തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്കെതിരായുള്ള അപ്പീലുകളും പുനരവലോകനങ്ങളും പരിഗണിക്കുകയും തീര്‍പ്പുകല്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം, തദ്ദേശ സ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യുണലിനാണുള്ളത്. ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നിയമ വിദഗ്ധനാണ് ട്രിബുണലിനെ നിയമിക്കുന്നത്. തദ്ദേശ സ്ഥാപനമെടുക്കുന്ന തീരുമാനങ്ങളുടെ നിയമസാധുതയും  ക്ഷമതയും സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും പരാമര്‍ശം ലഭിക്കുന്ന പക്ഷം  ആയതിന്മേല്‍ അഭിപ്രായ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം കൂടി ട്രിബ്യൂണലിനു  നല്‍കിയിട്ടുണ്ട്.  ഏതു ഉത്തരവിനെതിരെയാണോ പരാതിയുള്ളത് ആ ഉത്തരവിന്‍റെ തീയതി മുതല്‍ 30 ദിവസത്തിനകം ഫാറം സി യിലാണ് ഹര്‍ജി ട്രിബ്യൂണലിന് നല്‍കേണ്ടത്. ട്രിബ്യൂണലിന്‍റെ അനുമതിയുള്ള പക്ഷം ഒരു മാസത്തെ കാലതാമസത്തോടുകൂടി ഒരു നിവേദനമോ തിരുത്തലോ സമര്‍പ്പിക്കാവുന്നതാണ്.  തദ്ദേശ സ്ഥാപനത്തില്‍ സമര്‍പ്പിച്ച ഒരു നിവേദനത്തിനു അറുപത്  ദിവസമായിട്ടും ഒരു തീര്‍പ്പുണ്ടാകാത്ത പക്ഷം, തൊണ്ണൂറു ദിവസത്തിനുള്ളില്‍ ട്രിബ്യൂണലിനു ഒരു ഹര്‍ജി സമര്‍പ്പിച്ചാല്‍ മതിയാകുന്നതാണ്. ഈ ഹര്‍ജിയെ എതിര്‍ക്കുന്നവര്‍ ഉണ്ടാകാന്‍  സാധ്യതയുള്ളതിനാല്‍, ഹര്‍ജിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബന്ധപ്പെട്ട മറ്റു രേഖകളും, കഴിയുന്നത്ര സത്യവാങ്മൂലങ്ങളും,   ട്രിബ്യൂണലിലേക്കു നേരിട്ടോ  റജിസ്ട്രേഡ് തപാലിലോ എത്തിക്കാവുന്നതാണ്.  ഹര്‍ജിയോടൊപ്പം, ട്രിബ്യൂണലിന്‍റെ തിരുവനന്തപുരം ഓഫീസില്‍ മാറാവുന്ന അമ്പതു  രൂപയുടെ   ഡി ഡി യും ഉള്ളടക്കം ചെയ്യേണ്ടതാണ്. ഇതിനു പുറമെ, ഹര്‍ജിയിന്മേല്‍ 100  രൂപയുടെ ലീഗല്‍ ബെനഫിറ്റ്  ഫണ്ട്  സ്റ്റാമ്പ് പതിക്കേണ്ടതുമാണ്. 

വിലാസം :
സെക്രട്ടറി,
ട്രിബ്യൂണല്‍ ഫോര്‍ ലോക്കല്‍ ബോഡീസ്,
ശ്രീമൂലം ബില്‍ഡിങ്സ്, കോര്‍ട്ട് കോംപ്ലക്സ്, 
വഞ്ചിയൂര്‍, തിരുവനന്തപുരം

അനുബന്ധ ലിങ്കുകൾ