കേരളത്തിലെ തദ്ദേശ ഭരണം
കേരളത്തിലെ തദ്ദേശ സ്വയംഭരണം കേരളത്തിന്‍റെ സമകാലീന ചരിത്രത്തില്‍ ഏറെ പ്രാധാന്യമേറിയതും ശ്രദ്ധേയമായതുമായ ഒരു അദ്ധ്യായമാണ്. കേരള വികസനമാതൃകയുടെ ഹൃദയഭാഗമാണ് വിഭവങ്ങളുടെ താഴെത്തട്ടിലേക്കുള്ള കൈമാറ്റം—സാമ്പത്തികസംബന്ധമായതും മാനവശേഷി സംബന്ധമായതും സ്ഥാപനസംബന്ധിയായതുമായ വിഭവങ്ങളാണ് ഇങ്ങനെ താഴെത്തട്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. സബ്സിഡിയാരിറ്റി തത്വത്തെ അടിസ്ഥാനമാക്കി താഴെത്തട്ടിനെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിക്കപ്പെട്ട, കേരളത്തിന്‍റെ ഭരണതലത്തെ അടിമുടി മാറ്റിമറിച്ച ഈ നൂതന വികസന പരിപ്രേക്ഷ്യം രാജ്യത്തിനകത്തും പുറത്തും ഏറെ പ്രചോദനമായി മാറുകയുണ്ടായി.
താഴെത്തട്ടിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കുണ്ടായ പ്രഭാവം കേരളത്തിന്‍റെ സാമൂഹ്യസാമ്പത്തിക പുരോഗതിയില്‍ ദര്‍ശിക്കാവുന്നതാണ്. വിവിധ മാനവവികസന സൂചികകളില്‍ തുടര്‍ച്ചയായി ഉന്നതസ്ഥാനം കൈവരിക്കുന്നതിന് സംസ്ഥാനത്തിന് സാധിച്ചത് ശക്തമായ അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയകളില്‍ പൗരന്മാരെ ഉള്‍പ്പെടുത്തുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ വകുപ്പ് ഏറെ മുന്നിലാണ് പങ്കാളിത്ത ബഡ്ജറ്റിംഗ്- സാമൂഹ്യപങ്കാളിത്തത്തോടു കൂടിയ വികസനം സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആഗോളമായിത്തന്നെ അംഗീകാരം നേടിയിട്ടുണ്ട്.
സുസ്ഥിരവികസനം, ദുരന്തപരിപാലനം, സാമൂഹ്യക്ഷേമനയങ്ങള്‍ എന്നിവയിലേക്കും ഇതിന്‍റെ സ്വാധീനം വ്യാപിച്ചിട്ടുണ്ട്. കേരളം വികസനരംഗത്ത് പുതിയ വഴികള്‍ സ്വീകരിച്ചുകൊണ്ട് പ്രാദേശികഭരണരംഗത്ത് സാധ്യമായതെല്ലാം ചെയ്യുന്നതിനും തദ്ദേശഭരണ രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും അതിര്‍വരമ്പുകള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിലും തദ്ദേശസ്വയംഭരണ വകുപ്പ് എക്കാലവും പ്രതിജ്ഞാബദ്ധമാണ്.