അധികാരവിഭജനത്തിന്‍റെ തത്വം: അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിന് സെന്‍ കമ്മിറ്റി

ഭരണഘടനയുടെ 73-ാം വകുപ്പിലും 74-ാം വകുപ്പിലും വരുത്തിയ ഭേദഗതികള്‍ക്കു മുമ്പു തന്നെ ജനകീയാസൂത്രണ പരിപാടിയിലൂടെ ഒരു പുതിയ വികസന പരിപ്രേക്ഷ്യം കേരളത്തില്‍ ആരംഭിച്ചിരുന്നു. ശാക്തീകരിക്കപ്പെട്ട പ്രാദേശിക ഭരണസംവിധാനത്തിലേക്ക് ഇരുട്ടില്‍ നിന്നൊരു കുതിച്ചുചാട്ടമായിരുന്നു ജനകീയാസൂത്രണം. പ്രാദേശികഭരണരംഗം ദ്രുതഗതിയില്‍ മാറ്റിമറിച്ച ഒന്നാണ് ജനകീയാസൂത്രണ പരിപാടി. 

 1996ല്‍ അധികാരമേറ്റ സര്‍ക്കാരിന്‍റെ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ച തീരുമാനങ്ങളിലൊന്നായിരുന്നു പ്ലാന്‍ ഫണ്ടിന്‍റെ 35% തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി എന്നതും 1994ലെ പഞ്ചായത്ത്രാജ് മുന്‍സിപ്പാലിറ്റീസ് ആക്ടുകള്‍ ഉടച്ചുവാര്‍ക്കുന്നതിനായും ശുപാര്‍ശകള്‍ സമര്‍പ്പിക്കുവാനുമായി ഒരു കമ്മിറ്റിയെ നിയോഗിച്ചതും. പ്രാദേശികഭരണത്തില്‍ ജനപങ്കാളിത്തം കൊണ്ടുവന്ന് അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയായിരുന്നു ലക്ഷ്യം. 

1996-ല്‍ ഡോ. സത്യബ്രത് സെൻ അദ്ധ്യക്ഷനായ കമ്മിറ്റി കേരളത്തിലെ പ്രാദേശിക ഭരണസംവിധാനങ്ങളെ ശക്തിപ്പെടുത്തുവാനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയുണ്ടായി. അധികാര വിഭജനത്തിന് സെന്‍കമ്മിറ്റി അടിസ്ഥാനമാക്കിയത് മൂന്ന് Fs ആണ്. Funds (ഫണ്ടുകള്‍), Functions (ചുമതലകള്‍), Functionaries (ഭാരവാഹികള്‍) എന്നിവയാണവ. ഇത് പിന്നീട് രാജ്യത്തെ മുഴുവന്‍ അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളുടേയും ഒഴിവാക്കാനാകാത്ത സംജ്ഞയും പദവിയുമായി മാറി. സെന്‍കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അഭിസംബോധന ചെയ്യുന്ന വിഷയങ്ങള്‍ താഴെപ്പറയുന്നവയാണ്.

സ്വയംഭരണം (Autonomy)

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരിന്‍റെ മേല്‍നോട്ടം നിയമപരമായി ചട്ടങ്ങള്‍ അനുശാസിക്കുന്ന വിധത്തിലുള്ള അവശ്യം ചെയ്യേണ്ട കാര്യങ്ങളില്‍ പരിമിതപ്പെടുത്തണമെന്നായിരുന്നു. വികസനകാര്യങ്ങളില്‍ ദേശീയവും സംസ്ഥാന സംബന്ധവുമായ മുന്‍ഗണനാക്രമങ്ങളും പൊതുമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാത്രം നല്‍കി തീരുമാനങ്ങള്‍ സ്വന്തമായി എടുക്കുവാന്‍ സഹായിക്കുക.

സ്വയംഭരണത്തില്‍ മൂന്ന് അടിസ്ഥാനപ്രമാണങ്ങള്‍ ഉണ്ട്. 

(i ) നിര്‍വ്വഹണപരമായ സ്വയംഭരണം.  

