തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍
രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (RGSA) – പ്രാദേശിക ഭരണം ശക്തിപ്പെടുത്തല്‍
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (SDGs) കൈവരിക്കുന്നതിന് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണപരമായ കഴിവുകള്‍ വികസിപ്പിക്കുകയാണ് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (RGSA) പ്രധാനമായും ലക്ഷ്യമിടുന്നത്. കാര്യശേഷി വികസനം, സ്ഥാപനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനം, മാനവ ശേഷി, വിദൂര വിദ്യാഭ്യാസം, പഞ്ചായത്തുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള പിന്തുണ, ഇ-സംവിധാനങ്ങള്‍ പ്രാപ്തമാക്കല്‍, നവീകരണത്തിനുള്ള പിന്തുണ എന്നിവ ഉള്‍പ്പെടെ 11 ഘടകങ്ങളാണ് ആര്‍ജിഎസ്എയില്‍ ഉള്ളത്. കില പരിശീലനവും കാര്യശേഷി വികസനവും ഏകോപിപ്പിക്കുമ്പോള്‍, ധനമിടപാടുകള്‍ ഏകോപിപ്പിക്കുന്നത് വകുപ്പാണ്. എസ് ഡി ജികളുടെ പ്രാദേശികവല്‍ക്കരണത്തിനും പഞ്ചായത്തുകളുടെ എല്ലാ ഓഫീസ് ജോലികളും സേവനങ്ങളും കെ-സ്മാർട്ട് വഴി ഡിജിറ്റൈസ് ചെയ്യാനും മാര്‍ഗ്ഗോദ്ദീപകമായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.
ഭരണ വൈദഗ്ധ്യത്തിന്‍റെ അടിസ്ഥാനവിവരങ്ങള്‍ മുതല്‍ പഞ്ചായത്തിരാജ് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള ധാരണ, ഇ ഗവേണന്‍സ് എന്നിവ വരെയുള്ള മേഖലകളിലും മാലിന്യ സംസ്കരണം, അതിദാരിദ്ര്യ നിര്‍മാര്‍ജനം, കാലാവസ്ഥാ പ്രതിരോധം തുടങ്ങിയ പ്രത്യേക ഊന്നല്‍ മേഖലകളിലും പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.