തദ്ദേശീയ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉപജീവന സാധ്യതകള്‍ തുറന്ന് കുടുംബശ്രീ ‘പുനര്‍ജീവനം’ സംരംഭകത്വ വികസന പരിശീലന പരിപാടിക്ക് സമാപനം

തദ്ദേശീയ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഉപജീവന സാധ്യതകള്‍ തുറന്ന് കുടുംബശ്രീ ‘പുനര്‍ജീവനം’ സംരംഭകത്വ വികസന പരിശീലന പരിപാടിക്ക് സമാപനം

തദ്ദേശീയ മേഖലയിലെ വനിതാ കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച ഉപജീവന സാധ്യതകള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള കേന്ദ്രവും സംയുക്തമായി അട്ടപ്പാടി ഷോളയൂര്‍ നിര്‍വാണ ഹോളിസ്റ്റിക് ലിവിങ്ങ് സെന്‍ററില്‍ മൂന്നു ദിവസമായി സംഘടിപ്പിച്ച ‘പുനര്‍ജീവനം’- സംരംഭകത്വ വികസന പരിശീലന  ശില്‍പശാല സമാപിച്ചു. വരുമാനദായകവിളയായ സമ്പൂഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷി രീതികളും വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലുമാണ് പരിശീലനം നല്‍കിയത്.

കൃഷിയിലും അനുബന്ധമേഖലകളിലും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാന്‍ സഹായകമാകുന്ന രീതിയിലായിരുന്നു പരിശീലനം. പരിശീലനാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ മനസിലാക്കി അതിനനുസൃതമായ രീതിയിലാണ് ശില്‍പശാല സംഘടിപ്പിച്ചത്. അധികം മുതല്‍ മുടക്കില്ലാതെ മെച്ചപ്പെട്ട ആദായം ലഭിക്കുന്ന മധുരക്കിഴങ്ങ് ഇനങ്ങളുടെ കൃഷിയും മധുരക്കിഴങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണവം  ലഘുഭക്ഷണങ്ങളും മറ്റുല്‍പ്പന്നങ്ങളും, ബേക്ക്ഡ് ഉല്‍പന്നങ്ങള്‍, ചെറുധാന്യങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിള പരിപാലനം, ജൈവ ഫെര്‍ട്ടിഗേഷന്‍ എന്നിവയില്‍ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നല്‍കി. കൂടാതെ കര്‍ഷകര്‍ക്ക് സഹായകമാകുന്ന വിവിധ പദ്ധതികളെയും ശില്‍പശാലയില്‍ പരിചയപ്പെടുത്തി.

‘ചെറുധാന്യങ്ങള്‍,  വാഴപ്പഴം എന്നിവയില്‍ നിന്നുളള മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം’,  എന്ന വിഷയത്തില്‍ കായംകുളം കൃഷിവിജ്ഞാന കേന്ദ്രം സബ്ജെക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ.ജിസി ജോര്‍ജ് ക്ളാസ് നയിച്ചു. കൂടാതെ ചെറുധാന്യങ്ങള്‍ കൊണ്ട്  ഹെല്‍ത്ത് മിക്സ്, സ്പൈസി കുക്കീസ്, സ്വീറ്റ് കുക്കീസ്, കഞ്ഞി മിക്സ്, ഉപ്പുമാവ് മിക്സ് എന്നിങ്ങനെ അഞ്ച് പോഷക ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നതും അവതരിപ്പിച്ചു. ‘ഉപജീവനത്തിലൂടെ സ്ത്രീശാക്തീകരണം, വനിതാ സംരംഭകരുടെ വിജയഗാഥകള്‍’ എന്ന വിഷയത്തില്‍ കൊല്ലം ജില്ലയില്‍ പുനലൂരില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകയായ അശ്വതി സംരംഭ വഴികളിലെ തന്‍റെ വിജയാനുഭവ കഥകള്‍ പങ്കു വച്ചു.

പുനര്‍ജീവനം പദ്ധതിയുടെ ഭാഗമായി ഇനി മുതല്‍ ഓരോ ജില്ലയിലും വനിതാ കര്‍ഷകര്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഉദ്ദേശ്യം. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായും അതത് കൃഷി വിജ്ഞാന്‍ കേന്ദ്രവുമായും സഹകരിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ഷാനവാസ്, സ്റ്റേറ്റ് അസിസ്റ്റന്‍റ് പ്രോഗ്രാം മാനേജര്‍ രമ്യ രാജപ്പന്‍ എന്നിവര്‍ ത്രിദിന ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.

 

pnrjvnm

സമീപകാല പോസ്റ്റുകൾ