രാഷ്ട്ര നിര്‍മാണപ്രവര്‍ത്തനങ്ങളിലും ഗ്രാമവികസനത്തിലും അതീവതല്‍പ്പരരും അതില്‍കൂടുതല്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്കായി ഒരു മികച്ച ഇന്‍റേണ്‍ഷിപ് പരിപാടി, കേരള സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കി വരുന്നു. ഈ ഇന്‍റേണ്‍ഷിപ്പിലൂടെ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായി അടുത്തു സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും പൊതുപ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യം നേടുന്നതിനുള്ള അതുല്യമായ അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് കൈവരുന്നു.

പൊതു സേവനം, സാമൂഹ്യ പ്രവര്‍ത്തനം, നയ രൂപീകരണം, പൊതുജനാരോഗ്യം, നഗരാസൂത്രണം, പാരിസ്ഥിതിക സുസ്ഥിരത, സാമൂഹ്യ പ്രചരണ പ്രവര്‍ത്തനങ്ങള്‍, ലാഭേച്ഛയില്ലാത്ത സംരംഭം, അന്തര്‍ദേശീയ വികസനം, മനുഷ്യാവകാശം, പൊതുഭരണം, ധനകാര്യം, ദുരന്ത പരിപാലനം, സാമൂഹ്യ നീതി തുടങ്ങിയ വിഷയങ്ങള്‍ തങ്ങളുടെ തൊഴില്‍ മേഖലയായി തെരെഞ്ഞെടുക്കാന്‍ തല്പരരായ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഈ പരിശീലനം അനുയോജ്യമായിരിക്കും. പദ്ധതികളുടെ പ്രായോഗികതലത്തില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നതിലൂടെ പ്രാദേശിക ഭരണം സംബന്ധിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനും, വിവിധ ഗ്രാമ വികസന പദ്ധതികളില്‍ പങ്കെടുക്കുന്നതിനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും, വിവര വിശകലനങ്ങള്‍ക്കും ഈ പരിശീലനം സഹായകമാണ്. ഇതിനു പുറമെ പ്രാദേശിക ജനപ്രതിനിധികളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ഇടപഴകുന്നതിനും യോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നതിനും ജനാധിപത്യവും നയരൂപീകരണവും നേരിട്ട് കാണുന്നതിനും ഇത് അവസരം നല്‍കുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാകുന്നതോടെ പരിശീനാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വ്യക്തിവിവരണ രേഖ (Resume) കൂടുതല്‍ മെച്ചപ്പെടുത്താനാവുന്നതും പൊതുസേവന രംഗത്ത് തങ്ങള്‍ക്കുള്ള പ്രതിബദ്ധത തെളിയിക്കാവുന്നതുമായ വിധത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്നും കരസ്ഥമാക്കാവുന്നതുമാണ്. ഇത്തരം വിലമതിക്കാനാവാത്ത അനുഭവങ്ങള്‍, തൃപ്തികരമാം വിധത്തിലുള്ള ഒരു തൊഴില്‍ മേഖലക്കായുള്ള പാത തെളിക്കുന്നതിനു പരിശീനാര്‍ത്ഥികളെ പാകപ്പെടുത്തുകയും അവശ്യം വേണ്ടതായ നൈപുണ്യങ്ങളും ഉള്‍ക്കാഴ്ചയും നേടിയടുക്കുന്നതിന് സജ്ജരാക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കുന്നതില്‍ തല്പരരായിട്ടുള്ളവര്‍ക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിന്‍റെ ഇന്‍റേണ്‍ഷിപ് പരിപാടിയിലേക്ക് അപേക്ഷിക്കാവുന്നതും അതുവഴി സാമൂഹീക മാറ്റത്തിന്‍റെ ചങ്ങാതിയാവാനുള്ള ആദ്യ ചുവടു വയ്ക്കാവുന്നതുമാണ്.