തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാന്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതെങ്കിലും വിധത്തിലുള്ള അഴിമതിയോ, ഭരണ വൈകല്യങ്ങളോ, ക്രമക്കേടുകളോ നടന്നാല്‍ ആയതു സംബന്ധിച്ച് പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനുമായി സംസ്ഥാന തലത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കായി രൂപീകരിച്ചിരിക്കുന്ന ഒരു അധികാര സംവിധാനമാണ് ഓംബുഡ്സ്മാന്
തുടക്കത്തില്‍, 29-05 -2000 ത്തില്‍ ഏഴു അംഗങ്ങളുള്ള ഒരു ഓംബുഡ്സ്മാന് ആണ് കേരള സര്‍ക്കാര്‍ രൂപീകരിച്ചത്. ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനം വഹിക്കുന്ന ഒരാള്‍ ചെയര്‍മാനായും ശേഷിക്കുന്ന ആറുപേര്‍ നീതിന്യായം, ഭരണ സംവിധാനം, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലയില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും ആയിരിക്കും. പിന്നീട്, 11-12-2001 ലെ S.R.O. No. 1105/2001 വിജ്ഞാപന പ്രകാരം, ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനം വഹിച്ചിരുന്ന ഒരു വ്യക്തി മാത്രം ഉള്‍കൊള്ളുന്ന ഒരു ഏകാംഗ ഓംബുഡ്സ്മാന് നിലവില്‍ വന്നു. ഓഫീസില്‍ ഉത്തരവാദിത്വമേല്ക്കുന്ന തീയതി മുതല്‍ മൂന്നു വര്‍ഷക്കാലത്തേക്കായിരിക്കും ഓംബുഡ്സ്മാന്റെ കാലാവധി.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കായുള്ള വിവിധ ഓംബുഡ്സ്മാന് പദവി വഹിച്ചിരുന്നവരുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കാലയളവ് | ഓംബുഡ്സ്മാന്റെ പേര് |
2000-2001 | ജസ്റ്റിസ് പി എ മുഹമ്മദ് (ചെയര്മാന്) ശ്രീ. എം എ നിസാര്‍ ശ്രീ പി എസ് ദിവാകരന് ഡോ. ഡി ബാബു പോള്‍ IAS ശ്രീ കെ മോഹനചന്ദ്രന് IAS പ്രൊഫ. ടി വി ബാലന് പ്രൊഫ ആര് ബാലകൃഷ്ണന് നായര്‍ |
2001-2004 | ജസ്റ്റിസ് കെ പി രാധാകൃഷ്ണ മേനോന് |
2005-2008 | ജസ്റ്റിസ് ടി കെ ചന്ദ്രശേഖര ദാസ് |
2008-2011 | ജസ്റ്റിസ് എം ആര് ഹരിഹരന് നായര്‍ |
2011-2014 | ജസ്റ്റിസ് എം എന്‍ കൃഷ്ണന് |
2014-2017 | ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസ് |
2017-2020 | ജസ്റ്റിസ് കെ കെ ദിനേശന് |
2021 മുതല്‍ നാളിതുവരെ | ജസ്റ്റിസ് പി എസ് ഗോപിനാഥന് |
ഓംബുഡ്സ്മാന്ന്റെ കര്‍ത്തവ്യങ്ങള്‍
- ഒരു പരാതിപ്രകാരമോ സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമോ, ഓംബുഡ്സ്മാന്റെ ശ്രദ്ധയില്പെട്ടതോ ആയ ഒരു ആരോപണത്തിന്മേല് അന്വേഷണം നടത്തുക.
- അഴിമതിയോ ഭരണവൈകല്യമോ സൂചിപ്പിച്ചുകൊണ്ട് ഏതെങ്കിലും ഒരു പൊതുജന സേവകനെപറ്റിയോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തെപ്പറ്റിയോ കുറ്റാരോപണം ഉണ്ടാവുകയും തുടര്‍ന്ന് താഴെ കൊടുത്തിരിക്കുന്നതു പോലെയുള്ള ഉത്തരവുകള്‍ ഈ ആരോപണത്തിന്മേല് പുറപ്പെടുവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, പരാതിയിന്മേല് അന്വേഷണം നടത്തുക.
