സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്കാണ് സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അനുവദിക്കുന്നത്. 5 തരത്തിലുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷനുകളാണ് സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകള്‍ വഴി വിതരണം ചെയ്തു വരുന്നത്.
- ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍
- ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍
- ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍
- കര്‍ഷക തൊഴിലാളി പെന്‍ഷന്‍
- 50 വയസ് കഴിഞ്ഞ അവിവാഹിത വനിതകള്‍ക്കുള്ള പെന്‍ഷന്‍
മേല്‍ പെന്‍ഷനുകളില്‍ ഇന്ദിരാഗാന്ധി ദേശിയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവയ്ക്ക് ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP) യുടെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതവും ലഭിക്കുന്നുണ്ട്.
സംസ്ഥാന വിഹിതം ലഭിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം
ക്രമ നമ്പര്‍ | പെന്ഷന് ഇനം | ആകെ ഗുണഭോക്താക്കളുടെ എണ്ണം | പെന്ഷന് തുക |
1 | ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ | 2882531 | 1600 |
2 | ഇന്ദിരാഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ | 1355529 | 1600 |
3 | ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ | 402057 | 1600 |
4 | 50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ | 83918 | 1600 |
5 | കര്‍ഷക തൊഴിലാളി പെന്‍ഷന്‍ | 322850 | 1600 |
ആകെ | 5046885 |
കേന്ദ്രവിഹിതം ലഭിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം
ക്രമ നമ്പര്‍ | പെന്ഷന് ഇനം | ആകെ ഗുണഭോക്താക്കളുടെ എണ്ണം | പെന്ഷന് തുക |
1 | ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (60 വയസ്സ് മുതല്‍ 79 വയസ്സ് വരെ) | 342032 | 200 |
ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (80 വയസ്സും അതിനു മുകളിലും) | 116781 | 500 | |
2 | വിധവ പെന്‍ഷന്‍ | 368358 | 300 |
3 | വികലാംഗ പെന്‍ഷന്‍ | 19285 | 300 |
ആകെ | 846456 |
സാമൂഹ്യ സുരക്ഷാ പെൻഷന്‍ – പൊതു മാനദണ്ഡങ്ങൾ
- അപേക്ഷകന്‍റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് (വിവാഹിതരായ മക്കളുടെ വരുമാനം/ ജോലി എന്നിവ കണക്കിലെടുക്കേണ്ടതില്ല).
- അപേക്ഷകൻ ആദായനികുതി നൽകുന്ന വ്യക്തി ആകരുത്.
- അപേക്ഷകന്‍ കേന്ദ്ര/ സംസ്ഥാന സർക്കാരുകളില്‍ നിന്നും ശമ്പളം/ സർവീസ് പെൻഷന്‍/ കുടുംബ പെൻഷൻ ലഭിക്കുന്നയാള്‍ ആകരുത് (പ്രതിമാസം 4000 രൂപ വരെ എന്‍ പി എസ്/ എക്സ്ഗ്രേഷ്യാ/ എക്സ്ഗ്രേഷ്യാ കുടുംബ പെൻഷൻ ലഭിക്കുന്ന വർക്ക് ഈ നിബന്ധന ബാധകമല്ല).
- അപേക്ഷകന്‍ കേന്ദ്ര/ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിയ്ക്കുന്ന വ്യക്തി ആവരുത്.
- അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്.
- 1000 സിസിയില്‍ കൂടുതൽ എൻജിൻ കപ്പാസിറ്റിയുള്ള ടാക്സി അല്ലാത്ത നാല് ചക്ര വാഹനങ്ങള്‍/ നാലിലധികം ചക്രങ്ങളുള്ള വാഹനങ്ങള്‍ സ്വന്തമായോ കുടുംബത്തിലോ ഉള്ളവര്‍ ആകരുത്.
- അപേക്ഷകന്‍റെ പേരിലോ കുടുംബത്തിന്‍റെ പേരിലോ രണ്ട് ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവര്‍ ആകരുത്. (പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് അഞ്ച് ഏക്കര്‍ വരെ ഇത് ബാധകമല്ല).
- താമസിക്കുന്ന വീട്ടിൽ എയർ കണ്ടീഷൻ പാടില്ല .
- ഒരു ഗുണഭോക്താവിന് ഇപിഎഫ്/ ക്ഷേനിധി ബോർഡ് (പെന്‍ഷന്‍/കുടുംബപെന്ഷന്‍)/സാമൂഹ്യസുരക്ഷാപെന്‍ഷന്‍/എക്സ്ഗ്രേഷ്യാപെന്‍ഷന്‍/ എക്സ്ഗ്രേഷ്യാ കുടുംബപെന്‍ഷന്‍/ എന്പിഎസ് പെന്‍ഷന്‍/ എന്പിഎസ് കുടുംബപെന്‍ഷന് എന്നിവ ഉള്‍പ്പടെ പരാമാവധി രണ്ട് പെന്‍ഷനേ അർഹതയുള്ളൂ.
