തദ്ദേശ സ്വയം ഭരണ വകുപ്പിനെ അറിയുക

മറ്റ് സര്‍ക്കാര്‍ വകുപ്പുകളെക്കാള്‍ തികച്ചും വ്യത്യസ്തമായ ഒരു വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. മറ്റ് വകുപ്പുകളില്‍ നിന്ന് വിഭിന്നമായി, സംരഭകന്‍റെ, സംയോജകന്‍റെ, കാവല്‍ക്കാരന്‍റെ  ഒക്കെ പങ്കാണ് വകുപ്പിനു വഹിക്കാനുള്ളത്. പ്രാദേശിക ഭരണകൂടങ്ങളുടെ ഭരണഘടനാപരമായ ചുമതലകള്‍ കൈവരിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും സജ്ജരാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ചെയ്യുന്നു. സുസ്ഥിര വളര്‍ച്ചയ്ക്ക് ഉപയുക്തമായ പ്രാദേശിക മാതൃകകള്‍ വികസിപ്പിച്ചെടുക്കുന്നതിനും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വ്വഹണത്തിലും പ്രാദശിക ഭരണകൂടങ്ങളെ വകുപ്പ് സഹായിക്കുന്നു. ചട്ടങ്ങളും നിയമങ്ങളും അനുശാസിക്കുന്ന വിധത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പാലിക്കേണ്ടതായ ചുമതലകള്‍ ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതും പ്രാദേശിക ഭരണം മെച്ചപ്പെടുത്തുന്നതിന് നയസംബന്ധമായ ദിശാബോധം നല്‍കുന്നതും വകുപ്പിന്‍റെ ചുമതലയാണ്.

പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ ഉള്‍പ്പെടെയുള്ള പ്രാദേശിക ഭരണസംവിധാനങ്ങളെ നയിക്കുകയും അവയുടെ മേല്‍നോട്ടം വഹിക്കുകയും അതുപോലെ അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചട്ടക്കൂടു നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയുംചെയ്യുന്നു. 

പ്രാദേശികതലത്തില്‍ സ്ത്രീകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും അവരുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തിനും സഹായരമാകും വിധം കുടുംബശ്രീ പോലെയുള്ള ദൗത്യങ്ങള്‍ക്ക് വേണ്ട സഹായങ്ങളും ഭവന നിര്‍മ്മാണത്തിന് ആക്കം നല്‍കുന്ന ലൈഫ്മിഷനും കേരളത്തിലെ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ നട്ടെല്ലായി മാറിയ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തുടങ്ങിയവയേയും വകുപ്പ് പിന്തുണയ്ക്കുന്നു. പ്രാദേശിക ഭരണരംഗത്ത് ശേഷി നിര്‍മ്മാണം നടത്തുന്നത് കിലയാണ്. ശുചിത്വ മിഷന്‍ മാലിന്യ പരിപാലന ശുചിത്വ സംരഭങ്ങളെ ഏകോപിപ്പിക്കുന്നു. ഭരണഘടന നല്‍കുന്ന അധികാരത്തില്‍ നിന്ന് ഉയര്‍ന്നു വന്നതും നിയമപ്രകാരം പ്രവര്‍ത്തിക്കുന്നതുമായ രണ്ട് സ്ഥാപനങ്ങളാണ് സംസ്ഥാന ധനകാര്യ കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും. തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക ഭരണകൂടങ്ങളുടെ ഉത്തരവാദിത്തപ്പെട്ട  ഭരണം ഉറപ്പുവരുത്തുന്നതിന് ഓംബുഡ്സ്മാന്‍ സംവിധാനത്തിനും തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലിനും സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.  

അനുബന്ധ ലിങ്കുകൾ