അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി (AUEGS)
വൈദഗ്ധ്യമില്ലാത്ത കൈവേല ചെയ്യാന്‍ തയ്യാറുള്ള നഗരത്തിലെ ഓരോ വീട്ടിലുമുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് 100 ദിവസത്തെയെങ്കിലും തൊഴില്‍ നല്‍കി അവരുടെ ഉപജീവന സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ശാശ്വതമായ സാമൂഹ്യ ആസ്തി സൃഷ്ടിക്കുന്നതിനും നഗത്തിലുള്ള ദരിദ്രരുടെ ഉപജീവന വിഭവസ്രോതസ്സുകള്‍ ബലപ്പെടുത്തുക എന്നതും പദ്ധതിയുടെ കീഴില്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന ലക്ഷ്യങ്ങളാണ്. ഈ പദ്ധതിയുടെ ഘടന രൂപീകരിക്കപ്പെട്ടിരിക്കുന്നത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ അതേ രീതിയിലാണ്. ഇതിന്‍റെ ഗുണഭോക്താക്കള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും തൊഴില്‍ ആവശ്യപ്പെടുന്നവരുമായ 50% വനിതകള്‍ക്കായിരിക്കണമെന്ന രീതിയിലാണ് പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി ആവാസ് യോജന, ലൈഫ്മിഷന്‍ എന്നിവയുടെ ഈ പദ്ധതിയുമായുള്ള ഒത്തുചേരല്‍ ഉറപ്പുവരുത്തുന്നുണ്ട് . ക്ഷീരോല്പാദനത്തിനായി കന്നുകാലി വളര്‍ത്തലും ക്ഷീരകൃഷിയും പദ്ധതിയിന്‍ കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. പരമാവധി തൊഴില്‍ദിനങ്ങളും പദ്ധതിയുടെ നിര്‍വ്വഹണവും അനായാസമാക്കുന്നതിന് ചെറിയ മെഷീനുകളും അത്യാവശ്യമായ പണി ആയുധങ്ങളും ഈ പദ്ധതിയില്‍പ്പെടുത്തി നല്‍കാവുന്നതാണ്. ജലസംരക്ഷണം, ഭവനവികസനം, കാര്‍ഷികസംബന്ധമായ ജോലികള്‍, ഖരമാലിന്യ പരിപാലനം, നഗരവനവല്‍ക്കരണം, കാര്‍ബണ്‍ ന്യൂട്രാലിറ്റിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുക്കാവുന്നതാണ്. ഓടകളും തെരുവുകളും പതിവായി വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്താവുന്നതാണ്. നഗരതദ്ദേശസ്ഥാപനങ്ങളുടെ പരിപാടികളുമായി ചേര്‍ന്ന് ഈ പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാവുന്നതാണ്.