എ.ബി.സി. പദ്ധതി
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (ABC) പദ്ധതി. തെരുവ്നായ്ക്കളുടെ ശല്യം കേരളം ഈ അടുത്ത കാലത്ത് അഭിമുഖീകരിക്കുന്ന സാമൂഹ്യ പ്രശ്നമാണ്. തെരുവ് നായകളെ കൊല്ലുന്നത് വിവിധ നിയമങ്ങളാലും വിധിന്യായങ്ങളാലും നിരോധിക്കപ്പെട്ടിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന തന്ത്രം ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ തീവ്രമാക്കുക എന്നതാണ്. നായകളെ പിടികൂടുക, വന്ധ്യംകരണം ചെയ്യുക, വിട്ടയയ്ക്കുക എന്ന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് (AWBI) വ്യക്തമാക്കുന്ന രീതിയിലുള്ള ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമമായി (SOP) സ്വീകരിച്ചിരിക്കുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രകാരം ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ കേന്ദ്രങ്ങള്‍ വരുന്നുണ്ട്. വന്ധ്യംകരിക്കുവാനുള്ള നായകളെ പിടിക്കുന്നതിനായി നായപിടുത്തക്കാരുടെ യൂണിറ്റുകള്‍ സൂക്ഷ്മസംരംഭങ്ങള്‍ എന്ന നിലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു വേണ്ടി കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്. തെരുവ് നായ ശല്യം രൂക്ഷമായ മേഖലകളില്‍ നിന്ന് നായകളെ പിടിക്കുക, നായകളെ പിടിക്കുവാന്‍ ആളുകളെ ഏര്‍പ്പാടാക്കുക, എ.ബി.സി. പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് പിടിച്ച നായകളെ വന്ധ്യംകരണത്തിനായി കൊണ്ടുപോകുക, ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ആവശ്യമായ സംരക്ഷണം (തെരഞ്ഞെടുക്കപ്പെട്ട മൃഗാശുപത്രിയിലെ സര്‍ജനായിരിക്കും ശസ്ത്രക്രിയ നടത്തുക) നിയമപ്രകാരം അതിനെ വിട്ടയയ്ക്കുക എന്നിവയാണ് ഈ കേന്ദ്രങ്ങളുടെ ജോലി.
എ.ബി.സി. ചട്ടങ്ങള്‍ക്കും യൂണിറ്റുകള്‍ക്കും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ (AWBI) അക്രെഡിറ്റേഷന്‍ ആവശ്യമാണെന്നതിനാല്‍ ഹൈക്കോടതി ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇത്തരം യൂണിറ്റുകള്‍ക്കുള്ള വ്യവസ്ഥകള്‍ വളരെ കര്‍ക്കശവും അവയ്ക്കാവശ്യമായ മൂലധന നിക്ഷേപം ചെറിയ യൂണിറ്റുകള്‍ക്ക് താങ്ങാവുന്നതില്‍ കൂടുതലുമാണ്. ആയതിനാല്‍ നിലവില്‍ എ.ബി.സി. പദ്ധതി സര്‍ക്കാര്‍ സെന്‍ററുകള്‍ വഴി മാത്രമേ നടത്താന്‍ സാധിക്കുന്നുള്ളൂ.