- സൂചിപ്പിച്ചിരിക്കുന്ന കുറ്റം ഒരു പൊതുജന സേവകന് ചെയ്ത ക്രിമിനല്‍ കുറ്റമായാല്‍ അത് അന്വേഷണങ്ങള്‍ക്കായി ചുമതലപ്പെട്ട സ്ഥാപനത്തിലേക്ക് ഏല്പിക്കേണ്ടതാണ് .
- സൂചിപ്പിച്ചിരിക്കുന്ന ക്രമരാഹിത്യം മൂലം ഏതെങ്കിലും ഒരു പൗരന് കഷ്ടനഷ്ടങ്ങളോ അസൗകര്യങ്ങളോ ഉണ്ടാവുകയും തദ്ദേശ ഭരണ സ്ഥാപനത്തോട് അയാള്‍ക്കുള്ള നഷ്ടപരിഹാരം നല്കാന് നിര്‍ദ്ദേശിക്കുകയും പ്രസ്തുത പ്രശ്നത്തിന് കാരണക്കാരനായ വ്യക്തിയില്‍ നിന്നും ഈടാക്കുകയും ചെയ്യേണ്ട സാഹചര്യം
- നടന്ന ക്രമവിരുദ്ധത മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ഏതെങ്കിലും വിധത്തിലുള്ള നഷ്ടമോ പാഴ്ച്ചെലവോ ഫണ്ടിന്റെ ദുരുപയോഗമോ ഉണ്ടായെങ്കില്‍ ആ തുക പ്രശ്നത്തിന് കാരണക്കാരനായവരില്‍ നിന്നും ഈടാക്കേണ്ടതാണ്.
- എതെങ്കിലും വിധത്തിലുള്ള ഉപേക്ഷ കൊണ്ടോ ഉദാസീനത കൊണ്ടോ ആണ് മേല്പറഞ്ഞ ക്രമവിരുദ്ധത ഉണ്ടായത് എങ്കില്‍ ആ ഉപേക്ഷ മാറ്റി വച്ച് പ്രശ്നം പരിഹരിക്കേണ്ടതാണ്.
- ആരോപണവിധേയമായ പ്രവൃത്തി മൂലം പരാതിക്കാരന് വളരെയധികം കഷ്ടനഷ്ടങ്ങള്‍ സംഭവിക്കുമെന്ന് ബോധ്യപ്പെട്ടാല്‍, പരാതിക്കാരന്റെ താല്‍പ്പര്യത്തിന് ഹാനികരമായ എന്തെങ്കിലും നടപടി എടുക്കുന്നതില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ തടഞ്ഞുകൊണ്ട് ഓംബുഡ്സ്മാന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കാം.
- വ്യക്തിപരമായ ലാഭത്തിനു വേണ്ടിയുള്ള അഴിമതി, ഈ ക്രമരാഹിത്യത്തിനു പിന്നിലുണ്ട് എന്ന അഭിപ്രായമുണ്ട് എങ്കില്‍ നഷ്ടപരിഹാരത്തിന് പുറമെ ഒരു പിഴ കൂടി ചുമത്തുന്നതിനു ഓംബുഡ്സ്മാന് ഉത്തരവിടാവുന്നതാണ്.
വിലാസം
ഓംബുഡ്സ്മാന് ഫോര്‍ LSGI കേരള ,
സാഫല്യം കോംപ്ലക്സ്, നാലാംനില,
ട്രിഡ ബില്‍ഡിംഗ്, യൂണിവേഴ്സിറ്റി പി.ഓ.,
തിരുവനന്തപുരം -695 034
ഫോണ്‍ 0471 -2333542
ഇമെയില്‍: ombudsmanlsgi@gmail.com