ഐഎസ്ഒ (ISO) സര്‍ട്ടിഫിക്കേഷന്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍റെ (കില) പിന്തുണയോടെയുള്ള ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്‍റ് സൊല്യൂഷനുകള്‍ കൃത്യതയോടെ നടപ്പിലാക്കുന്നതിലൂടെ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സേവന വിതരണ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. അപേക്ഷാ സമര്‍പ്പണത്തിലെ കൃത്യത, ഫയലുകളില്‍ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ വേഗത, വിവരാവകാശ അപേക്ഷ (RTI)കൾക്ക് മറുപടി നല്‍കുന്നതിനുള്ള സമയം, റെക്കോര്‍ഡുകള്‍ വീണ്ടെടുക്കുന്നതിനുള്ള സമയ ദൈര്‍ഘ്യം തുടങ്ങിയവ മെച്ചപ്പെടുത്തിക്കൊണ്ട്, പ്രാദേശിക സര്‍ക്കാരുകള്‍ നല്‍കുന്ന സേവന വിതരണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം. സെര്‍ട്ടിഫിക്കേഷന്‍റെ ഭാഗമായ ഓഡിറ്റ് പ്രക്രിയയുടെ ഗതി നിയന്ത്രണം, ഓഡിറ്റിനായുള്ള സന്നദ്ധതയും തയ്യാറെടുപ്പുകളും നടത്തുന്നതിന് സഹായിക്കുക തുടങ്ങിയവയില്‍ കില സഹായം നല്‍കി വരുന്നു. സെര്‍ട്ടിഫിക്കേഷനുള്ള യോഗ്യത ഉറപ്പു വരുത്തുന്നതിനായി പ്രാദേശിക സര്‍ക്കാരുകളുടെ ഓഫീസ് സംവിധാനങ്ങള്‍, ഫ്രണ്ട് ഓഫീസ് പരിപാലനം, റെക്കോര്‍ഡ് റൂമുകള്‍ തുടങ്ങിയവ നവീകരിക്കേണ്ടതാണ്. ഇതിനുപുറമെ, ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, സ്ഥാപനങ്ങളെ അവരുടെ സര്‍ട്ടിഫിക്കേഷന്‍ നിലനിലനിര്‍ത്തുന്നതിനുള്ള തുടര്‍ നിരീക്ഷണ ഓഡിറ്റുകളിലും കില സഹായം നല്‍കുന്നു. ഈ ഓഡിറ്റുകള്‍ക്കു പുറമെ, തുടര്‍ച്ചയായ പുരോഗതിയും ഗുണ നിലവാര പരിപാലന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും, സ്ഥാപനങ്ങള്‍ അവരുടെ സര്‍ട്ടിഫിക്കേഷനുകള്‍ക്കനുസൃതവും കാലികവുമായ നിലയിലാണെന്ന് ഉറപ്പാക്കുന്നതിനുമായി നടത്തുന്ന തുടര്‍ പരിശോധനകളിലും അവലോകന പ്രവര്‍ത്തനങ്ങളിലും കില ഏര്‍പ്പെട്ടുവരുന്നു. സംസ്ഥാനത്തെ എല്ലാ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും അഭിമാനകരമായ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ ഒരു നോഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കില, ഈ മേഖലയിലെ അതിന്‍റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിക്കൊണ്ട്, കര്‍ണാടക, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക സര്‍ക്കാരുകളെ ISO സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് സഹായിച്ചുവരുന്നു.