ഐ.കെ.എം ഉം ഡിജിറ്റല്‍ ഗവേര്‍ണന്‍സും
ഇന്‍ഫര്‍മേഷന്‍ കേരളമിഷനും ഡിജിറ്റല്‍ ഗവേര്‍ണന്‍സും
കേരള സര്‍ക്കാരിന്‍റെ ഒരു സ്വയംഭരണസ്ഥാപനമാണ് തദ്ദേശ സ്വയംഭരണവകുപ്പിനു കീഴില്‍ വരുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍. വിവരവിനിമയ സാങ്കേതികവിദ്യ ആപ്ലിക്കേഷനുകളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്‍റെ നിയോഗം. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് കേരളത്തിലെ 1200 തദ്ദേശ സ്വയംഭരണവകുപ്പ് സ്ഥാപനങ്ങളേയും കംപ്യൂട്ടര്‍വല്‍ക്കരിച്ചുകൊണ്ട് തമ്മില്‍ ബന്ധപ്പെടുത്തുവാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സാധിച്ചു. പ്രാദേശികഭരണസംവിധാനവുമായി ബന്ധപ്പെട്ട വികേന്ദ്രീകൃത ആസൂത്രണ പ്രാദേശിക പൗരസേവനങ്ങള്‍ എന്നിവ പൂര്‍ണ്ണവ്യാപ്തിയോടെ ഡിജിറ്റൈസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും മിഷന്‍റെ ജോലിയില്‍ ഉള്‍പ്പെടുന്നു.
വികസനപദ്ധതികളില്‍ തീരുമാനങ്ങള്‍ മികച്ചരീതിയില്‍ കൈക്കൊള്ളുന്നതിന് ഏറ്റവും ആവശ്യമായ ഡാറ്റാബേസ് പിന്തുണ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കുന്നു. പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുവാനും പ്രതികരണാത്മകമായ തദ്ദേശഭരണത്തിനും വിവരവിനിമയ സാങ്കേതികവിദ്യയിലുള്ള നൈപുണ്യം ഉപയോഗപ്പെടുത്തുന്നതിനുള്ള ആവശ്യമായ പരിശീലനവും നൈപുണ്യവും പകര്‍ന്നുകൊടുക്കുന്നത് മിഷനാണ്. മിഷന്‍റെ പ്രവര്‍ത്തനത്തിലൂടെ സുതാര്യത, പൊതുജന പങ്കാളിത്തം, നീതിയുക്തമായ തീരുമാനമെടുക്കല്‍ പ്രക്രിയ എന്നിവ നേടിയെടുക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നു.
പദ്ധതി സമയരേഖകള്‍
- ആഗസ്റ്റ് 1999 – മിഷന്‍റെ രൂപീകരണം
- ജൂണ്‍ 2000 – തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ വശങ്ങളും സ്പര്‍ശിക്കുന്നതും തദ്ദേശീയരായ ജനങ്ങളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയതുമായ പദ്ധതിപഠനരേഖയുടെ 7 വാല്യങ്ങള്‍ (ഏകദേശം 3000 പേജുകള്‍)
- സെപ്തംബര്‍ 2000- 5 ഗ്രാമപഞ്ചായത്തുകളില്‍ പൈലറ്റ് പദ്ധതികള്‍ ആരംഭിക്കുന്നു.
- ഡിസംബര്‍ 2002 – ജനുവരി 2003 കോഴിക്കോട്, കൊച്ചി, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ ജനസേവന കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
- 2003 ജനുവരി – വെള്ളനാട് ഗ്രാമപഞ്ചായത്തില്‍ പൂര്‍ണ്ണതോതിലുള്ള പൈലറ്റ് പദ്ധതി ആരംഭിച്ചു.
- മാര്‍ച്ച് 2004 – ആശുപത്രി കിയോസ്ക്ക് പദ്ധതി ആവിഷ്ക്കരിക്കുകയും വിശദമായ പരിപാടിക്ക് അന്തിമരൂപം നല്‍കുകയും ചെയ്തു.
- ഒക്ടോബര്‍ 2004 – 5 മുന്‍സിപ്പാലിറ്റികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനസേവനകേന്ദ്രം സ്ഥാപിച്ചു.
- മാര്‍ച്ച് 2005 – ജൂലൈ 2005 – കേരളത്തിലെ എല്ലാ നഗര തദ്ദേശഭരണകൂടങ്ങളേയും ഉള്‍പ്പെടുത്തി 53 മുന്‍സിപ്പാലിറ്റികളിലും ജനസേവനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
- 2005 ജൂലൈ – തളിക്കുളം ഗ്രാമപഞ്ചായത്തില്‍ പൂര്‍ണ്ണരൂപത്തിലുള്ള രണ്ടാമത്തെ പൈലറ്റ് പദ്ധതി ആരംഭിച്ചു.
- 2005 ജൂലൈ – മാര്‍ച്ച് 2006 – 24 മണിക്കൂറിനുള്ളില്‍ ജനനമരണങ്ങള്‍ രജിസ്ററര്‍ ചെയ്യുന്നതിനും ജനനമരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും 5 കോര്‍പ്പറേഷനുകളിലും ആശുപത്രി കിയോസ്കുകളുടെ സ്ഥാപനം.
- സെപ്തംബര്‍ 2020 – 153 ഗ്രാമപഞ്ചായത്തുകളില്‍ ILGMS ന്‍റെ ഒന്നാംഘട്ടം ആരംഭിച്ചു.
- സെപ്തംബര്‍ 2021 – 156 ഗ്രാമപഞ്ചായത്തുകളില്‍ ILGMS ന്‍റെ രണ്ടാംഘട്ടം ആരംഭിച്ചു.
- ഏപ്രില്‍ 2022 – 632 ഗ്രാമപഞ്ചായത്തുകളില്‍ ILGMS ന്‍റെ മൂന്നാംഘട്ടം ആരംഭിച്ചു.
- ജനുവരി 2024 – കെ-സ്മാര്‍ട്ട് (K-SMART) എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും (ULBs) ആരംഭിച്ചു.