ അഭിസംബോധന ചെയ്യുന്നു. വികേന്ദ്രീകൃത ആസൂത്രണം, പ്രാദേശികമായ സേവനങ്ങള്‍ എന്നിവയും മിഷന്‍റെ ശ്രദ്ധയ്ക്കു വിഷയീഭവിച്ചിട്ടുള്ള ഘടകങ്ങളാണ്.

അനുബന്ധ ലിങ്കുകൾ