പരിസ്ഥിതിയെയോ, പൊതുസുരക്ഷയേയോ, പൊതുജനാരോഗ്യത്തെയോ പ്രതികൂലമായി ബാധിക്കുന്നതോ പൊതുശല്യമോ ആയി മാറിയേക്കാവുന്ന ഒരു വ്യവസായമോ ഫാക്ടറിയോ സ്ഥാപിക്കുന്നതിന് സര്‍ക്കാരിന്‍റെ അനുമതി ആവശ്യമാണ്. വ്യവസായങ്ങള്‍, ഫാക്ടറികള്‍, കച്ചവടങ്ങള്‍, സംരഭക പ്രവര്‍ത്തനങ്ങള്‍, മറ്റ് സേവനങ്ങള്‍ എന്നിവ നടത്തുന്നതിന് ലൈസന്‍സ് ആവശ്യമാണ്. തദ്ദേശസ്ഥാപനത്തില്‍ നിന്ന് നല്‍കുന്ന ലൈസന്‍സ് പ്രകാരം ചെയ്യുന്ന ഏതു കാര്യവും പൊതുതാല്പര്യത്തിനെതിരല്ല എന്നും സേവനങ്ങളുടെ കാര്യത്തില്‍ ഇവ സ്ഥാപിച്ചിട്ടുള്ള സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനവും സേവനവും ഏത് സമയത്തും ലഭ്യമായിരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുവെന്ന് കരുതപ്പെടുന്നതാണ്. നഗരപ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്ന ലൈസന്‍സുകള്‍ അഞ്ച് വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്നതും ഗ്രാമപഞ്ചായത്തുകളിലേത് ഒരു വര്‍ഷത്തേക്ക് ഉപയോഗിക്കാവുന്നതും അത് നിശ്ചിത കാലയളവുകളില്‍ പുതുക്കേണ്ടതുമാണ്. ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ സിറ്റിസണ്‍ പോര്‍ട്ടലില്‍ (https://citizen.lsgkerala.gov.in ) ഓണ്‍ലൈനായി തുകയടച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതും നഗരപ്രദേശങ്ങളില്‍ കെ-സ്മാര്‍ട്ട് ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴി (https://ksmart.lsgkerala.gov.in )  അപേക്ഷ സമര്‍പ്പിക്കാവുന്നതുമാണ്.

പൗരന്മാര്‍ക്ക് കെ-സ്മാര്‍ട്ട് വഴി പുതിയ ലൈസന്‍സിനും ലൈസന്‍സ് പുതുക്കുന്നതിനും അപേക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുത്ത ബിസിനസ്സ് സംരഭത്തിന് വേണ്ടതായ രേഖകള്‍ എന്തൊക്കെയാണെന്ന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ അപേക്ഷകന് അറിയാന്‍ സാധിക്കുന്നതാണ്. അപേക്ഷ അംഗീകരിക്കപ്പെടുമ്പോള്‍ ഫീ നല്‍കി ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം പോര്‍ട്ടലില്‍ ലഭ്യമാണ്. അപേക്ഷകന്‍ വാണിജ്യാവശ്യങ്ങള്‍ക്കായി എടുത്തിട്ടുള്ള കെട്ടിടങ്ങളില്‍ ഏതിലെങ്കിലും കെട്ടിടനികുതി കുടിശ്ശികയുണ്ടെങ്കില്‍ കെട്ടിടം തെരഞ്ഞെടുക്കുന്ന സമയം തന്നെ അറിയാന്‍ സാധിക്കുന്നതാണ്.