കാലാവസ്ഥാ ആക്ഷനും ദുരന്ത നിവാരണവും

ദുരന്തനിവാരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത് 2018-ലെ പ്രളയമാണ്.  ആ അനുഭവം, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും അതാതു പ്രദേശത്തെ ദുരന്തങ്ങളുടെ ചരിത്രം, ദുരന്തങ്ങള്‍ക്ക് സാധ്യത കൂടുതലുള്ള പ്രദേശങ്ങള്‍, ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ ദുര്‍ബലത അനുഭവിക്കുന്ന ജന വിഭാഗങ്ങള്‍, ദുരന്തങ്ങള്‍ തടയുന്നതു മുതല്‍  ദുരന്തങ്ങള്‍ ഉണ്ടായാല്‍ അവയുടെ ആഘാതം ലഘൂകരിക്കുന്നതിനുമായി നടത്തേണ്ട ഇടപെടലുകള്‍ തുടങ്ങിയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിലേക്കു നയിച്ചു.  ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ, വിഭവ സ്രോതസ്സുകളുടെ പട്ടിക, കോവിഡ്-19 മഹാമാരിയുടെ കാലത്ത്  വളരെയധികം പ്രയോജനപ്രദമായിരുന്നു.  റിബിള്‍ഡ് കേരള ഇനിഷ്യേറ്റിവ്ന്‍റെ കീഴില്‍ ദുരന്തങ്ങളും  കാലാവസ്ഥാവ്യതിയാനവും  കണ്ടറിയുന്നതിനുള്ള  ഡിസാസ്റ്റർ    ആന്റ് ക്ലൈമറ്റ് ആക്ഷൻ ട്രാക്കിങ് (DCAT ) ടൂളും, റിസ്ക് – ഇന്‍ഫോംഡ് മാസ്റ്റര്‍ പ്ലാന്‍ (RIMP)ന്‍റെ ചട്ടക്കൂടും വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

തദ്ദേശ സ്ഥാപനങ്ങളോട് ചേര്‍ന്ന് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍, ഡിസാസ്റ്റർ    ആന്റ് ക്ലൈമറ്റ് ആക്ഷൻ ട്രാക്കിങ് (DCAT) , ലോക്കൽ ആക്ഷൻ പ്ലാൻ ഫോർ ക്ലൈമറ്റ് ചേഞ്ച് അഡാപ്ടേഷൻ  (LAPCC) സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ട്  പ്രാദേശീക തലത്തില്‍ ഒരു കാലാവസ്ഥാനുസരണമായ ഭരണ സംവിധാനത്തിന്‍റെ ഒരു മാതൃക വികസിപ്പിച്ചെടുക്കുന്നതിനുള്ള  ശ്രമങ്ങള്‍ തുടരുകയാണ്.  കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും കാര്‍ബണ്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനുമുള്ള നെറ്റ് സീറോ കാര്‍ബണ്‍ കേരളം കാമ്പെയ്നിന്‍റെ ഭാഗമായി, എല്ലാ ജില്ലകളില്‍ നിന്നുമായി തെരെഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളില്‍ കാര്‍ബണ്‍ പുറംതള്ളല്‍ കണ്ടെത്തുകയും വിശകലനം ചെയ്യുകയും കാര്‍ബണ്‍ ബാലന്‍സ് നേടിയെടുക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

ഡിസാസ്റ്റര്‍ ആന്‍ഡ് ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കിംഗ് (DCAT)

ഡിസാസ്റ്റര്‍ ആന്‍ഡ് ക്ലൈമറ്റ് ആക്ഷന്‍ ട്രാക്കിംഗ് (ഡിസിഎടി) ടൂള്‍ വികസിപ്പിച്ചത് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവ് (RKI) പ്രോഗ്രാം ഫോര്‍ റിസള്‍ട്ട്സ് ഇനിഷ്യേറ്റിവിന്‍റെ ഭാഗമായാണ്. ദുരന്തനിവാരണത്തിനും കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാദേശിക സര്‍ക്കാരുകളുടെ ഇടപെടലുകളുടെ – വികസനത്തിനും ഭരണത്തിനും സാമൂഹ്യ ഇടപെടലുകള്‍ക്കും-  സ്വാധീനം അളക്കുക എന്നതാണ് ഇതിന്‍റെ  ഉദ്ദേശ്യം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍, ദുരന്തം മൂലമുള്ള അപടകടങ്ങളോ അല്ലെങ്കില്‍ ദുരന്തങ്ങളുടെ ആഘാതമോ കുറയ്ക്കുമോ,  പ്രകൃതി വിഭവങ്ങളെ ശക്തിപ്പെടുത്തും വിധം മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഇടപെടലുകള്‍ ലഭ്യമാണോ, അതോ പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും കൂടുതല്‍ ഉത്തരവാദിത്തമുള്ള ഇടപെടലുകള്‍ കൊണ്ടുവരുമോ? കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അപകടസാധ്യതകള്‍ അപ്രതീക്ഷിതമായോ അശ്രദ്ധമായോ വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ എന്തെങ്കിലും നിലവിലുണ്ടോ? തുടങ്ങി വിവിധ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് DCAT ടൂള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളെ നിര്‍ബന്ധിതമാക്കുന്നത്.  ഒരു തദ്ദേശ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഹഗ വീക്ഷണം നടത്തിയതിനു ശേഷം, പങ്കാളിത്തത്തിലൂന്നിക്കൊണ്ട്, സംഘം ചേര്‍ന്നുള്ള മൂല്യനിര്‍ണയവും സാങ്കേതീക വിലയിരുത്തലും നടത്തി തയ്യാറാക്കുന്ന DCAT  സ്കോര്‍ പരിശോധിച്ചാല്‍, തങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന ചിത്രം ആ തദ്ദേശ സ്ഥാപനത്തിന് വ്യക്തമാകുന്നതാണ്.  ഇത്, കാലക്രമേണ തദ്ദേശ സ്ഥാപനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കുന്ന ഒരു ടൂളായി മാറുകയും അവരെ ഫല പ്രാപ്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നതിലേക്കു നയിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ്.

