2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഭാരത സര്‍ക്കാര്‍ നടപ്പിലാക്കുന്ന മഹാത്മാ ഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ, ‘മുഖ്യമായ പദ്ധതികളില്‍ പ്രമുഖമായത്’ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.  അവിദഗ്ദ്ധ കായികാധ്വാനത്തിനു താല്പര്യമുള്ളതും പ്രായപൂര്‍ത്തിയായതുമായ വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക്, ഓരോ സാമ്പത്തിക വര്‍ഷവും ഏറ്റവും കുറഞ്ഞ വേതനത്തോടെ, 100 ദിവസ്സത്തേക്കെങ്കിലും ദിനവേതന  തൊഴില്‍,  ആവശ്യാധിഷ്ഠിതമായി നല്‍കുന്നതു വഴിയായി, ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഉപജീവനം ഉറപ്പാക്കുന്ന നിയമമാണ് ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് നിയമം. ഈ പദ്ധതിയിലൂടെ തൊഴിലാളികളുടെ വേതനം  ഭരണ ചെലവ് എന്നിവ മുഴുവനായും നിര്‍മാണ സാമഗ്രികളുടെ ചെലവിന്‍റെ 75 ശതമാനവും കേന്ദ്രം വഹിക്കുന്നതും നിര്‍മാണ സാമഗ്രികളുടെ ചെലവിന്‍റെ  25 ശതമാനം സംസ്ഥാനം വഹിക്കേണ്ടതുമാണ്. 

മറ്റു വകുപ്പുകളുടെയും മിഷനുകളുടെയും പദ്ധതികളുമായി സംയോജനം സാധ്യമാക്കുന്നത് വഴിയായി തൊഴിലുറപ്പു പദ്ധതിയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനു സംസ്ഥാന ഗവണ്മെന്‍റ് പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും നിര്‍ണായകമായ ഒന്നാണ്, കുടുംബശ്രീയുമായുള്ള സംയോജിത പ്രവര്‍ത്തനം. സഹായം ആവശ്യമായ കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് കരസ്ഥമാക്കുന്നതിനും ലേബര്‍ ബജറ്റ് തയ്യാറാക്കുന്നതിലും കുടുംബശ്രീ ഇടപെടുന്നു.  കുടുംബശ്രീയുടെ അതിവിപുലമായ  സമ്പര്‍ക്ക സംവിധാനം വഴിയായി സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലും നിന്നു പോലും  തൊഴിലുറപ്പു പദ്ധതിക്കായുള്ള ആവശ്യം വളര്‍ത്തിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്.  തൊഴിലുറപ്പു പദ്ധതി മേറ്റുകള്‍ എല്ലാവരും തന്നെ കുടുംബശ്രീയുടെ ഏരിയ ഡവലപ്മെന്‍റ് സൊസൈറ്റികളില്‍ (ADS) നിന്നുള്ളവരായതിനാല്‍, പദ്ധതിയില്‍ 100% വനിതാ മേറ്റുകളെ ഉറപ്പാക്കാനുമായിട്ടുണ്ട്.   കുടുംബശ്രീയുടെ ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പു(JLGs)കളുമായുള്ള  ഏകീകരണം വഴിയായി ഭൂവികസന പ്രവര്‍ത്തനങ്ങളും തരിശു ഭൂമിയിലെ കൃഷിയും തമ്മിലുള്ള സംയോജനവും സാധ്യമാക്കിയിട്ടുണ്ട്. പച്ചത്തുരുത്തുകള്‍ വികസിപ്പിക്കുന്നതിലും നീര്‍ചാലുകളുടെ ശുചീകരണത്തിനും പുനഃസ്ഥാപനത്തിനുമായി (ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതി) ‘ഹരിത കേരളം സംരംഭം’ തൊഴിലുറപ്പു പദ്ധതിയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മാലിന്യപരിപാലന പ്രവര്‍ത്തനങ്ങളെ തൊഴിലുറപ്പു പദ്ധതിയുമായി സമന്വയിപ്പിക്കുകയും അതുവഴിയായി ചെറുതരം  മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളുടെ (Mini MCFs) നിര്‍മ്മാണം, വ്യക്തിഗതവും പൊതുവായിട്ടുള്ളതുമായ കമ്പോസ്റ്റു കുഴികള്‍, മലിനജല പരിപാലനത്തിനായുള്ള സോക് പിറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം എന്നിവക്കായി ശുചിത്വ മിഷന്‍ തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തു പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി നടപ്പിലാക്കിയ കാട്ടാക്കട, നെടുമുടി എന്നിവിടങ്ങളില്‍ പദ്ധതി നിര്‍വ്വഹണത്തിനായി തൊഴിലുറപ്പു പദ്ധതിയെയാണ് കൂടുതലായി ആശ്രയിച്ചിട്ടുള്ളത്.  കയര്‍ ഭൂവസ്ത്രങ്ങളുടെ വ്യാപകമായ ഉപയോഗം കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്.