(ii) സാമ്പത്തിക സ്വയംഭരണം

(iii) ഭരണപരമായ സ്വയംഭരണം  

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിഭവ സമാഹരണത്തിനാവശ്യമായ വിഭവങ്ങള്‍, ജീവനക്കാര്‍ ഭരണസംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും വ്യക്തമായ പ്രവര്‍ത്തന മേഖലയും ഏല്‍പ്പിച്ചുകൊടുക്കുകയും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുവാനും അവയുടെ നിര്‍വ്വഹണത്തിനും സഹായിക്കുക. സ്വയംഭരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രത്യേകിച്ച് പഞ്ചായത്തുകളെ ശ്രേണിപരമായി സംഘടിപ്പിക്കപ്പെട്ടവയായി കാണാന്‍ പാടില്ലാത്തതും മുകള്‍ത്തട്ടിലുള്ള ഒരു യൂണിറ്റ് താഴെയുള്ള യൂണിറ്റുകളെ നിയന്ത്രിക്കുന്ന രീതിയും പാടില്ല എന്നതാണ്. എന്നിരുന്നാലും സജീവമായ സഹകരണവും ഏകോപനവും പരസ്പരപൂരകത്വവും സംയോജനവും ആവശ്യമാണ്. ഇത് നേടിയെടുക്കുന്നതിന് ആവര്‍ത്തിച്ചുള്ള കൂടിയാലോചനകളും ഇത്തരം പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുവാന്‍ സജ്ജമായ സംവിധാനങ്ങളും ഉണ്ടായിരിക്കണം.

ഒരു പ്രത്യേക തലത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ മുകളിലെ തട്ടില്‍ ചെയ്യുന്നതിനെക്കാള്‍ ആ പ്രത്യേകതലത്തില്‍ തന്നെ ചെയ്യുക എന്നതാണ് ഈ തത്വം കൊണ്ടര്‍ത്ഥമാക്കുന്നത്. ഈ തത്വം പ്രയോഗിക്കുമ്പോള്‍ അധികാരങ്ങളും ചുമതലകളും കൈമാറ്റം ചെയ്യുന്ന പ്രക്രിയ ഗ്രാമസഭകളും വാര്‍ഡ്തല കമ്മിറ്റിയില്‍ നിന്നും ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍ വരെ പോകേണ്ടവയാണ്.

വികസന പ്രക്രിയയില്‍ ഓരോ തലത്തിലും താന്താങ്ങളുടെ പങ്കിനെക്കുറിച്ചുള്ള വ്യക്തമായ ധാരണയാണ് വികേന്ദ്രീകൃത വികസനത്തിന് ആവശ്യമായിട്ടുള്ളത്. ഓരോ വികസനമേഖലയിലും പ്രാദേശിക ഭരണകൂടത്തിന്‍റെ ഏത് തട്ടിനാണ് അവരുടെ പങ്കുവഹിക്കാന്‍ കഴിയുക എന്നതില്‍ ആശയപരമായും പ്രവര്‍ത്തനക്ഷമമായതുമായ വ്യക്തത ഉണ്ടായിരിക്കണം. അവരുടെ പങ്കിനെക്കുറിച്ച് ഉദ്യോഗസ്ഥന്മാരിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലേക്കുമാണ് ഈ വ്യക്തത എത്തിപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട മാനങ്ങള്‍ പ്രാദേശിക ഭരണത്തിന്‍റെ ഔപചാരികമായ ഭരണയൂണിറ്റിലേക്കും സമൂഹങ്ങളിലേക്കും അതിന്‍റെ പാരമ്പര്യഘടനയിലേക്കും സാങ്കേതികവും ഭരണപരവും മേഖലാധിഷ്ഠിതവുമായ ഭരണത്തിന്‍റെ വിവിധ കരങ്ങളിലേക്കും ചെന്നെത്തുന്നുണ്ട്.

ഇത് പങ്ക്-വ്യക്തതയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ചുമതലകള്‍ കവിഞ്ഞുകിടക്കുകയോ ആവര്‍ത്തിക്കുകയോ ചെയ്യാതെ തിരശ്ചീനമായ സംയോജന പ്രക്രിയയിലൂടെ പൂര്‍ണ്ണമായി ഐക്യം പ്രാപിക്കേണ്ടതാണ്. ഇത് അര്‍ത്ഥമാക്കുന്നത് മുകള്‍ത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂരകമാകുകയും ഒരു നിര്‍ദ്ദിഷ്ട തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്‍റെ എല്ലാ ഏജന്‍സികളും നടപ്പിലാക്കുന്ന പരിപാടികള്‍ പ്രാദേശികമായ ആവശ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുസരിച്ചുള്ളതും സംയോജിത പ്രാദേശിക പദ്ധതികളിലേക്ക് ഒത്തു ചേരുന്നവയുമായിരിക്കണം എന്നതാണ്.

ഒരു നിര്‍ദ്ദിഷ്ട തദ്ദേശസ്വയംഭരണ സ്ഥാപനം അവരുടെ അധികാര പരിധിയില്‍പ്പെടുന്ന സ്ഥലത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതികളിലും അത്തരം പരിപാടികള്‍ ആര് സ്പോണ്‍സര്‍ ചെയ്യുന്നുവെന്നത് കണക്കിലെടുക്കാതെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും സ്ഥലം തെരഞ്ഞെടുക്കുന്നതിലും മാനദണ്ഡങ്ങളും മുന്‍ഗണനാക്രമം നിര്‍ണ്ണയിക്കുന്നതിലും സഹായം നല്‍കുന്നതിലും എല്ലാം ഐകരൂപ്യം അനുവര്‍ത്തിക്കേണ്ടതാണ്.

