സാമൂഹ്യനീതി മന്ത്രാലയം
മാന്വല്‍ സ്കാവഞ്ചേഴ്സ് (MS) നിയമം നടപ്പാക്കല്‍
മാന്വല്‍ സ്കാവഞ്ചര്‍ തൊഴില്‍നിരോധനവും അവരുടെ പുനരധിവാസ നിയമവും (MS ആക്ട്) മനുഷ്യത്വരഹിതമായ തോട്ടിപ്പണി ഇന്‍ഡ്യയില്‍ അവസാനിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പാസ്സാക്കപ്പെട്ട നിയമമാണിത്. കേരളത്തിലെ പതിനാല് ജില്ലകളും തോട്ടിപ്പണിരഹിതമാണെന്ന് ജില്ലാ കളക്ടര്‍മാര്‍ 2023ല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവി കൈവരിക്കുകയും പ്ലസ്സ്സ്റ്റാറ്റസിലൂടെ വൃത്തിഹീനമായ കക്കൂസുകള്‍ കേരളത്തില്‍ നിലവിലില്ല എന്നത് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
മാന്വല്‍ സ്കാവഞ്ചര്‍മാരുടെ പുനരധിവാസത്തിന് ഒറ്റത്തവണ സാമ്പത്തികസഹായമായി 137 തൊഴിലാളികള്‍ക്ക് 54,80,000 രൂപ നല്‍കുകയുണ്ടായി. വാഴക്കുളം, പള്ളുരുത്തി, കോതമംഗലം, പാമ്പാക്കുട എന്നിവിടങ്ങളില്‍ നടന്ന സര്‍വ്വേ ക്യാംപുകളെ തുടര്‍ന്നാണ് തുക നല്‍കിയത്. നാഷണല്‍ സഫായി കര്‍മ്മചാരി ഫിനാന്‍സ് ആന്‍റ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (NSKFDC) വഴിയാണ് അവരെ ശാക്തീകരിക്കുവാനായി തുക വിതരണം ചെയ്തത്. ഡോക്യുമെന്‍റേഷനുമായി ബന്ധപ്പെട്ട് തുടക്കകാലത്തുണ്ടായ വെല്ലുവിളികളെ അതിജീവിച്ച് ഭൂരിപക്ഷം അപേക്ഷകളിന്മേലും വിജയകരമായി നടപടിയെടുക്കാന്‍ സാധിച്ചു. ജില്ലാ സബ്ഡിവിഷണല്‍ വിജിലന്‍സ് കമ്മിറ്റികള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കുയും അവ മേല്‍നോട്ടം വഹിക്കുകയും 2013ലെ എം.എസ്. നിയമത്തിന്മേലുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് ഉറപ്പുവരുത്തുതയും ചെയ്യുന്നു. നഗരതദ്ദേശസ്ഥാപനങ്ങളുടെ തലത്തിലെ വിവിധ പദ്ധതികള്‍ സംരക്ഷണ ഉപകരണങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവയ്ക്കായി 1.65 കോടി രൂപ മാര്‍ച്ച് 2024 വരെ ചിലവഴിച്ചിട്ടുണ്ട്.
NAMASTE പദ്ധതി
നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ് സാനിറ്റേഷന്‍ ഇക്കോസിസ്റ്റം എന്ന പദ്ധതിയാണ് NAMASTE പദ്ധതി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്നത്. ഇത് 2023 ഒക്ടോബര്‍ മാസത്തില്‍ കേരളത്തില്‍ ആരംഭിച്ചു. ശുചീകരണത്തൊഴിലാളികളുടെ സുരക്ഷിതത്വവും അന്തസ്സും ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നാഷണല്‍ സഫായി കര്‍മ്മചാരി ഫൈനാന്‍സ് ആന്‍റ് ഡെവലപ്പമെന്‍റ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്നത്. സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ഭവനും നഗരകാര്യ മന്ത്രാലയവും യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ട് സെപ്റ്റിക് ടാങ്ക് മലിനജലകുഴലുകള്‍ വൃത്തിയാക്കുന്നത് പൂര്‍ണ്ണമായി യന്ത്രവല്‍കൃതമാക്കാന്‍ പദ്ധതി യത്നിക്കുന്നു. NAMASTE പദ്ധതിയിന്‍ കീഴില്‍ പ്രൊഫൈലിംഗ് ക്യാമ്പുകള്‍ വഴി 93 നഗരതദ്ദേശസ്ഥാപനങ്ങളിലായി 104 സ്വീവേജ്/ സെപ്റ്റേജ് തൊഴിലാളികളെ കണ്ടെത്തുകയും അതില്‍ 1588 രേഖകള്‍ സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 492 ആയുഷ്മാന്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാര്‍ഡുകള്‍ ഇവര്‍ക്കും ഇവരുടെ കുടുംബങ്ങളുടെ കവറേജിനും നല്‍കിയിട്ടുണ്ട്.
തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് 27 പി.പി.ഇ. കിറ്റുകള്‍ പാലക്കാടും 25 പി.പി.ഇ. കിറ്റുകള്‍ കൊച്ചിയിലും വിതരണം ചെയ്യുകയും 1,537 കിറ്റുകള്‍ കൂടി അധികമായി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം NSKFDCയ്ക്ക് സമര്‍പ്പിച്ചിട്ടുമുണ്ട്. എല്ലാ നഗരതദ്ദേശസ്ഥാപനങ്ങളിലും പ്രതികരണത്തിനായി എമര്‍ജന്‍സി റെസ്പോണ്‍സ് സാനിറ്റേഷന്‍ യൂണിറ്റുകള്‍ (ERSUs) സ്ഥാപിക്കുകയും സുരക്ഷാ ഉപകരണങ്ങള്‍ ഈ യൂണിറ്റുകള്‍ക്കായി അനുവദിക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ക്ഷേമസംരംഭങ്ങളായ സ്വച്ഛത ഉദ്യമി യോജന ഈ ശുചിത്വരംഗത്തെ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ശുചിത്വതൊഴിലാളികള്‍ക്കിടയില്‍ സംരഭകത്വം വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.