ഡിജി കേരളം
1991ല്‍ സമ്പൂര്‍ണ്ണ സാക്ഷരത യജ്ഞത്തിലൂടെ നേട്ടം കൈവരിച്ചതുപോലെ ഡിജിറ്റല്‍ സാക്ഷരതയില്‍ പൂര്‍ണ്ണ സാക്ഷരത നേടുവാനുള്ള ശ്രമമാണ് ഡിജി കേരളം. എല്ലാ സേവനങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറുമ്പോള്‍ ഈ സംരംഭം ഏറെ പ്രസക്തമാവുകയും ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച അറിവും സേവനങ്ങളും ലഭ്യമാകുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഡിജികേരള സംരംഭം ഡിജിറ്റല്‍ ലോകത്തെ പ്രയോജനങ്ങള്‍ സാമൂഹ്യസാമ്പത്തിക ഭൂമിശാസ്ത്രപരമായ അവസ്ഥകളോ കണക്കിലെടുക്കാതെ തുല്യമായി എല്ലാവര്‍ക്കും ലഭിക്കുന്നുവെന്നത് ഉറപ്പുവരുത്തുകയും അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഡിജിറ്റല്‍ സാക്ഷരത സംരംഭങ്ങള്‍ സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. കില വഴി ആരംഭിച്ച പദ്ധതി മൂന്ന് പ്രധാന ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. വിവര ശേഖരണം, പരിശീലനം, സാക്ഷരത നേടിയതായുള്ള അംഗീകാരം. ഇതിന്‍റെ പ്രാഥമിക ലക്ഷ്യം 14 മുതല്‍ 65 വരെ പ്രായമുള്ള വ്യക്തികളില്‍ ഡിജിറ്റല്‍ സാക്ഷരത ഉറപ്പു വരുത്തുക എന്നതാണ്. കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ചെറുപ്പക്കാര്‍ എന്നിവരുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. നാഷണല്‍ സര്‍വ്വീസ് സ്കീം, എന്‍.സി.സി, സ്കൗട്ട്സ് & ഗൈഡ്സ് എന്നീ സംഘടനകളില്‍ നിന്ന് ചെറുപ്പക്കാരുടെ സേവനം സജീവമായി ഉപയോഗിക്കുന്നു. സന്നദ്ധസേവനത്തിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് https://digikeralam.lsgkerala.gov.in/ എന്ന ഒരു പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രാഥമികമായ വിലയിരുത്തലില്‍ കേരളത്തില്‍ 33 ലക്ഷം പേര്‍ ഡിജിറ്റല്‍ സാക്ഷരര്‍ ആകേണ്ടതുണ്ട്.