

കേരളം, സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനാണ് ഈ ചരിത്രനേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) നടപ്പാക്കിയ ‘ഡിജി-കേരളം’ പദ്ധതി വഴിയാണ് ഈ നേട്ടം കൈവരിച്ചത്.
ഡിജിറ്റൽ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 80 ലക്ഷത്തിലധികം വീടുകളിൽ നടത്തിയ സർവേയിൽ, 21 ലക്ഷത്തോളം പേർക്ക് ഡിജിറ്റൽ സാക്ഷരതയില്ലെന്ന് കണ്ടെത്തി. ഇവരിൽ 99.98% പേർക്കും വിജയകരമായി പരിശീലനം നൽകുകയും അവർ പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ പഠിപ്പിക്കാൻ 2.57 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ മുന്നിട്ടിറങ്ങി. എൻ.എസ്.എസ്., എൻ.സി.സി., കുടുംബശ്രീ, വിദ്യാർത്ഥികൾ തുടങ്ങിയവരും ഈ ദൗത്യത്തിൽ പങ്കാളികളായി.
തിരുവനന്തപുരത്തെ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ വിജയകരമായി നടപ്പാക്കിയ ‘ഡിജി പുല്ലമ്പാറ’ പദ്ധതിയുടെ മാതൃകയാണ് സംസ്ഥാനവ്യാപകമായി ഡിജി-കേരളം പദ്ധതിക്ക് പ്രചോദനമായത്.
പരിശീലനത്തിൽ സ്മാർട്ട്ഫോൺ ഉപയോഗം, കോൺടാക്റ്റുകൾ സേവ് ചെയ്യൽ, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കൽ, ഇന്റർനെറ്റ് ഉപയോഗിച്ച് വിവരങ്ങൾ കണ്ടെത്തൽ, പാചകവാതകം, വൈദ്യുതി തുടങ്ങിയ സേവനങ്ങൾക്കുള്ള ഓൺലൈൻ പേയ്മെന്റുകൾ നടത്തൽ എന്നിവ ഉൾപ്പെടുത്തിയിരുന്നു. 105 വയസ്സുള്ള എം.എ. അബ്ദുള്ള മൗലവി ബഖാഫി ഉൾപ്പെടെ 90 വയസ്സിന് മുകളിലുള്ള 15,000-ത്തിലധികം പേർ ഈ പരിശീലനത്തിൽ പങ്കെടുത്തു എന്നത് ഈ പദ്ധതിയുടെ വലിയ വിജയത്തെ സൂചിപ്പിക്കുന്നു.
പ്രഖ്യാപന ചടങ്ങിൽ മന്ത്രിമാരായ ശ്രീ.എം.ബി. രാജേഷ്,ശ്രീ.ജി.ആർ. അനിൽ, കെ. കൃഷ്ണൻകുട്ടി, വി. ശിവൻകുട്ടി എന്നിവരും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു. കേരളത്തിന്റെ ഈ നേട്ടം ഡിജിറ്റൽ ഇന്ത്യാ മിഷനിൽ സംസ്ഥാനത്തെ ഒരു മാതൃകയായി ഉയർത്തിക്കാട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡിജി കേരളം പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മികച്ച സേവനം കാഴ്ച വച്ച ഡിജി കേരളം ടീമിനെ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശ്രീ. ജെറോമിക് ജോര്‍ജ്ജ് ഐ.എ.എസ്., അര്‍ബന്‍ ഡയറക്ടര്‍ ശ്രീ. സൂരജ് ഷാജി ഐ.എ.എസ്., തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. രാജീവ്. വി.ആര്‍., തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി. സജിനാ സത്താര്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം നല്‍കി.