ഭവനരഹിതരും ഭൂരഹിതരുമായവരുടെ ഭവന ആവശ്യങ്ങള്‍ക്ക് ഒരു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടുകൂടി സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് ഏറ്റെടുത്ത ഒരു ഉദ്യമമാണ് ലൈഫ് മിഷന്‍. അര്‍ഹതയുള്ള കുടുംബങ്ങളെ കണ്ടെത്തല്‍, പ്രാദേശിക സര്‍ക്കാരുകള്‍, സംസ്ഥാന വകുപ്പുതല പദ്ധതികള്‍, കേന്ദ്ര ഫണ്ടുകള്‍ തുടങ്ങി വിവിധ സ്രോതസ്സുകളെ ഏകോപിപ്പിച്ചുകൊണ്ട് സാധുക്കള്‍ക്കായുള്ള ഭവന നിര്‍മാണം, അടിസ്ഥാന മാതൃകയാക്കാവുന്ന ഒരു ഭവന പദ്ധതി തയ്യാറാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ചുകൊണ്ട് മിഷന്‍ സംഘടിപ്പിച്ച ക്യാമ്പയിന്‍ വഴിയായി, 2023 ഡിസംബര്‍ പകുതിയോടെ 365531  വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷന് സാധിച്ചു.

മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികള്‍ വഴിയായി നിര്‍മാണം ആരംഭിച്ച്, പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട വീടുകളുടെ നിര്‍മാണവും ഈ പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കുന്നുണ്ടെന്ന കാര്യം എടുത്തു പറയേണ്ടതാണ്. “മനസ്സോടിത്തിരി മണ്ണ്” എന്ന ക്യാമ്പയിന്‍ വഴി, 2023 നവംബര്‍ മാസം വരെ 2834.65 സെന്‍റ് ഭൂമി സ്വമേധയാ സംഭാവനയായി ലഭ്യമാക്കുവാനും  ലൈഫ് മിഷന് സാധിച്ചു.  സമഗ്ര ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി പ്രീ ഫാബ്രിക്കേറ്റഡ് പാര്‍പ്പിട സമുച്ഛയങ്ങള്‍ നിര്‍മിക്കാന്‍  കഴിഞ്ഞുവെന്നത് ഈ രംഗത്തെ  മിഷന്‍റെ നൂതനമായ ഒരു ചുവടുവെപ്പാണ്. 

അനുബന്ധ ലിങ്കുകൾ