- ഭിന്നശേഷി ഉള്ളവർക്ക് അർഹത മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റൊരു സാമൂഹ്യസുരക്ഷാപെന്‍ഷനോ/ ക്ഷേമനിധീ ബോർഡ് പെന്‍ഷനോ കുറഞ്ഞ നിരക്കിൽ ലഭിക്കാൻ അർഹതയുണ്ട് (ഇപിഎഫ്/എന്‍പിഎസ്/ എക്സ്ഗ്രേഷ്യ / കുടുംബപെന്ഷന്‍ ഉള്‍പ്പടെ മൂന്നാമതൊരു പെൻഷൻ അർഹതയില്ല)
- അപേക്ഷകന്‍/ ഗുണഭോക്താവ് പെന്‍ഷന്‍ അനുവദിക്കപ്പെടുന്ന പ്രാദേശികസർക്കാർ പരിധിയില്‍ സ്ഥിരതാമസക്കാരനാകണം. വ്യത്യസ്ത പ്രാദേശികസർക്കാരുകളില് നിന്നും സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വാങ്ങാന്‍ പാടില്ല.
- അപേക്ഷകൻ അനാഥ/ അഗതി/ വൃദ്ധ മന്ദിരത്തിലെ അന്തേവാസി ആകരുത്.
- മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളില് താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ എന്നിവർക്ക് അവർ സേവനമനുഷ്ഠിക്കുന്ന മതസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്നതുള്‍പ്പടെയുള്ള കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത പക്ഷം മറ്റ് അർഹതാ മാനദണ്ഡങ്ങള് പാലിക്കുന്നുവെങ്കില് സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ അനുവദിക്കാവുന്നതാണ്.
- മിഷണറികള്‍, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളില്‍ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ, കോണ്‍വെന്റുകളിലെ കന്യാസ്ത്രീകള്‍ , മഠങ്ങളിലെ / മതസ്ഥാപനങ്ങളിലെ അന്തേവാസികള്‍ എന്നിവർക്ക് സാമൂഹ്യസുരക്ഷാപെന്‍ഷന്‍ ലഭിക്കുന്നതിന് അർഹത ഇല്ല. ഇത്തരക്കാർ പെന്‍ഷന്‍ കൈപ്പറ്റുന്ന പക്ഷം അവരെ പെന്‍ഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും ഒഴിവാക്കേണ്ടതാണ്.
- പ്രാദേശിക സർക്കാരുകളിലെ ഓണറേറിയം കൈപ്പറ്റുന്ന തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഓണറേറിയം കൈപ്പറ്റുന്ന മറ്റ് വ്യക്തികള്‍ എന്നിവർക്ക് ഓണറേറിയം ഉള്‍പ്പടെ കുടുംബവാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്ത പക്ഷം മറ്റ് അർഹതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എങ്കിൽ പെന്ഷന്‍ അനുവദിക്കാവുന്നതാണ്.
- സര്‍ക്കാര്‍ ഗ്രന്റ് വിനിയോഗിച്ച് പെന്‍ഷന്‍ വിതരണം നടത്തുന്ന തൊഴിലാളിക്ഷേമനിധി ബോര്‍ഡുകള്‍ 06.02.2017 ന് മുമ്പ് ക്ഷേമനിധി പെന്‍ഷനും സാമൂഹ്യസുരക്ഷാപെന്‍ഷനും അനുവദിച്ചവര്‍ക്ക് ബോർഡ് പെൻഷൻ പൂര്‍ണ്ണനിരക്കിലും സാമൂഹ്യസുരക്ഷാപെന്‍ഷന്‍ 600 രൂപ നിരക്കിലും ലഭിക്കുന്നതാണ്. എന്നാല്‍ 06.02.2017 തീയ്യതിയ്ക്ക് ശേഷം ഉള്ളവർക്ക് സാമൂഹ്യസുരക്ഷാപെന്‍ഷന് അർഹതയില്ലാത്തതാണ്.
