വാര്‍ഷിക പദ്ധതി

എല്ലാ വര്‍ഷവും സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡിന്‍റെയും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്‍റെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് വികേന്ദ്രീകൃത ഭരണ സംവിധാനത്തിനായി വാര്‍ഷിക പദ്ധതി  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നുണ്ട്.

 തദ്ദേശ സ്ഥാപനങ്ങളുടെ വികസന രേഖകള്‍, സബ് പ്ലാനുകള്‍ വഴിയായി  പ്രത്യേക  താല്പര്യമുള്ള  ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ കൂടി നിറവേറ്റേണ്ടതാണെന്ന് നിഷ്കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. വനിതാ വികസനത്തിനായുള്ള വനിതാ ഘടക പദ്ധതികള്‍, ആദിവാസി വികസനത്തിനായുള്ള പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി, പട്ടിക ജാതി  വിഭാഗത്തിന്‍റെ വികസനത്തിനായുള്ള പട്ടിക ജാതി ഉപ പദ്ധതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. 

 ഇതിനുമുപരിയായി, വാര്‍ഷിക പദ്ധതിയുടെ 5% കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയ ദുര്‍ബ്ബല മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. 

വനിതാ ഘടക പദ്ധതി (WCP)


പ്രാദേശിക ഭരണത്തിന്‍റെ മുഖ്യധാരയിലേക്കെത്തേണ്ട വിഷയങ്ങളായ ലിംഗ പദവി പഠനങ്ങള്‍, ലിംഗ – പ്രതികരണ പരമായ ആസൂത്രണം, ജന്‍ഡര്‍ ബഡ്ജറ്റിംഗ്, ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ തുടങ്ങി ലിംഗപദവി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതും സ്ത്രീകള്‍ക്ക് നേരിട്ട് പ്രയോജനപ്രദമാകുന്നതുമായ പദ്ധതികള്‍ക്കായി, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ടില്‍ നിന്നും 10% തുകയാണ് വനിതാ ഘടക പദ്ധതിക്കുവേണ്ടി നീക്കിവച്ചിരിക്കുന്നത്. 


പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി & പട്ടിക ജാതി ഉപ പദ്ധതി


പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും അവരുടെ അഭിവൃദ്ധിക്കും മാത്രമായി ഉപയോഗപ്പെടുത്താവുന്ന വിധം  തദ്ദേശ ഭരണകൂടത്തിന്‍റെ എല്ലാ തട്ടുകളിലും പട്ടിക വര്‍ഗ വിഭാഗങ്ങളുടെയും  പട്ടിക ജാതി വിഭാഗങ്ങളുടെയും ജനസംഖ്യക്ക് ആനുപാതികമായി ഒരു തുക നീക്കിവക്കുന്നുണ്ട്.  തദ്ദേശ സ്ഥാപനത്തിന്‍റെ വികസന ഗ്രാന്‍റിന്‍റെ 10% പട്ടിക ജാതി ഉപ പദ്ധതിക്കും 2% പട്ടിക വര്‍ഗ്ഗ ഉപപദ്ധതിക്കുമായി ചെലവഴിച്ചു വരുന്നു. ഈ തുക ആവശ്യാനുസരണമായി ആസ്തി വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനത്തിനായുള്ള സഹായം എന്നിവക്ക് പുറമെ മറ്റു പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കായും ചെലവഴിക്കേണ്ടതാണ്. 

 
വാര്‍ഷിക പദ്ധതിയുടെ 5%

ഇതിനു പുറമെ വികസനഫണ്ടിന്‍റെ 5% കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവര്‍ക്കും മറ്റ് 5% വയോജനങ്ങള്‍ക്കും സാന്ത്വന ചികിത്സ പദ്ധതികള്‍ക്കും മാറ്റിവയ്ക്കേണ്ടതാണ്.