ഓരോ പ്രദേശത്തിന്‍റെയും തനതായ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ രീതിയിലാണ് പ്രാദേശീക സാമ്പത്തീക വികസനത്തിലേക്കുള്ള സമീപനങ്ങള്‍ തയ്യാറാക്കുന്നത്.  പ്രാദേശീക സാമ്പത്തീക വികസന സംരംഭങ്ങള്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രമേയം 1: ദാരിദ്ര്യരഹിതവും മെച്ചപ്പെടുത്തിയ ഉപജീവന മാര്‍ഗ്ഗങ്ങളുമുള്ള ഗ്രാമം,  പ്രമേയം 6: സ്വയംപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമം, എന്നിവക്ക് കീഴില്‍ വരുന്നു.  ഈ രണ്ട് പ്രമേയങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക സാമ്പത്തിക വികസനത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നവയാണ്.  സമൂഹത്തിന്‍റെ സാമ്പത്തിക ഉന്നമനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്‍ഇഡിയുടെ കീഴില്‍ വരുന്നു.  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമ്പത്തിക സഹായം, സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ എല്‍ഇഡിയുടെ ഭാഗമാണ്.

സംഘടിത പ്രവര്‍ത്തനത്തിനുള്ള നിര്‍ണായക മേഖലയായി തൊഴിലവസര സൃഷ്ടിയെ തിരിച്ചറിഞ്ഞുകൊണ്ട്, പ്രാദേശിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വിവരിക്കുന്ന ഒരു സമഗ്ര ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ട്.  തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതും, തൊഴിലന്വേഷകരെയും പ്രബലരായ തൊഴിലുടമകളെയും, താല്പര്യമുള്ള സംരംഭകരേയും ഒരുമിച്ച് കൊണ്ടു വരുന്നതുമായ തൊഴില്‍ സഭകള്‍, താഴെത്തട്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സജീവമായി സംഭാവന ചെയ്യുന്നതുമായ വേദികളാണ്.  

1. മേലുകാവ് ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ പ്രാദേശിക സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍

കേരളത്തിലെ കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മേലുകാവ് ഗ്രാമം, അതിന്‍റെ പ്രകൃതി സൗന്ദര്യവും സമൃദ്ധമായ വിഭവങ്ങളും, പ്രത്യേകിച്ച് വൈവിധ്യമാര്‍ന്ന ഔഷധ സസ്യങ്ങള്‍ കൊണ്ട് സന്ദര്‍ശകരെ ആകര്‍ഷിച്ച ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ പ്രശസ്തി നേടിയ സ്ഥലമാണ്.  അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യക്ഷേമ പരിപാടികള്‍, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടുള്ള, ഒരു സമഗ്ര ഭരണത്തിന് മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.  പ്രദേശവാസികളുടെ മൊത്തത്തിലുള്ള ജീവിത നിലവാരം ഉയര്‍ത്തുന്നതിലും, എല്ലാവരും ഉള്‍ച്ചേരുന്നതും സുസ്ഥിരത ഉറപ്പു വരുത്തുന്നതുമായ വികസനം പരിപോഷിപ്പിക്കുന്നതിലാണ് പഞ്ചായത്തിന്‍റെ പ്രാഥമിക ശ്രദ്ധ.  മേലുകാവിന്‍റെ സമ്പന്നമായ പ്രകൃതി വിഭവങ്ങളും കാര്‍ഷിക സാധ്യതകളും കണക്കിലെടുത്തുകൊണ്ട്, പ്രദേശവാസികള്‍ക്കിടയില്‍ കാര്‍ഷീക പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ പ്രോത്സാഹനവും പിന്തുണയും നല്‍കുന്നതില്‍ ഗ്രാമ പഞ്ചായത്ത് മുന്‍പന്തിയിലാണ്.  ഇവിടുത്തെ ഫലഭൂയിഷ്ഠമായ ഭൂമിയില്‍ ചെയ്യുന്ന മരച്ചീനി, വാഴ, മഞ്ഞള്‍, കുരുമുളക് തുടങ്ങിയ വിളകളുടെ കൃഷിയും കന്നുകാലി വളര്‍ത്തലുമാണ് ഈ പ്രദേശത്തിന്‍റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്.  കൂടാതെ, പ്രധാനമായും സ്ത്രീകള്‍ ഏറ്റെടുക്കുന്ന പരമ്പരാഗത വൈദഗ്ധ്യമായ ചൂല്‍ നിര്‍മ്മാണം, പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നു.  കാര്‍ഷിക, കന്നുകാലി പരിപാലന മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്, ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളുമായി സഹകരിച്ച്, ഈ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നു. 

കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പ്രദേശവാസികളുടെ ഉപജീവനമാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഈ പിന്തുണ സഹായകമാകുന്നു.  മാത്രമല്ല, പ്രദേശത്തെ ഔഷധസസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിന് മേലുകാവ് ഗ്രാമപഞ്ചായത്ത് മുന്‍ഗണന നല്‍കുകയും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുകയും ചെയ്യുന്നു.

സുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇക്കോടൂറിസം പ്രചരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍, ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ പഞ്ചായത്തിന്‍റെ ആകര്‍ഷകത്വം പരമാവധി പ്രയോജനപ്പെടുത്തുന്നു. 

ബഹുമുഖ സംരംഭങ്ങളിലൂടെ, പഞ്ചായത്തിന്‍റെ സമഗ്രവികസനത്തിനും, പ്രദേശവാസികളുടെ ശാക്തീകരണത്തിനും, സുസ്ഥിരവും സമൃദ്ധവുമായ ഒരു സമൂഹത്തെ വികസിപ്പിച്ചെടുക്കുന്നതിനും സമര്‍പ്പിതമാണ് മേലുകാവ് ഗ്രാമപഞ്ചായത്ത്.

2. കുമരകം ഗ്രാമപഞ്ചായത്തിന്‍റെ പ്രാദേശിക സാമ്പത്തിക വികസനവും നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളും

കേരളത്തിലെ ഏറ്റുമാനൂര്‍ ബ്ളോക്കില്‍ കോട്ടയം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന കുമരകം ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജസ്വലമായ ഒരു ഗ്രാമീണ സമൂഹത്തിന്‍റെ ഭരണച്ചുമതല നിക്ഷിപ്തമാണ്.  അവശ്യ സേവനങ്ങള്‍ നല്‍കുന്നതിലൂടെയും അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിലൂടെയും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെയും പഞ്ചായത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് ഇതിന്‍റെ പ്രാഥമിക ലക്ഷ്യം.  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് പരിസ്ഥിതി സംരക്ഷണവും ഗ്രാമവികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള നിരവധി ശ്രദ്ധേയമായ പദ്ധതികള്‍ക്ക് കുമരകം ഗ്രാമപഞ്ചായത്ത് തുടക്കമിട്ടിട്ടുണ്ട്.  ഈ ഉദ്യമങ്ങള്‍ പ്രാദേശിക സമൂഹത്തിന് പ്രയോജനപ്രദമായി എന്ന് മാത്രമല്ല കുമരകത്തിന്‍റെ തനത് ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനും സംഭാവനകള്‍ നല്‍കി.

2021-2022 സാമ്പത്തിക വര്‍ഷത്തില്‍ 6,400 കുടുംബങ്ങള്‍ക്ക് വാഴത്തൈകള്‍ വിതരണം ചെയ്യാന്‍ സഹായിച്ച  “കേര നഴ്സറി” അത്തരത്തിലുള്ള ഒരു പദ്ധതിയാണ്.  'കേരഗ്രാമം' പദ്ധതിക്ക് കീഴില്‍ നടപ്പിലാക്കിയ ഈ സംരംഭം, കൃഷിയെ പിന്തുണയ്ക്കുക മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി പ്രദേശത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.  കുട്ടനാടന്‍ മേഖലയിലെ മണ്ണൊലിപ്പിനും, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ക്കും മറുപടിയായി ആരംഭിച്ച കയര്‍ ഭൂവസ്ത്ര പദ്ധതിയാണ് മറ്റൊരു പ്രധാന സംരംഭം.

കയര്‍ മള്‍ച്ച് ഉപയോഗിക്കുന്നതിലൂടെ, ഈ പദ്ധതി, മണ്ണിന്‍റെ ഗുണങ്ങള്‍ വര്‍ധിപ്പിക്കാനും മണ്ണൊലിപ്പ് ലഘൂകരിക്കാനും അതുവഴി വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാടശേഖരങ്ങളെ സംരക്ഷിക്കാനും പരിസ്ഥിതിയെ പൂര്‍വ്വസ്ഥിതിയിലേക്കെത്തിക്കാനും ലക്ഷ്യമിടുന്നു.

കൂടാതെ, കണ്ടല്‍ക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ്, കണ്ടല്‍ തൈ പരിപാലന പദ്ധതി കുമരകം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നടപ്പിലാക്കി.  ഈ സംരംഭത്തിലൂടെ, വിവിധ തീരപ്രദേശങ്ങളിലും പ്രശസ്തമായ കുമരകം പക്ഷിസങ്കേതത്തിലുമായി 2,500 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു.  ഈ സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിലൂടെ, ജൈവവൈവിധ്യ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന ലഘൂകരണ ശ്രമങ്ങള്‍ക്കും വലിയൊരു സംഭാവനയാണ് പദ്ധതി നല്‍കിയത്. 

മൊത്തത്തില്‍, കുമരകം ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും പരിസ്ഥിതിക്കും ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കി.

കേര നഴ്സറി, കയര്‍ ഭൂവസ്ത്രം, കണ്ടല്‍ തൈകളുടെ പരിപാലനം തുടങ്ങിയ പദ്ധതികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കൃഷിയെ പിന്തുണയ്ക്കുകയും ചെയ്യുക മാത്രമല്ല, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും അതുല്യമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്തു.  സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, കുമാരകത്തിന്‍റേയും അവിടത്തെ ജനങ്ങളുടെയും മൊത്തത്തിലുള്ള ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനുള്ള പഞ്ചായത്തിന്‍റെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങള്‍ അടിവരയിടുന്നത്.