- തനത് ഫണ്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡുകള്‍ 06.07.18 ന് മുമ്പ് ക്ഷേമനിധി പെന്‍ഷനും സാമൂഹ്യസുരക്ഷാപെന്‍ഷനും അനുവദിച്ചവര്‍ക്ക് സാമൂഹ്യസുരക്ഷാപെന്‍ഷ നും ബോർഡ് പെൻഷനും പൂര്‍ണ്ണനിരക്കിലും 06.07.18 തീയ്യതിയ്ക്ക് ശേഷം ബോർഡ് പെൻഷൻ പൂര്‍ണ്ണനിരക്കിലും സാമൂഹ്യസുരക്ഷാപെന്‍ഷന്‍ 600 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
ഓരോ ഇനം പെന്‍ഷനുമുള്ള പ്രത്യേക മാനദണ്ഡങ്ങള്‍
- കർഷക തൊഴിലാളി പെൻഷൻ.
പെൻഷന് അർഹതയ്ക്കുള്ള കുറഞ്ഞ പ്രായം 60 വയസ്സാണ്. അപേക്ഷകൻ കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരിക്കണം.
- ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
അപേക്ഷകന് 60 വയസ് പൂർത്തിയായിരിക്കണം.
- ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍
പ്രായപരിധി ഇല്ല. 40% മോ അതിലധികമോ ഭിന്നശേഷിയുള്ള വ്യക്തി ആയിരിക്കണം.
മെഡിക്കല്‍ ബോർഡ് നല്‍കുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ്/ UDID കാര്‍ഡിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കണം പെന്‍ഷന്‍ അനുവദിയ്ക്കേണ്ടത്. താല്‍ക്കാലികവൈകല്യം എന്ന് രേഖപ്പെടുത്തിയ ഭിന്നശേഷി സർട്ടിഫിക്കറ്റ്/ UDID കാർഡില്‍ കാലയളവ് രേഖപ്പെടുത്തിയ തീയ്യതി വരെ പെന്‍ഷന്‍ ലഭിക്കുന്നതാണ്. മെഡിക്കല്‍ ബോർഡിന് മുമ്പാകെ പുനപരിശോധനയ്ക്ക് വിധേയമായ ശേഷം അനുവദിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ടി കാലയളവിന് ശേഷം തുടർന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. സ്ഥിരവൈകല്യം എന്ന് രേഖപ്പെടുത്തിയവർക്ക് മെഡിക്കല്‍ ബോർഡ് നല്‍കുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ്/ UDID പ്രകാരം നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഭിന്നശേഷിക്കാർക്കുള്ള പെന്‍ഷന് തുടർന്നും ലഭ്യമാകുന്നതാണ്.
- 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെൻഷൻ
അപേക്ഷക 50 വയസ്സ് പൂർത്തിയായ അവിവാഹിത ആയിരിക്കണം.
50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ അമ്മമാർക്കും അപേക്ഷിക്കാവുന്നതാണ്.
- ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ
ഭർത്താവ് മരണപ്പെട്ടവർ. ഏഴ് വർഷത്തിലധികമായി ഭർത്താവിനെ കാണാതെ യാതൊരു വിവരവും ലഭ്യമല്ലാത്തവർ.
ഭർത്താവ് ഉപേക്ഷിച്ച് 7 വർഷം കഴിഞ്ഞതും പുനർ വിവാഹിതർ ആയിട്ടില്ലാത്തവരുമായ 50 വയസ്സു കഴിഞ്ഞ സ്ത്രീകൾ. നിയമപരമായി വിവാഹമോചനം നേടിയവരെ വിധവയായി കണക്കാക്കാനാകില്ല അതിനാൽ അവർക്ക് വിധവ പെൻഷന്‍ ലഭിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
സാമൂഹ്യ സുരക്ഷാ പെൻഷന്‍- NSAP – പൊതു മാനദണ്ഡങ്ങൾ
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
- ബി.പി.എല്‍ വിഭാഗത്തിലുള്ളവരായിരിക്കണം
- അപേക്ഷകന് 60 വയസ് പൂർത്തിയായിരിക്കണം.
- (60 വയസ്സ് മുതല്‍ 79 വയസ്സ് വരെ 200 രൂപാ നിരക്കിലും, 80 വയസ്സും അതിനു മുകളിലുമുള്ളവര്‍ക്ക് 500 രൂപാ നിരക്കിലും )
ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ
- ബി.പി.എല്‍ വിഭാഗത്തിലുള്ളവരായിരിക്കണം
- അപേക്ഷകയ്ക്ക് 40 വയസ് പൂർത്തിയായിരിക്കണം.
ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍
- ബി.പി.എല്‍ വിഭാഗത്തിലുള്ളവരായിരിക്കണം.
- അപേക്ഷകന് 18 വയസ് പൂർത്തിയായിരിക്കണം.
- 80 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള വ്യക്തി ആയിരിക്കണം.