സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമം)
വികസന പ്രവര്‍ത്തനങ്ങളില്‍ ഒരു നാഴികക്കല്ലായി നിലകൊള്ളുന്ന, 2014-ല്‍ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്‍ (എസ്ബിഎം), തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജന വിമുക്ത ഇന്ത്യ എന്ന പ്രാഥമിക ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. 2016 നവംബറില്‍ കേരളം തുറസ്സായ മലമൂത്ര വിസര്‍ജ്ജന രഹിത (ഒഡിഎഫ്) പദവി നേടിയെടുത്തു. സംസ്ഥാനത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്ബിഎം (ജി) പദ്ധതിയുടെ രണ്ടാം ഘട്ടം, ഒഡിഎഫ് പദവി നിലനിര്‍ത്തുന്നതിനും ഗ്രാമപ്രദേശങ്ങളിലെ ഖര-ദ്രവ മാലിന്യ സംസ്കരണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ കാലാവധി 2024ڊ25 വരെയാണ്.
പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്, MGNREGS, MP/MLA ഫണ്ട്, CSR ഫണ്ടിംഗ് തുടങ്ങിയ മറ്റ് ഫണ്ടിംഗ് സ്രോതസ്സുകള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ എസ് ബി എമ്മിന്‍റെ വിഹിതം 60:40 എന്ന അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്നതാണ്. പദ്ധതിയില്‍ ശുചിത്വ മിഷന്‍ നോഡല്‍ ഏജന്‍സിയും തദ്ദേശ ഭരണകൂടം നിര്‍വ്വഹണ സ്ഥാപനങ്ങളുമായിരിക്കും. വീടുതോറുമുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണം ഉറപ്പാക്കുക, മാലിന്യം തരം തിരിക്കല്‍, സംസ്കരണം, പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയവ ഉള്‍പ്പെടെ ജൈവ, അജൈവ മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിന് കേരളം മുന്‍ഗണന നല്‍കുന്നു.
ദ്രവ മാലിന്യ സംസ്കരണം കൂടി സ്വച്ഛ് ഭാരത് മിഷന്‍റെ ശ്രദ്ധയിലിപ്പോള്‍ ഉള്‍പ്പെടുന്നു. എസ്ബിഎം – ജിയുടെ വിഭവ സ്രോതസ്സുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ക്ലസ്റ്ററുകള്‍ കണ്ടെത്തുന്നതിനും ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ് മെന്‍റ് പ്ലാന്‍റുകള്‍ (FSTP) സ്ഥാപിക്കുന്നതിനും അതുവഴിയായി ഈ സേവനം സംസ്ഥാനം മുഴുവനും എത്തിക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നുകൊണ്ട് സാമൂഹ്യാധിഷ്ഠിത സോക് പിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനം നടത്തിയ ഇടപെടലുകളുടെ ഫലമായി, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സി പി സി ബി), മലിനീകരിക്കപ്പെട്ട നദികളുടെ പട്ടികയില്‍ നിന്നും ഇവിടുത്തെ ചില നദികളെ, ഒഴിവാക്കിയിട്ടുണ്ട്.