റിസ്ക് ഇന്‍ഫോര്‍മഡ് മാസ്റ്റര്‍ പ്ലാന്‍ (RIMP)

എല്ലാ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കേണ്ടതായിട്ടുണ്ട്. മാസ്റ്റര്‍ പ്ലാനുകളില്‍ അപകടസാധ്യത സംബന്ധിച്ച വിവരങ്ങളും അപകട സാധ്യത ലഘൂകരിക്കുന്നതിനായുള്ള പദ്ധതി ആസൂത്രണവും ഉള്‍പ്പെടുത്തുക എന്നതാണ് റിബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെ (RKI) ഒരു പ്രധാന ഇടപെടല്‍. കാലാവസ്ഥാ ക്രമങ്ങള്‍, പ്രത്യേക ദുരന്ത സാധ്യതകളായ വെള്ളപ്പൊക്കത്തിന്‍റെ  വ്യാപ്തി, ഉരുള്‍പൊട്ടല്‍ സാധ്യത, വരള്‍ച്ച, മനുഷ്യ-മൃഗ സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ സ്ഥലസംബന്ധിയായ വിവരങ്ങളും അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ സ്ഥിതി, വികസനത്തിനുള്ള സാധ്യത, ഹരിതവല്‍ക്കരണ ആവശ്യകതകളും അവസരങ്ങളും, ജലസംരക്ഷണം തുടങ്ങിയ വിവരങ്ങള്‍ ഒരു നഗര തദ്ദേശ സ്ഥാപനത്തിന്‍റെ ഭൂപടത്തിന്മേല്‍ ക്രമീകരിക്കുകയാണെങ്കില്‍ അത് കാലാകാലങ്ങളില്‍ കാലാവസ്ഥാ അനുകൂല വികസനത്തിന് മുന്‍ഗണന നല്‍കുന്ന മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് സഹായകമാണ് . ഇത്തരത്തില്‍ മേഖല തിരിക്കുന്നതില്‍ ഒരു നിയന്ത്രണമേര്‍പ്പെടുത്തുന്നു എന്നതിലുപരി, തന്ത്രപരവും സുസ്ഥിരവുമായ വളര്‍ച്ചയ്ക്കുള്ള ഉപകരണമായി മാസ്റ്റര്‍ പ്ലാന്‍ മാറുന്നു.  അപകട സാധ്യതയെ കുറിച്ച് വ്യക്തമായ വിവരം നല്‍കുന്ന മാസ്റ്റര്‍ പ്ലാനിന്‍റെ ഉള്ളടക്കം, തയ്യാറാക്കല്‍ പ്രക്രിയ എന്നിവ സംബന്ധിച്ച് വ്യക്തമായ ചട്ടക്കൂട് തയ്യാറാക്കിയിട്ടുള്ളതും ആയതു നിലവില്‍ പമ്പാ നദീതട പ്രദേശത്തെ നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗിച്ചുവരുന്നുമുണ്ട്.

അര്‍ബന്‍ ഒബ്സെര്‍വേറ്ററി

2018-ലെയും 2019-ലെയും വെള്ളപ്പൊക്കം ഉയര്‍ത്തിയ വെല്ലുവിളികള്‍ നഗരാസൂത്രണത്തിലും സ്ഥലാധിഷ്ഠിത വികസനത്തിലും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഗണ്യമായ നിക്ഷേപത്തിന് പ്രചോദനമായി.  പ്രാദേശിക തലത്തിലുള്ള അപകട സാധ്യതകള്‍  കൈകാര്യം ചെയ്യുന്നതിലും, വെല്ലുവിളികളെയും തടസ്സങ്ങളെയും ഫലപ്രദമായ വിധത്തില്‍ പ്രതിരോധിക്കുന്നതും  പരിതഃസ്ഥിതികളോട് ഇണങ്ങുന്നതുമായ പദ്ധതികളുടെ രൂപീകരണത്തിനുമുള്ള  ഞങ്ങളുടെ പ്രതിബദ്ധത റിസ്ക്-ഇന്‍ഫോര്‍മഡ് മാസ്റ്റര്‍ പ്ലാനുകള്‍ (RiMP) , നിര്‍ദിഷ്ട സംസ്ഥാന നഗര നയം (2023-ലെ സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്), സ്റ്റേറ്റ് അര്‍ബന്‍ ഒബ്സെര്‍വേറ്ററി സ്ഥാപിക്കല്‍ എന്നിവയില്‍ കലാശിച്ചു.  എല്ലാ പ്രധാന നഗര സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കും നഗര പ്രദേശങ്ങളുടെ ആസൂത്രണം, നിര്‍വ്വഹണം, ഭരണസംവിധാനം, വികസനം എന്നിവക്കുമായി ഉയര്‍ന്ന നിലവാരമുള്ള ഇന്‍പുട്ട് അധിഷ്ഠിതവും എളുപ്പം ഫലം കാണിക്കുന്ന വിധത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് ‘അര്‍ബന്‍ ഒബ്സെര്‍വേറ്ററി’ നടപ്പിലാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.