കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP)
നിലവിലുള്ള ഖര മാലിന്യ പരിപാലന സംവിധാനം ശക്തിപ്പെടുത്തുകയും, അത് വഴിയായി കേരളത്തിലെ പട്ടണങ്ങളും നഗര പ്രദേശങ്ങളും വൃത്തിയുള്ളതും താമസയോഗ്യവുമാക്കി വക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരും നഗര തദ്ദേശ സ്ഥാപനങ്ങളും (ULBs) ചേര്‍ന്ന് നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. ഈ പദ്ധതിയുടെ നടത്തിപ്പിനായി കേരള സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് വേള്‍ഡ് ബാങ്കും ഏഷ്യന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കുമാണ് (AIIB) . ആഗോളതലത്തില്‍ ഖര മാലിന്യ പരിപാലനത്തിലെ മികച്ച മാതൃകകള്‍ അനുവര്‍ത്തിക്കുന്നതിനു ഇവര്‍ സഹായിക്കുന്നുണ്ട്. സംസ്ഥാനത്തെ 93 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ ഖര മാലിന്യ പരിപാലനത്തിന് ഈ പദ്ധതി പിന്തുണ നല്‍കി വരുന്നു. പദ്ധതി നിര്‍വഹണ കാലാവധി 2021 മുതല്‍ 2027 വരെയുള്ള ആറു വര്‍ഷക്കാലമാണ്.
ഈ പദ്ധതിക്ക് മൂന്നു ഘടകങ്ങളാണുള്ളത് (Components):
1) സ്ഥാപന വികസനം, കാര്യശേഷി വികസനം, പദ്ധതി നിര്‍വഹണം
ഇതില്‍ ഇനി പറയുന്ന ഉപഘടകങ്ങള്‍ ഉള്‍പ്പെടുന്നു. (i) സംസ്ഥാന തല ഏജന്‍സികള്‍ക്കുള്ള സാങ്കേതീക സഹായം. (ii) നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സാങ്കേതീക സഹായം (iii) ഖര മാലിന്യ പരിപാലന (SWM) വൈദഗ്ധ്യമുണ്ടാക്കല്‍, പരിശീലന ബോധവല്‍ക്കരണ പരിപാടികള്‍, ഇന്‍ഫര്‍മേഷന്‍, എഡ്യൂക്കേഷന്‍, കമ്മ്യൂണിക്കേഷന്‍ (IEC) സപ്പോർട്ട് (iv) പദ്ധതി നിര്‍വഹണ സഹായം.
2) ഖര മാലിന്യ പരിപാലനത്തിനായി നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കു ധന സഹായം
പദ്ധതിയില്‍ പങ്കെടുക്കുന്ന നഗര തദ്ദേശ സ്ഥാപങ്ങള്‍ക്കായി (ULBs), അവരുടെ നിലവിലുള്ള ഖര മാലിന്യ സംസ്കരണ (SWM) സംവിധാനവും കാര്യക്ഷമതയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ധന സഹായം നല്‍കി വരുന്നു.
3) പ്രാദേശികമായ ഖര മാലിന്യ സംസ്കരണ (SWM) സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുക.
ഒന്നില്‍ കൂടുതല്‍ നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് (ULB) പ്രയോജനപ്രദമാകുന്ന സൗകര്യങ്ങളുടെ നിര്‍മാണം, പുനഃസ്ഥാപനം, അടച്ചുപൂട്ടല്‍, പരിഹാരങ്ങള്‍ കണ്ടെത്തല്‍, സജ്ജീകരിക്കല്‍ എന്നിവക്ക് KSWMP സാമ്പത്തീക സഹായം നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്നതും നഗര തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി വരുന്നതുമായ പ്ലാന്‍ ഫണ്ടുകള്‍ക്കു പുറമെയാണ് KSWMP അനുവദിക്കുന്ന ധന സഹായം.
വേള്‍ഡ് ബാങ്കും AIIBയും സംയുക്തമായി സഹായിച്ചുവരുന്ന ഈ പദ്ധതിയുടെ ഭാഗമായി കാര്യശേഷി വികസനം, ഖര മാലിന്യ സംസ്കരണ (SWM) ഉപകരണങ്ങള്‍ വാങ്ങുന്നതിനും, മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലം സംബന്ധിച്ച പ്രശ്നപരിഹാരങ്ങള്‍ക്കും പ്രാദേശീക അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 2400 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ലഭ്യമായ മാലിന്യത്തിന്‍റെ അളവ് സംബന്ധിച്ചു സര്‍വ്വേ നടത്തി കണ്ടെത്തിയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ശാസ്ത്രീയമായി വിശകലനം നടത്തിയതിനും ശേഷം, ഖര മാലിന്യ പരിപാലന പദ്ധതി തയ്യാറാക്കുന്നതിനും KSWMP നഗര തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുന്നു. സ്ത്രീ സൗഹൃദവും തൊഴിലാളി സൗഹൃദവുമായ തൊഴില്‍ സൗകര്യങ്ങള്‍, മാലിന്യം നീക്കം ചെയ്യുന്നതിന് അനുയോജ്യമായ വാഹന സൗകര്യം തുടങ്ങി ജൈവ, അജൈവ ഖര മാലിന്യ പരിപാലനത്തിനാവശ്യമായ സുസ്ഥിര സംവിധാനങ്ങളുടെ കുറവ് ഇല്ലാതാക്കുന്നതിനാണ് ഖര മാലിന്യ പരിപാലന പദ്ധതി (SWM Plan) ലക്ഷ്യമിടുന്നത്.