ജനകീയാസൂത്രണം - തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണം
ജനപങ്കാളിത്തത്തോടെ പ്രാദേശിക പദ്ധതി തയ്യാറാക്കുന്നതിനും നിര്‍വ്വഹിക്കുന്നതിനുമായി, കേരളം ഒരു പ്രത്യേകമായ ചട്ടക്കൂട് തയ്യാറാക്കിയിട്ടുണ്ട്. വികേന്ദ്രീകൃത പദ്ധതി ആസൂത്രണ പ്രക്രിയയിലേക്കു ജനങ്ങളെ എത്തിക്കുന്നതിനുള്ള അതിവിപുലമായ സംഘടിത ശ്രമത്തോടെ ആരംഭിച്ച ഈ പരിപാടി, അതില്‍ നിന്നും നേടിയ അനുഭവജ്ഞാനത്തിലൂടെയും ആവര്‍ത്തനങ്ങളിലൂടെയും ഭേദഗതി വരുത്തുകയും കൂടുതല്‍ വ്യക്തത വരുത്തുകയും ചെയ്തതിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ന്‍റെ കീഴിലുള്ള ഡിജിറ്റല്‍ സംവിധാനം, ജില്ലാ ആസൂത്രണ സമിതി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ശക്തമായ സാമൂഹ്യ കൂട്ടായ്മയായ കുടുംബശ്രീ തുടങ്ങിയ സഹായ സംവിധാനങ്ങള്‍ എന്നിവ ഇത്തരമൊരു ഉദ്യമത്തിന്‍റെ അനന്തരഫലമായി ഉരുത്തിരിഞ്ഞു വന്നതാണ്.
തെരെഞ്ഞെടുത്ത ജനപ്രതിനിധികള്‍ നേതൃത്വം നല്‍കുകയും പദ്ധതി ആശയങ്ങള്‍ അവതരിപ്പിക്കുന്ന തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിപ്പുകാരുമായിട്ടുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, ആവശ്യങ്ങള്‍ കണ്ടെത്തുകയും പദ്ധതി ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഗ്രാമ / വാര്‍ഡ് സഭകള്‍, അതെ തുടര്‍ന്ന് വിവിധ മേഖലകള്‍ ഉള്‍പ്പെടുന്ന പദ്ധതിയുടെ അന്തിമ കരട് രൂപം തയ്യാറാക്കുന്നതിനായുള്ള വികസന സെമിനാറുകള്‍ തുടങ്ങി വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി രൂപീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത് തദ്ദേശ സ്വയം ഭരണ വകുപ്പ് കൗണ്‍സിലും, ഈ ആവശ്യത്തിലേക്കായി രൂപീകരിക്കുന്ന ആസൂത്രണ സമിതിയും ചേര്‍ന്നാണ്. എല്ലാ പദ്ധതികളും സുലേഖ സോഫ്ട്വെയറില്‍ രേഖപ്പെടുത്തുകയും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യുന്നു. പ്രോജക്ടുകളുടെ സാങ്കേതികവശങ്ങള്‍ സംബന്ധിച്ച സൂക്ഷ്മ പരിശോധനക്കായി പ്രത്യേക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഓരോ പ്രോജക്ടിന്‍റെയും സ്വഭാവവും, കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങളില്‍ ലഭ്യമായ മാനവ വിഭവ ശേഷിയും കൂടി കണക്കിലെടുത്താണ് നിര്‍വ്വഹണ ഉദ്യോഗസ്ഥരെ തീരുമാനിക്കുന്നത്. വികസന ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി മാറ്റംവരുത്താനുതകുന്ന പഞ്ചവത്സര പദ്ധതിയുടെയോ വാര്‍ഷിക പദ്ധതിയുടെയോ ചട്ടക്കൂടിനുള്ളില്‍പ്പെടുത്തിയാണ് ഈ പദ്ധതികള്‍ തയ്യാറാക്കുന്നത്.