ജനന മരണ രജിസ്ട്രേഷന്‍ നടപടികള്‍

കേരളത്തിലെ ജനന മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് 1969-ലെ ജനന മരണ രജിസ്ട്രേഷന്‍ നിയമമനുസരിച്ചും 1999-ലെ മരണ രജിസ്ട്രേഷന്‍ ചട്ടങ്ങളനുസരിച്ചുമാണ്. ജനനമോ മരണമോ സംഭവിക്കുന്ന പ്രദേശത്തെ രജിസ്ട്രേഷന്‍ യൂണിറ്റായി കണക്കാക്കുന്നതും ആ യൂണിറ്റില്‍ ജനനമരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. കേരളത്തില്‍ ലോക്കല്‍ രജിസ്ട്രേഷന്‍ യൂണിറ്റായി കണക്കാക്കപ്പെടുന്നത് 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുന്‍സിപ്പാലിറ്റികള്‍, 6 മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയെയാണ്. 

നിലവില്‍ ജനനമരണ രജിസ്ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴിയാണ് ചെയ്യുന്നത്. 

മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഇത് കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേനയാണ്. ഗ്രാമപഞ്ചായത്തുകളില്‍ ആപ്ലിക്കേഷന്‍റെ പേര് കഘഏങട എന്നാണ്. രണ്ട് ആപ്ലിക്കേഷനുകളും വികസിപ്പിച്ചെടുത്തത് ഇന്‍ഫര്‍മേഷന്‍ കേരള വിഷനാണ്. അക്ഷയകേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ഫോണുകള്‍ വഴിയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫ്രണ്ട് ഓഫീസ് വഴി നേരിട്ടോ പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ജനനമരണ രജിസ്ട്രേഷനുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍

  1. ജനനമോ മരണമോ സംഭവിച്ച് 21 ദിവസത്തിനുള്ളില്‍ അത് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 
  2. ജനനമരണ രജിസ്ട്രേഷന്‍റെ കാര്യത്തില്‍ 21 ദിവസം മുതല്‍ 30 ദിവസം വരെയുള്ള കാലയളവില്‍ രണ്ട് രൂപ പിഴ ഒടുക്കി രജിസ്ട്രേഷന്‍ യൂണിറ്റുകളില്‍ ആയത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 
  3. 30 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ ഉണ്ടായ ജനനമരണങ്ങള്‍ക്ക് ജില്ലാ ജനനമരണ രജിസ്ട്രാര്‍ക്ക് ഗ്രാമപഞ്ചായത്തുകളില്‍ രജിസ്ട്രേഷന് അനുമതി നല്‍കാവുന്നതും മുന്‍സിപ്പല്‍ സെക്രട്ടറിക്ക് മുന്‍സിപ്പാലിറ്റികളിലും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്തേയും ജനനമരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാവുന്നതാണ്. 
  4. ഒരു വര്‍ഷത്തിനു ശേഷമുള്ള ജനനമരണങ്ങള്‍ ആര്‍.ഡി.ഒ.യുടെ അനുമതിയോടെ നടത്താവുന്നതാണ്. 
  5. കുട്ടിയുടെ പേരില്ലാതെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനനങ്ങള്‍ ഒരു വര്‍ഷം വരെ 5 രൂപ പിഴയൊടുക്കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 
  6. കുട്ടി ജനിച്ച് 15 വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ കുട്ടിയുടെ പേര് 13.7.2026നകം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 
  7. 1970നു മുമ്പുള്ള ജനനമരണങ്ങളുടെ കാര്യത്തില്‍ പേരുള്‍പ്പെടുത്തുന്നതും തിരുത്തലുകളും ചീഫ് രജിസ്റ്റാറുടെ അനുമതിയോടെ നടത്താവുന്നതാണ്. 
  8. 1969ലെ ജനനമരണ രജിസ്ട്രേഷന്‍ ആക്ടിലെ 15-ാം വകുപ്പ് പ്രകാരം രജിസ്ട്രേഷനില്‍ സംഭവിച്ചിട്ടുള്ള പിഴവുകള്‍ തിരുത്താവുന്നതാണ്.

ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ട വിധം

  1. മുന്‍സിപ്പാലിറ്റിയിലെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെയും ജനന സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ട്ടിഫിക്കറ്റ് സെര്‍ച്ച് മെനുവില്‍ ജനനത്തീയതിയോ, മാതാവിന്‍റെ പേരോ ഇംഗ്ലീഷ് അക്ഷരമാലയില്‍ പേരിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങളോ ടൈപ്പ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. (അതായത് നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവ)
  2. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ജനനസര്‍ട്ടിഫിക്കറ്റ് കഘഏങട എന്ന സിറ്റിസണ്‍ പോര്‍ട്ടലില്‍ നിന്നും ജനനത്തീയതി, മാതാവിന്‍റെ പേരോ ഇംഗ്ലീഷ് അക്ഷരമാലയില്‍ പേരിലെ ആദ്യത്തെ മൂന്ന് അക്ഷരങ്ങളോ (അതായത് നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവ) സര്‍ട്ടിഫിക്കറ്റ് സെര്‍ച്ച് മെനുവില്‍ ടൈപ്പ് ചെയ്ത് കൊടുത്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 
  3. കെ-സ്മാര്‍ട്ട് സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി മരണദിവസം, മരിച്ചയാളിന്‍റെ പേര് (നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടവ) എന്നിവ സര്‍ട്ടിഫിക്കറ്റ് മെനുവില്‍ ടൈപ്പ് ചെയ്തുകൊടുത്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.