ഭാരതത്തിലെ ഒരു സംസ്ഥാനത്തിലെയോ കേന്ദ്ര ഭരണ പ്രദേശത്തിലെയോ പ്രാദേശിക സര്‍ക്കാരിലേക്കുള്ള തെരെഞ്ഞെടുപ്പ് നടത്തുന്നതിനായി ഭരണഘടനാപരമായി സ്വതന്ത്ര ചുമതലയുള്ള അധികാര സംവിധാനമാണ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍.  രാജ്യത്തെ ഓരോ സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനും അവരവരുടേതായ തെരെഞ്ഞെടുപ്പ് കമ്മീഷനുകളുണ്ട്.  അവയുടെ കര്‍ത്തവ്യങ്ങളുടെയും ചുമതലകളുടെയും ഒരു പൊതുവായ അവലോകനം:

കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ 1993  ഡിസംബര്‍ 3നു നിലവില്‍ വന്നു. ഭാരതത്തിന്‍റെ ഭരണഘടനയുടെ അനുച്ഛേദം (Article) 243(K) clause 1 പ്രകാരം കേരള ഗവര്‍ണര്‍ ആണ് തെരെഞ്ഞെടുപ്പ് കമ്മീഷണറെ  നിയമിക്കുന്നത്.  കമ്മീഷണറായി ഉത്തരവാദിത്വം ഏല്‍ക്കുന്ന തീയതി മുതല്‍ അഞ്ചു വര്‍ഷ കാലത്തേക്കോ, അന്‍പത്തിയഞ്ചു വയസ്സ് പൂര്‍ത്തിയാകുന്നതോ, ഏതാണോ ആദ്യം വരുന്നത് അതു വരെയായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അധികാര കാലാവധി.

 

ഇതുവരെ നിയമിക്കപ്പെട്ടിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിയമിക്കപ്പെട്ട വര്‍ഷം

സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മിഷണര്‍

ഒന്നാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

1993 

എം.എസ്.കെ. രാമസ്വാമി ഐ.എ.എസ് (റിട്ട.)

രണ്ടാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

1996

എം.എസ്.ജോസഫ് ഐ.എ.എസ് (റിട്ട.)

മൂന്നാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

2001

എന്‍. മോഹന്‍ദാസ് ഐ.എ.എസ് (റിട്ട.)

നാലാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

2006

പി.കമാല്‍കുട്ടി ഐ.എ.എസ് (റിട്ട.)

അഞ്ചാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

2011

കെ. ശശിധരന്‍നായര്‍

ആറാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

2016

വി.ഭാസ്കരന്‍ 

ഏഴാമത്   സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

2021

ശ്രീ എ ഷാജഹാന്‍

സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളുടെയും ലോക്സഭാ മണ്ഡലങ്ങളുടെയും അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനായി 2002ലെ ഡീലിമിറ്റേഷന്‍ ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭാരതത്തിലെ ഡീലിമിറ്റേഷന്‍ കമ്മീഷനിലെ ഒരു അംഗമാണ്.  സംസ്ഥാനത്തെ പഞ്ചായത്തുകളുടെയും, നഗരസഭകളുടെയും മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും വാര്‍ഡുകളുടെ അതിരുകള്‍ പുനര്‍നിര്‍ണയിക്കുന്നതിനായി കാലാകാലങ്ങളായി രൂപീകരിക്കുന്ന സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍റെ ചെയര്‍മാന്‍ കൂടിയാണ്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചുമതലകള്‍:

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുക : പഞ്ചായത്തുകള്‍, നഗര സഭകള്‍, മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ സംഘടിപ്പിക്കുകയും ആയതു നടത്തുകയും ചെയ്യുന്നതിന്‍റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ്. 

നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുക: തദ്ദേശ സ്ഥാപന തെരെഞ്ഞെടുപ്പുകള്‍ക്കായി നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം ചെയ്യുന്നതില്‍ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പ്രധാന ചുമതല വഹിക്കുന്നു. ന്യായമായ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായി ഇലക്ട്റല്‍ വാര്‍ഡുകളുടയും നിയോജക മണ്ഡലങ്ങളുടെയും അതിര്‍ത്തികള്‍ കൃത്യമായി നിര്‍വ്വചിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. 

 തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നടപ്പിലാക്കുക : വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ധാര്‍മികതയില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും വ്യതിചലിക്കുന്നില്ലായെന്നും മത്സര മര്യാദ പാലിക്കുന്നുണ്ടെന്നതും ഉറപ്പാക്കുന്നതിനായി മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മിഷനാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുക : പ്രാദേശിക തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിനും  അവക്ക് നിയമ സാധുത നല്കുന്നതിനുമുള്ള ഉത്തരവാദിത്വവും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുള്ളതാണ്.

തെരെഞ്ഞെടുപ്പ് ചെലവുകള്‍ അവലോകനം ചെയ്യുക : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ദുര്‍വ്യയം ഒഴിവാക്കുന്നതിനായി  സ്ഥാനാര്‍ഥികളുടെയും  രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവ്  അവലോകനം ചെയ്യുന്നതും നിയന്ത്രിക്കുന്നതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനാണ്. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുക : വോട്ടര്‍ പട്ടിക, സ്ഥാനാര്‍ത്ഥിത്വം, തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തുടങ്ങി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും കൈകാര്യം ചെയ്യുന്നതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനാണ്. 

വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുക: തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതിന്‍റെ പ്രാധാന്യം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി വോട്ടര്‍മാരെ പഠിപ്പിക്കുന്നതിനും ബോധവല്‍ക്കരണ  പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും  സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പരിശ്രമിക്കുന്നു.

അനുബന്ധ ലിങ്കുകൾ