വികസന പ്രക്രിയയില്‍ ഇതുവരെ അരികുവല്‍ക്കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തേണ്ടതാണ്. വികസന ആവശ്യങ്ങളെക്കുറിച്ചുള്ള ബോദ്ധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാനും ശാക്തീകരിക്കാനും സാദ്ധ്യമാകുന്ന വിധത്തില്‍ പങ്കാളിത്തം ചെന്നെത്തേണ്ടതാണ്. സുതാര്യവും പക്ഷപാതരഹിതവും സമൂഹത്തിലെ എല്ലാ പൗരന്മാര്‍ക്കും പ്രയോജനപ്രദമാകുന്നതുമായ വിധത്തില്‍ എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണമെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. 

പങ്കാളിത്ത ജനാധിപത്യം നടപ്പിലാക്കുന്നതിന് സ്ഥാപനഘടന പ്രദാനം ചെയ്യുന്നത് പ്രാദേശിക ഭരണകൂടങ്ങളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പരിഗണന കിട്ടാത്ത വിഭാഗമായ സ്ത്രീകള്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വികസന പ്രക്രിയയില്‍ വലിയതോതിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമാണ് ഈ വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആവശ്യങ്ങള്‍ തിരിച്ചറിയുന്നതില്‍, ഒരു പദ്ധതിയുടെ രൂപീകരണത്തില്‍, അതിന്‍റെ നിര്‍വ്വഹണത്തില്‍, പരിപാലനത്തില്‍ അവയുടെ പുരോഗതി നിരീക്ഷിക്കുന്നതില്‍ തുടങ്ങി അവലോകനഘട്ടം വരെ ജനപങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണ്. പ്രാദേശിക വിഭവങ്ങളുടെ സമാഹരണത്തിലും തീരുമാനമെടുക്കുന്ന പ്രക്രിയകളിലും സഹായിക്കുവാന്‍ അനുയോജ്യമായിട്ടുള്ളവയാണ് ഗ്രാമസഭകളും വാര്‍ഡ്തല സമിതികളും.

അവരുടെ അധികാരപരിധിയിന്‍ കീഴില്‍ വരുന്ന ജനങ്ങളോട് പ്രാദേശിക ഭരണകൂടങ്ങള്‍ ഉത്തരവാദപ്പെട്ടിരിക്കുന്നു. ജനങ്ങളോടുള്ള അവരുടെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ മാത്രമല്ല ഗ്രാമസഭകള്‍, വാര്‍ഡുതല സമിതികള്‍ തുടങ്ങിയ സാമൂഹ്യമാതൃകകളിലൂടെ ഭരണപങ്കാളിത്തം ഒരു ദൈനംദിന പ്രവര്‍ത്തനമായി മാറ്റുക എന്നതു കൂടിയാണ്. ജനങ്ങളുമായുള്ള സാമീപ്യം അവരുടെ ദൈനംദിന ആവശ്യങ്ങളോടുള്ള ആശങ്ക എന്നിവ പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദൃശ്യമാക്കുകയും അവ ചോദ്യം ചെയ്യപ്പെടാനും വിലയിരുത്തപ്പെടാനുമുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

സാമൂഹ്യസമവായത്തിന്‍റെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞു വന്ന മാനദണ്ഡങ്ങളേയും അളവുകോലുകളേയും അടിസ്ഥാനപ്പെടുത്തിയായിരിക്കണം എല്ലാ തീരുമാനങ്ങളും എന്നു മാത്രമല്ല ഓരോ തീരുമാനങ്ങളുടേയും യുക്തി പരസ്യമാക്കുകയും വേണം. ഒരു പദ്ധതി തെരഞ്ഞെടുക്കുന്നതിന് മുന്‍പ് തുക എങ്ങനെ ചെലവഴിക്കപ്പെടുന്നുവെന്നും പദ്ധതി പൂര്‍ത്തിയായ ശേഷം അതെങ്ങനെ ചെലവഴിച്ചുവെന്നും അറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടായിരിക്കണം. നടപടിക്രമങ്ങളുടേയും ഭരണത്തിന്‍റെ ഭാഷയുടേയും നിഗൂഢത ഇല്ലാതാക്കുകയും ജനസൗഹൃദമാക്കുകയും ചെയ്യുക.

സെന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കേരള പഞ്ചായത്തിരാജ് ആക്ടും മുനിസിപ്പാലിറ്റീസ് ആക്ടും 1999ല്‍ സമഗ്രമായി ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.