2024 -25  സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയും അതുവഴിയായി  രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള നടപടികള്‍ കൈക്കൊള്ളുന്നതാണ്.  10.5 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പദ്ധതിയിട്ടിട്ടുള്ളത്.  സംസ്ഥാനത്തിന്‍റെ സ്വന്തം ആസ്തിയില്‍ നിന്നും പണം ചെലവഴിച്ച്, ആദിവാസി കുടുംബങ്ങള്‍ക്കായി 100 തൊഴില്‍ദിനങ്ങള്‍ അധികമായി നല്‍കുന്നതിനായി, ട്രൈബല്‍ പ്ലസ് എന്നൊരു സംരംഭം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 

സാമ്പത്തികമായി അവശത അനുഭവിക്കുന്നവര്‍ക്കും ഉപജീവനത്തിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തവരുമായ കുടുംബങ്ങള്‍ക്ക് ഒരു  സുരക്ഷാ വലയമെന്ന വിധം പ്രസക്തമാണ് തൊഴിലുറപ്പു പദ്ധതി എന്നതാണ് കേരളത്തില്‍  ഈ പദ്ധതിയുടെ കരുത്ത്. പ്രാദേശികമായ പ്രശ്നങ്ങള്‍ക്ക്, പരിസ്ഥിതി സൗഹൃദവും കാലാവസ്ഥാ പ്രതിരോധ സംവിധാനവുമുള്ള പരിഹാരം കണ്ടെത്തുന്നതിനും ദരിദ്ര ജന വിഭാഗത്തിന് ഒരു സുസ്ഥിര ജീവനോപാധി സൃഷ്ടിക്കുന്നതിനുള്ള അവസരം തുറന്നിടുന്നതിലും ഈ പദ്ധതി ഒരു മാതൃകയാണ്.  കേരള സര്‍ക്കാര്‍, ദേശീയ  ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെ നഗര പ്രദേശങ്ങളിലേക്ക് കൂടി  കൊണ്ടുവരിക എന്ന ആശയം പ്രാബല്യത്തില്‍ വരുത്തുകയും,  നഗര പ്രദേശങ്ങളിലുള്ള തൊഴിലാളികള്‍ക്കായി അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി (AUEGS) എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.  2021 ലെ തൊഴിലുറപ്പു തൊഴിലാളി ക്ഷേമ നിധി നിയമം വഴിയായി തൊഴിലുറപ്പു  തൊഴിലാളികള്‍ക്ക് ഒരു ക്ഷേമ നിധിയും ക്ഷേമ നിധി ബോര്‍ഡും രൂപീകരിച്ചുവെന്നതും എടുത്തുപറയേണ്ട മറ്റൊരു ചുവടുവെപ്പാണ്.

അനുബന്ധ ലിങ്കുകൾ