കുടുംബശ്രീ
കേരളത്തിന്‍റെ വികേന്ദ്രീകൃത മാലിന്യ പരിപാലനത്തിന്‍റെ മൂലക്കല്ലായ ഹരിതകര്‍മ്മസേനയെ കുടുംബശ്രീയില്‍ സംയോജിപ്പിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാലിന്യമുക്തം നവകേരളം പ്രചരണപരിപാടിയില്‍ കുടുംബശ്രീയുടെ സുപ്രധാന പങ്ക് അടിവരയിടുന്നു. ഹരിതകര്‍മ്മസേനയെ സ്ഥിരതയുള്ളതും വിശ്വാസ്യതയുള്ളതും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഒരു വാണിജ്യമുദ്രയായി മാറ്റുന്നതില്‍ കുടുംബശ്രീ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സമീപനം സംസ്ഥാനമൊട്ടാകെ സുസ്ഥിരമായ മാലിന്യശേഖരണവും പരിപാലനവും സാധ്യമാക്കുന്നു. മാലിന്യപരിപാലനത്തിലൂടെ ആദായമുണ്ടാക്കുന്ന പരാമവധി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അതുവഴി പ്രാദേശിക സമ്പദ് ഘടനയ്ക്ക് സംഭാവന നല്‍കാനും അരികുവല്‍ക്കരിക്കപ്പെട്ടവരേയും സ്ത്രീകളേയും ശാക്തീകരിക്കുന്നതിനും കുടുംബശ്രീക്ക് കഴിഞ്ഞു. മാലിന്യപരിപാലനത്തിനു പുറമേ പ്ലാസ്റ്റിക്കിന് പകരമുള്ള വസ്തുക്കളുടെ പ്രോത്സാഹനം, ഇ-മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് അവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ ആരംഭിക്കുക എന്നതും കുടുംബശ്രീ നടത്തുന്ന സംരഭങ്ങളാണ്. സമൂഹത്തിന്‍റെ സമീപനത്തില്‍ മാറ്റം വരുത്തുന്നതിന് അയല്‍ക്കൂട്ടങ്ങള്‍ വഴിയുള്ള പ്രചരണപരിപാടികളും കുടുംബശ്രീ നടത്തുന്നുണ്ട്. ഓരോ വീടുകളിലുമുള്ള ജൈവഅജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി പരിപാലിക്കുന്നതിനും അയല്‍സമൂഹങ്ങളെ ഹരിതസമൂഹമായി മാറ്റുന്നതിനും കുടുംബശ്രീ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.