കുടുംബശ്രീ ഓണം വിപണന മേളകള്‍ – സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ്  മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പത്തനംതിട്ടയില്‍ കുടുംബശ്രീ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വര്‍ഷം ഓണച്ചന്തകള്‍ വഴി നേടിയ 23.22 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് മറികടക്കുകയാണ് ഇക്കുറി ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ 11298 വനിതാ കര്‍ഷക സംഘങ്ങള്‍ മുഖേന 6298 ഏക്കറില്‍ പഴം പച്ചക്കറി കൃഷിയും 3000-ലേറെ കര്‍ഷക സംഘങ്ങള്‍ വഴി 1253 ഏക്കറില്‍ പൂക്കൃഷിയും നടത്തുന്നുണ്ട്.  1070 സി.ഡി.എസുകളിലായി 2140 വിപണന മേളകളും 14 ജില്ലാതല മേളകളും ഉള്‍പ്പെടെ ആകെ 2154 ഓണച്ചന്തകളാണ് ഇത്തവണ കേരളമൊട്ടാകെ സംഘടിപ്പിക്കുന്നത്. ഓണവിപണിയില്‍ വിലക്കയറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ന്യായവിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ കുടുംബശ്രീ നടത്തുന്ന ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ്. ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നതിന് ഓരോ സി.ഡിഎസിനും 20,000രൂപ വീതവും ജില്ലാമിഷനുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്‍കിയിട്ടുണ്ട്. വയനാട് ചൂരല്‍മല ദുരന്ത പശ്ചാത്തലത്തില്‍ ആ വേദനകളെല്ലാം മായ്ച്ചു കളയുന്ന ഓണം കൂടിയാണിത്. വയനാടിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുക നല്‍കിയത് പെണ്‍കരുത്തിന്‍റെ പ്രസ്ഥാനമായ കുടുംബശ്രീയാണ്. 20.07 കോടി രൂപയാണ് കുടുംബശ്രീ നല്‍കിയത്. ഇതു കൂടാതെ ദുരന്തബാധിതരായ ഓരോ കുടുംബത്തിന്‍റെയും സമഗ്ര പുനരധിവാസത്തിനാവശ്യമായ സൂക്ഷ്മതല പദ്ധതി ആസൂത്രണം അതിവേഗം പുരോഗമിക്കുകയാണ്. ശുചിത്വ മിഷനുമായി ചേര്‍ന്നു കൊണ്ട് ദുരന്ത മേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഹരിതകര്‍മ സേന നടത്തി വരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ദേശീയ ശ്രദ്ധ നേടിയെന്നും മന്ത്രി പറഞ്ഞു. കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ കൈപ്പുസ്തകത്തിന്‍റെ പ്രകാശനവും  മന്ത്രി നിര്‍വഹിച്ചു.

വര്‍ത്തമാനകാലത്ത് ലോകത്തിന് കേരളം നല്‍കിയ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് കുടുംബശ്രീയെന്നും ഓണം വിപണന മേള ജില്ലയിലെത്തുന്നത് ഓരോ കുടുംബശ്രീ കുടുംബത്തിനുമുളള അംഗീകാരമാണെന്നും ആരോഗ്യ വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു കറി പൗഡര്‍ ഉല്‍പന്നങ്ങളുടെ ലോഞ്ചിംഗ്, ആദ്യവില്‍പ്പന, ഹോംഷോപ്പ് അംഗങ്ങള്‍ക്കുള്ള ഉപകരണ വിതരണം എന്നിവ നിര്‍വഹിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ നിര്‍മല ദേവി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വായ്പാ വിതരണവും പ്‌ളാസ്റ്റിക് ക്യാരി ബാഗ് രഹിത പത്തനംതിട്ട ക്യാമ്പയിന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അജിത് കുമാര്‍ ക്യാമ്പയിന്‍ പദ്ധതി വിശദീകരിച്ചു. ‘ആരവം’ വിപണന മേള ലോഗോ തയ്യാറാക്കിയ അനീഷ് വാസുദേവിനെ കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ എ.എസ് ശ്രീകാന്ത്, ഡോ.റാണാ രാജ് എന്നിവര്‍ സംയുക്തമായി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. അജയകുമാര്‍ കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലാതല തല ഉദ്ഘാടനം നടത്തി. പത്തനംതിട്ട നഗരസഭ സി.ഡി.എസ് അധ്യക്ഷ പൊന്നമ്മ ശശി, കുടുംബശ്രീയുടെ ‘ധീരം’ കരാട്ടെ ടീം അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലയിലെ 11 ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

എം.എല്‍.എമാരായ അഡ്വ.പ്രമോദ് നാരായണന്‍, അഡ്വ.കെ.യു ജനീഷ് കുമാര്‍, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ ശശിധരന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില എസ് നന്ദി പറഞ്ഞു.

സമീപകാല പോസ്റ്റുകൾ